
അബൂജഹലിനെ തനിച്ചു കിട്ടിയപ്പോൾ അഖ്‌നസ് ചോദിച്ചു; “മുഹമ്മദ് നബിﷺയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ് ? കളവു പറയുന്ന വ്യക്തിയാണെന്ന വല്ല അഭിപ്രായവുമുണ്ടോ?”
“ഇല്ല, നമ്മൾ അൽ അമീനെന്നല്ലേ ആ വ്യക്തിയെ വിളിച്ചിരുന്നത്. പക്ഷേ, കൂടിയാലോചന, തീർഥാടകർക്കുള്ള ജലവിതരണം തുടങ്ങി മക്കയിലെ മുഴുവൻ കൈകാര്യങ്ങളുടേയും നേതൃത്വം മുത്വലിബ് സന്താനങ്ങൾക്കാണ്. പ്രവാചകത്വം കൂടി അവരിൽ നിന്നൊരാൾക്ക് വക വച്ചു കൊടുക്കാൻ മനസ്സില്ല. അതാണ് പ്രശ്‌നം. പിന്നെ നമുക്കെന്താണുള്ളത് ?”
അസൂയയും അധികാരമോഹവുമാണ് അബൂജഹലിനെ നയിക്കുന്നതെന്ന കാര്യം അഖ്‌നസിനും വ്യക്തമായി. അദ്ദേഹത്തിന്റെ പിൻവാങ്ങലിന് അതും കാരണമായി ഭവിച്ചു.
ഖുറൈശികൾ ബദ്റിലേക്കെത്തുന്നതിന് മുമ്പുണ്ടായ മറ്റൊരു രംഗം കൂടി നമുക്ക് വായിക്കാം.
അവർ ഗിഫാർ ഗോത്രത്തിന്റെ വാസസ്ഥലത്തിനടുത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പ്രമാണി ഈമാഉ ബിൻ റഹ്ള: എന്നയാൾ അദ്ദേഹത്തിന്റെ മകന്റെ പക്കൽ ഖുറൈശികൾക്ക് വേണ്ടി പത്ത് ഒട്ടകങ്ങൾ കൊടുത്തയച്ചു. എന്നിട്ട് പറഞ്ഞു, “നിങ്ങൾക്കിഷ്ടമാ ണെങ്കിൽ ആളും ആയുധവും നൽകി നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ സന്നദ്ധരാണ്. ഞങ്ങളുടെ കടമ ഞങ്ങൾ നിർവഹിക്കുകയും ചെയ്യാം “. ഖുറൈശികൾ ഇങ്ങനെയാണ് പ്രതികരിച്ചത് : “നിങ്ങൾ കുടുംബ ബന്ധം പുലർത്തുകയും കടമ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ദൈവമാണെ സത്യം! മുഹമ്മദി ﷺ നേയും സംഘത്തെയും നേരിടുന്നതിൽ ഞങ്ങൾക്ക് യാതൊരു കുറവും ഇല്ല. ഇനി മുഹമ്മദ് ﷺ പറയും പോലെ അല്ലാഹുവിനോടാണ് ഞങ്ങൾ യുദ്ധം ചെയ്യുന്നതെങ്കിൽ അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലല്ലോ!”
ഈ സംഭവത്തിന്റെ മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഈമാഇന്റെ മകൻ ഖിഫാഫ് പറയുന്നു ; “ജനങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുന്നത് എന്റെ ഉപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട കാര്യമായിരുന്നു. ഖുറൈശികൾ ബദ്റിലേക്ക് കടന്നു പോകുമ്പോൾ അവർക്ക് നൽകാൻ വേണ്ടി പത്ത് ഒട്ടകങ്ങളെയും ഏൽപ്പിച്ച് എന്നെ അവരുടെ അടുത്തേക്കയച്ചു. ഞാൻ അവയെ തെളിച്ചുകൊണ്ട് പുറപ്പെട്ടപ്പോൾ ഉപ്പയും ഒപ്പം വന്നു. ഞാൻ ഒട്ടകങ്ങളെ സംഘത്തെ ഏൽപ്പിച്ചു. അവർ അവയെ ഗോത്രങ്ങൾക്കിടയിൽ വിതരണം ചെയ്തു. ശേഷം, അവരുടെ നേതാവായ ഉത്ബയുടെ അരികിൽച്ചെന്ന് ഉപ്പ ചോദിച്ചു. ‘അല്ല, അബുൽവലീദേ , ഇതെന്തു യാത്രയാണ്?’
