
കൃത്യമായ ഒരു കരുനീക്കത്തിന് മുത്ത് നബി ﷺ ആലോചിച്ചു. ഉശൈറ നയനീക്കത്തിൽ കൈവിട്ടു പോയ കച്ചവട സംഘം സിറിയയിൽ നിന്ന് മടങ്ങിവരാനുള്ള സമയം കാത്തിരുന്നു. ഖുറൈശികളുടെ സ്വത്തുമായി ശാമിലേക്ക് വ്യാപാരത്തിന് പോകുന്നവരെ തടയാനായിരുന്നു ഉശൈറ സംഘം ലക്ഷ്യം വച്ചിരുന്നത്. പക്ഷേ, അവർ വിദഗ്ധമായി കടന്നു പോയിരുന്നു. ഇനിയവർ മക്കയിലേക്കുള്ള ചരക്കുകളുമായി തിരികെ വരും. ഏതായാലും അവരെത്തടഞ്ഞേ തീരൂ. പ്രസ്തുത സംഘത്തിന്റെ നീക്കങ്ങൾ സസൂഷ്മം നിരീക്ഷിക്കാൻ രണ്ടു ചാരന്മാരെ നിയോഗിച്ചു. ബസ് ബസതു ബിനു അംറ് അൽ ജുഹനി (റ), അദിയ്യ് ബിൻ അബുസ്സഅബാഅ് (റ) എന്നിവരായിരുന്നു ആ രണ്ടു പേർ. ആയിരം ഒട്ടകങ്ങളും അവകൾ വഹിക്കുന്ന ചരക്കുകളുമാണ് കടന്നുവരുന്നത്. നാൽപ്പത് മുതൽ എഴുപത് വരെ ആളുകൾ സുരക്ഷയ്ക്കായി കൂടെ സഞ്ചരിക്കുന്നുണ്ട്. അബൂസുഫിയാൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അംറുബിനുൽ ആസ്വ് , മഖ്റുമതു ബിനു നൗഫൽ എന്നീ പ്രമുഖരുമുണ്ട് തുടങ്ങിയ വിവരങ്ങൾ ചാരന്മാർ നബി ﷺ ക്ക് എത്തിച്ചു കൊടുത്തു.
നബി ﷺ അനുയായികളോട് സംവദിച്ചു. ഖുറൈശീ സംഘത്തിന്റെ മടക്കയാത്രയിൽ അവരെ തടയുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ അവരോട് പങ്കുവച്ചു. അവരെ തടയുക വഴി നമ്മുടെ സ്വത്ത് മക്കയിൽ തടഞ്ഞു വച്ചതിനു പകരം അവരുടെ സ്വത്ത് പിടിച്ചടക്കാനായേക്കാം എന്ന ആശയം കൂടി ചേർത്തു പറഞ്ഞു. കേവലം ഒരു കച്ചവട സംഘത്തെത്തടയുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടതിനാൽ ഒരു സൈനിക സംവിധാനമോ മറ്റോ നബി ﷺ ഒരുക്കിയില്ല. വാഹനം റെഡിയുള്ളവർ മാത്രം പുറപ്പെടാൻ ആവശ്യപ്പെട്ടു. വാഹനം അകലെയുള്ളവർക്ക് അതെത്തുന്നത് വരെ സാവകാശം നൽകി. മറ്റിളവുകൾ ആവശ്യമുളളവർക്ക് അവയും അനുവദിച്ചു.
മുസ്‌ലിം സംഘം പുറപ്പെട്ടു. പലായനത്തിന്റെ രണ്ടാം വർഷം റമളാൻ എട്ടിനും പന്ത്രണ്ടിനുമിടയിലായിരുന്നു അത്. മദീനയിൽ നിന്ന് ഒരു മൈലകലെ ബിഅ്റു അബീ അതബ: എന്ന കിണറ്റിനടുത്ത് വച്ച് നബി ﷺ അനുയായികളെ എണ്ണിത്തിട്ടപ്പെടുത്തി. വേണ്ടി വന്നാൽ ഒരു പ്രതിരോധത്തിന് പറ്റാത്തവരെയും ദീർഘദൂരയാത്ര പ്രയാസമാകുന്നവരെയും അവിടെ നിന്ന് തിരിച്ചയച്ചു. റാഫിഉ ബിൻ ഖദീജ് (റ), അബ്ദുല്ലാഹിബിനു ഉസാമത് ബിൻ സൈദ് (റ), ഉസൈദ് ബിൻ ഹുളൈർ (റ), ബറാഅ ബിൻ ആസിബ് (റ), സൈദ് ബിൻ സാബിത് (റ), സൈദ് ബിൻ അർഖം (റ) തുടങ്ങിയവർ തിരിച്ചയയ്ക്കപ്പെട്ടവരിലുൾപ്പെടുന്നു. പതിനഞ്ചോ പതിനാറോ വയസ്സ് മാത്രം പ്രായമുള്ള ഉമൈർ ബിൻ അബീ വഖാസ് (റ) മടങ്ങിപ്പോകാൻ മനസ്സനുവദിക്കാതെ പൊട്ടിക്കരഞ്ഞു. അവസാനം നബി ﷺ അദ്ദേഹത്തിന് സമ്മതം നൽകി.
നബി ﷺ മദീനയിൽ ഒരു പട്ടാളത്തെ പാകപ്പെടുത്തുകയോ സൈന്യത്തെ സജ്ജീകരിക്കുകയോ ചെയ്തില്ല. മദീനയിലെ ആദ്യനാളുകൾ പൂർണമായും ആത്മീയ സജ്ജീകരണത്തിനും സാഹോദര്യ സംസ്ഥാപനത്തിനുമാണ് മുത്ത് നബി ﷺ ഉപയോഗപ്പെടുത്തിയത്.
നയതന്ത്ര നീക്കങ്ങൾക്കായി നബി ﷺ ആവശ്യപ്പെട്ടപ്പോൾ മുത്ത് നബി ﷺ യോടുള്ള അനുസരണയും ഉത്തമമായ വിശ്വാസവും മാത്രമാണ് സ്വഹാബികളുടെ മൂലധനം. ആത്മവിശ്വാസം അവരെ മുന്നോട്ട് നയിച്ചു. പാരത്രിക പ്രതീക്ഷകൾ അവർക്ക് കരുത്ത് പകർന്നു.
മുത്ത് നബി ﷺ യും കൂട്ടുകാരും കച്ചവട സംഘത്തെക്കാത്തു കഴിഞ്ഞ അതേ നാളുകളിൽത്തന്നെ മക്കയിൽ ചിലസംഭവങ്ങൾ അരങ്ങേറി. ആത്വിഖാ ബീവി (റ)യുടെ സ്വപ്നമായിരുന്നു അതിലൊന്ന്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
