
മദീന ഒരു രാഷ്ട്രവും തലസ്ഥാനവുമായി വളർന്നു വരുന്നതിൽ തെക്കൻ പ്രവിശ്യയിലെ ഗോത്രങ്ങളുടെ നിലപാടുകൾക്കും വലിയ സ്വാധീനമുണ്ടായിരുന്നു. പതിനഞ്ചിൽപ്പരം ഗോത്രങ്ങളെ ഈ മേഖലയുടെ ചരിത്രത്തിൽ നിന്ന് വായിക്കാൻ കഴിയും.
1. ബനൂ സബീദ്
2. ബനൂ മുറാദ്
3. ബനൂ റൂഹ
4. ബനൂ അൻസ്
5. ബനൂസദ്അ
6. ബനൂ മസ്ഹിജ്
7. ബനൂ നക്അ
8. ബനൂ ഖസ്ആം
9. ബനൂ ഖൗലാൻ
10. ബനൂ ബാജില
11. ബനൂ നഹ്ദ:
12. ബനൂഹംദാൻ
13. ബനൂഅശ്അർ
14. ബനൂ കിൻദ
15. ബനൂഅസ്ദ
ഇവരിൽ ബനൂ അശ്അർ ഗോത്രത്തിന്റെ ഇസ്‌ലാമാശ്ലേഷം കിഴക്കൻ പ്രവിശ്യയിലെ ഇസ്‌ലാമിക സാന്നിധ്യത്തിന്റെ ആക്കം വർധിപ്പിച്ചു. പ്രമുഖ സ്വഹാബി അബൂ മൂസൽ അശ്അരി (റ)യുടെ നേതൃത്വത്തിൽ അറുപത് പേരുടെ ഒരു സംഘം മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിനൊപ്പം സഹോദരങ്ങളായ അബൂ ബുർദയും അബൂ റുഹ്മും ഉണ്ടായിരുന്നു. അബൂ ആമിർ, അബൂ മാലിക്, ആമിർ ബിൻ ആമിർ എന്നിവർ പ്രസ്തുത സംഘത്തിലെ മറ്റു പ്രമുഖരായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ ഇസ്‌ലാം വ്യാപനത്തോടെ അവിടെയുണ്ടായിരുന്ന ഹിംയരി ആധിപത്യം ഇല്ലാതെയായി. സബഇൽ നിന്ന് യഹൂദമതം സ്വീകരിച്ച, ളിഫാർ തലസ്ഥാനമായ ഗോത്ര കേന്ദ്രീകൃത ഭരണാധികാരികളായിരുന്നു ഹിംയരികൾ. ഈ പ്രവിശ്യയിൽ നിന്ന് പിന്നീട് നിരവധി ധീരവ്യക്തിത്വങ്ങൾ ധർമ പക്ഷത്ത് അണിനിരന്നു.
മദീനയുടെ നാല് പ്രധാന ദിക്കുകളിലെ ഗോത്രങ്ങളെയും അവരുടെ പരിവർത്തനങ്ങളെയുമാണ് നാം പരിശോധിച്ചത്. ഇതിനു പുറമെ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിലും വിദൂരദിക്കുകളിലും ചിതറിക്കിടന്ന ഗോത്ര സമൂഹങ്ങളും ഇസ്‌ലാമിൻ്റെ ആഗമനത്തോടെ സംഘടിപ്പിക്കപ്പെടുകയോ വിശാലമായ ഒരു രാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമാവുകയോ ചെയ്തു. പൂർവ ഇറാഖിലും ഒമാനിലും പേർഷ്യൻ കടലോരങ്ങളിലുമായിരുന്നു ഇവരിലെ പ്രധാന വിഭാഗങ്ങൾ ഉണ്ടായിരുന്നത്. അറബ് ഉപഭൂഖണ്ഡത്തിലെ സാമ്പത്തിക – സാമൂഹിക- വ്യവഹാരങ്ങളിൽ ഇവരുടെ സ്വാധീനം നേരത്തെത്തന്നെ ഉണ്ടായിരുന്നു.
ബനൂ ഹനീഫ്, ബനൂതഗ്ലിബ്, ബനൂതമീം, ബനൂവാഇൽ, ബനൂശൈബാൻ, ബനൂഅബ്ദുൽ ഖൈസ് എന്നീ ഗോത്രങ്ങൾ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഈ ഗോത്രങ്ങളെല്ലാം ബനൂറബീഅ എന്ന പ്രധാന ഗോത്രത്തിന്റെ ഉപഗോത്രങ്ങളായിരുന്നു.
നബി ﷺ യുടെ കത്തിടപാടുകളിലൂടെയും സൈനിക നീക്കങ്ങളിലൂടെയുമാണ് ഇവയെല്ലാം സംഘടിപ്പിക്കപ്പെട്ടത്. സുമാമത് ബിൻ ഉസാലിൻ്റെ ഇസ്‌ലാമാശ്ലേഷമാണ് ഈ മേഖലയിലെ ശ്രദ്ധേയമായ മാറ്റത്തിന് വഴിയായത്. നജ്ദിൽ വച്ചുള്ള ഏറ്റുമുട്ടലിൽ ബന്ധിയായി പിടിക്കപ്പെട്ട സുമാമയ്ക്ക് നബി ﷺ മദീനയിൽ നൽകിയ പരിചരണവും മദീനയിലെ ജീവിതത്തെ നേരിട്ട് കണ്ടനുഭവിക്കാൻ അവസരമുണ്ടായതുമാണ് അദ്ദേഹത്തെ ഇസ്‌ലാമിലെത്തിച്ചത്. ശേഷം, അദ്ദേഹം മക്കയിലെത്തി ഉംറ നിർവഹിച്ചു. തുടർന്ന് തന്റെ മാതൃദേശമായ യമാമയിലെത്തി. നബി ﷺ യോട് വൈരത്തിൽ കഴിയുന്ന മക്കക്കാർക്ക് നൽകിപ്പോന്ന ധാന്യങ്ങൾ നിർത്തലാക്കി. മക്കക്കാർക്ക് ധാന്യക്ഷാമം നേരിട്ടു. അവർ നബി ﷺ യോട് ആവലാതി പറഞ്ഞു. നബി ﷺ സുമാമയോട് ധാന്യക്കയറ്റുമതി പുന:സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.
ഇവിടെ എടുത്ത് പറയേണ്ട മറ്റൊരു ഗോത്രമാണ് ബനൂതമീം. ബഹ്റൈൻ, ഉമാൻ എന്നീ ദേശങ്ങളിൽ ഇവർ ഭരണം നടത്തിയിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