‘എനിക്കറിയില്ല, പടച്ചവൻ സത്യം! ഞാൻ പരാജിതനാണ് ‘. അയാൾ മറുപടി പറഞ്ഞു. അപ്പോൾ ഉപ്പ ചോദിച്ചു. ‘നിങ്ങൾ ജനങ്ങളുടെ നേതാവല്ലേ?അവരെയും കൂട്ടി അങ്ങ് തിരിച്ചു പോയിക്കൂടെ. അതിനെന്താണ് തടസ്സം. നിങ്ങളുടെ സഖ്യകക്ഷി അംറു ബിനുൽ ഹള്റമിയുടെ ബ്ലഡ് മണി നിങ്ങൾ ഏറ്റെടുക്കുക. മുസ്‌ലിംകൾ ബത്വന് നഖ്ലിൽ വച്ച് പിടിച്ചെടുത്ത ഒട്ടകങ്ങളുടെ ഉത്തരവാദിത്തവും നിങ്ങൾ ഏറ്റെടുക്കുക. ഇപ്പോൾ മുഹമ്മദി ﷺ ൽ നിങ്ങൾക്ക് ലഭിക്കേണ്ടത് ഇവയല്ലെയേ ഉള്ളൂ. അല്ലാഹു സത്യം! അബുൽ വലീദ് മുഹമ്മദി ﷺ നെയും സംഘത്തെയും വധിക്കുക എന്നു വച്ചാൽ നാം നമ്മെത്തന്നെ വധിക്കുന്നുവെന്നാണർത്ഥം.”
ഈമാഇന്റെ ഈ ഇടപെടലിനെക്കുറിച്ച് ചരിത്രപരമായ വേറിട്ടവായനകൾ ഉണ്ട്. കാരണം, അദ്ദേഹം നേരത്തേ തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്നും അല്ല, ഖുറൈശീ പക്ഷത്ത് ബദ്റിൽ സംബന്ധിച്ചിരുന്നുവെന്നും അഭിപ്രായങ്ങൾ ഉണ്ട്.
ഏതായാലും ഇസ്‌ലാമിന്റെ ശത്രുപക്ഷത്ത് ബദ്റിലേക്കുള്ള യാത്രയിൽ ഏകമനസ്സും ഏകാഭിപ്രായവും രൂപപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലയെന്ന് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധത്തിലേക്കടുക്കും തോറും പലരുടെയും മനോഗതികൾക്ക് ഇളക്കം സംഭവിച്ചു. ആഭ്യന്തരമായ പൊരുത്തക്കേടുകൾ വളർന്നു വന്നു. പലരേയും ഒരുൾഭയം പിടി കൂടുകയും ചെയ്തിരുന്നു.
സംഘം പിന്നെയും മുന്നോട്ട് നീങ്ങി. അഹങ്കാരികളായ മുൻനിര നേതാക്കൾ പെരുമ്പറ മുഴക്കി. അഭിശപ്തനായ പിശാച് സഖ്യകക്ഷി ചമഞ്ഞ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു : ”ഞാൻ നിങ്ങൾക്കൊപ്പമുണ്ട് . നിങ്ങളെ പരാജയപ്പെടുത്താൻ ആർക്കും സാധ്യമല്ല.” എന്നയാൾ വിളിച്ചുപറഞ്ഞു.
