
വുദ്ദാൻ സൈനിക നീക്കത്തിന് ‘അബവാഅ് സൈനിക ഇടപെടൽ’ എന്നുകൂടി പേരുണ്ട്. പ്രവാചക ചരിത്രത്തിലെ ആദ്യത്തെ സൈനിക നീക്കമായിരുന്നു ഇത്. സഅ്ദ് ബിൻ ഉബാദ (റ)യെ മദീനയുടെ ചുമതല ഏൽപ്പിച്ചിട്ടായിരുന്നു നബി ﷺ അബവാഇലേയ്ക്ക് പോയത്. അന്നത്തെ പതാക വഹിച്ചത് ഹംസ (റ) ആയിരുന്നു. വെളുത്ത പതാകയായിരുന്നു ഉപയോഗിച്ചത്.
പലായനത്തിന്റെ രണ്ടാം വർഷം, ജമാദുല്‍ ആഖിര്‍ മാസത്തില്‍ അവിടുന്ന് നടത്തിയ നീക്കങ്ങളില്‍ സംതൃപ്തനായി നബി ﷺ മദീനയില്‍ തിരിച്ചെത്തി. തുടർന്ന് നബി ﷺ ഫലസ്ത്വീനിലേക്ക് രണ്ട് പേരെയയച്ചു. അവിടെ നിന്ന് തിരിച്ചു വരുന്ന ഖുറൈശി കച്ചവട സംഘത്തിന്റെ വിവരങ്ങളറിയാന്‍ വേണ്ടിയായിരുന്നു അത്. മക്കക്കാരുടെ വ്യാപാരപാതകളില്‍ താമസിക്കുന്ന ദംറ, മുദ്‌ലജ് ഗോത്രങ്ങളുമായി സമാധാനക്കരാറും സൈനിക സഖ്യവുമുണ്ടാക്കി നയതന്ത്രതലത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും അതിലൊതുങ്ങാതെ മറ്റൊരു ധീരമായ നീക്കംകൂടി അവിടുന്ന് നടത്തി. ഒരു വിശ്വസ്ത ഗോത്രത്തലവന്റെ നേതൃത്വത്തില്‍ എട്ട് ധൈര്യശാലികളായ മുഹാജിറുകളുടെയൊരു സംഘത്തെ ഒരുക്കി നിര്‍ത്തി. വിവരം പുറത്തറിയാതിരിക്കാന്‍ നിര്‍ദേശങ്ങളടങ്ങിയ കത്ത് മുദ്രവച്ച് അവര്‍ക്ക് നല്‍കുകയായിരുന്നു. അവര്‍ രണ്ട് ദിവസം ഉയര്‍ന്നൊരു പ്രദേശത്തിലൂടെ (നജ്ദീയ) സഞ്ചരിച്ച് ചെറിയ കിണറിന്റെ(റുകയ്യ) ഭാഗത്തേക്ക് നീങ്ങണം എന്ന് നിർദേശിച്ചു. യാത്രയുടെ അവസാനത്തിലേ കത്ത് തുറന്നുനോക്കാവൂ എന്നും ഊന്നിപ്പറഞ് രുന്നു. നിര്‍ണിത സമയം കഴിഞ്ഞ് സംഘത്തലവൻ അബ്ദുല്ലാഹിബ്‌നു ജഹ്ശ് (റ) കത്ത് തുറന്നു നോക്കി. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നതായി വായിച്ചു: ‘ഈ കത്തിന്റെ ഉള്ളടക്കം അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ മക്കയ്ക്കും ത്വാഇഫിനും ഇടയ്ക്കുള്ള നഖ്‌ലയിലേക്ക് പോകണം. അവിടെ ക്യാമ്പ് ചെയ്യുക. ഖുറൈശികളെ നിരീക്ഷിച്ചുകൊണ്ട് നമുക്ക് വിവരങ്ങള്‍ എത്തിക്കുക.’
ശരിക്കും ശത്രുവിന്റെ വാസസ്ഥലങ്ങളിലൂടെത്തന്നെയാണ് ഈ ചെറു സംഘത്തിന് സഞ്ചരിക്കേണ്ടിയിരുന്നത്. ആളുകളുടെ എണ്ണം വളരെക്കുറവായതുകൊണ്ട് വിവരങ്ങള്‍ എത്തിക്കുക എന്നതല്ലാത്ത മറ്റു സാഹസിക ദൗത്യങ്ങളൊന്നും ഈ സംഘത്തിന് ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം. പക്ഷേ, അവര്‍ നടത്തിയ ചില പ്രവർത്തനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഉണക്കമുന്തിരി, തുകല്‍, മദ്യം പോലുള്ള ചരക്കുകളുമായി വരുന്ന മക്കക്കാരുടെ ഒരു ചെറിയ കച്ചവട സംഘം ഈ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അല്‍പ്പം അമാന്തിച്ചുനിന്നെങ്കിലും കച്ചവട സംഘത്തെ അക്രമിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അമ്പെയ്ത് അവര്‍ ഒരാളെക്കൊല്ലുകയും രണ്ടാളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു. കച്ചവട വസ്തുക്കളൊക്കെപ്പിടിച്ചെടുത്തു. കാരവനിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത സാധനങ്ങളുമായി മദീനയില്‍ത്തിരിച്ചെത്തിയ സംഘത്തെ പ്രവാചകന്‍ ﷺ ശകാരിച്ചു. തന്റെ നിര്‍ദേശങ്ങള്‍ക്ക് വിപരീതം പ്രവര്‍ത്തിച്ചതിനായിരുന്നു ശകാരം. അത് റജബ് മാസത്തിന്റെ അവസാനമായിരുന്നതിനാൽ യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ രക്തം ചിന്തിയെന്നും ആരോപിക്കപ്പെട്ടേക്കുമെന്നായി. പക്ഷേ, ഇക്കാര്യം അത്ര പ്രാധാന്യത്തോടെ ഉയർന്നുവന്നില്ല. കാരണം, റജബ് മാസത്തിന്റെയവസാന ദിവസം സൂര്യന്‍ അസ്തമിച്ച ശേഷമായിരുന്നു സംഭവം നടന്നത്. അപ്പോഴേക്കും അടുത്ത മാസം ആരംഭിച്ചു കഴിഞ്ഞിരുന്നല്ലോ എന്ന ഒരു വശമുണ്ട്.
തങ്ങളുടെ തടവുകാരെക്കൊണ്ടുപോകാൻ മക്കക്കാര്‍ മോചനദ്രവ്യവുമായി മദീനയില്‍ വന്നു. അതുനല്‍കി ഇരു തടവുകാരെയും മോചിപ്പിച്ചുകൊണ്ടു പോവുകയും ചെയ്തു. അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം. ഏതായാലും ആ പ്രശ്‌നം അതോടെയവസാനിച്ചു.
ഇതിനിടയിൽ ബുവാത്വിലേക്കുള്ള ഒരു നയതന്ത്ര നീക്കം കൂടി നടന്നിരുന്നു. ഇരുന്നൂറ് മുഹാജിറുകളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പതാക വഹിച്ചിരുന്നത് സഅ്ദ് ബിൻ അബീ വഖാസാ (റ)യിരുന്നു. അവിടെയും ധവള പതാകയാണ് ഉപയോഗിച്ചത്. നബി ﷺ യുടെ മദീനയിൽ നേതൃത്വം നൽകിയത് സഅ്ദ് ബിൻ മുആദാ (റ)യിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
