
മദീനയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗോത്രങ്ങളും അവർക്കിടയിലെ പരിവർത്തനങ്ങളുമാണ് നാം വായിച്ചത്. ഇനി മക്കയുടെയും മദീനയുടെയും കിഴക്കൻ പ്രവിശ്യകളിലെ അവസ്ഥകൾ നമുക്ക് നോക്കാം. ഈ ഭാഗത്ത് ഇരുപത്തിനാലിൽപ്പരം ഗോത്രസമൂഹങ്ങൾ ഉണ്ടായിരുന്നു.
1. ബനൂഖുസൈമ
2. ബനൂ അസദ്
3. ബനൂ ഹുദൈൽ
4. ബനൂ സഖീഫ
5. ബനൂ ജുസ്ഹാം
6. സഅദ് ബിൻ ബക്കർ
7. ബനൂ ദൂദാൻ
8. ബനൂഗനം
9. ബനൂസുലൈം
10. ബനൂസഅലബ്
11. ബനൂഹിലാൽ
12. ബനൂനസ്ർ
13. ബനൂകിലാബ്
14. ബനൂസുവാഅ
15. ബനൂ അശ്ത
16. ബനൂഗത്വ്ഫാൻ
17. ബനൂമുർറ
18. ബനൂഫസാറ
19. ബനൂദുഖ്‌ബാൻ
20. ബനൂഅബ്ദ്
21. ബനൂഹവാസിൻ
22. ബനൂ ഖൈസ് അയ്ലാൻ
23. ബനൂമുഹാരിബ്
24. ബനൂഖൈസ്
എന്നിങ്ങനെയായിരുന്നു ഗോത്ര നാമങ്ങൾ.
ഇവരിൽ നേരത്തേ തന്നെ ഖുറൈശികളുമായി വിവാഹബന്ധം പുലർത്തിപ്പോന്നവരുണ്ട്. ബനൂ അസദ് അങ്ങനെയുള്ളവരായിരുന്നു. അത് കാരണമായി അവരുടെ കൂട്ടത്തിൽ നിന്ന് ഇരുപത് പുരുഷന്മാരും എട്ട് സ്ത്രീകളും ഹിജ്റക്ക് മുമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അസദ് ഗോത്രവുമായി സന്ധിയിലായിരുന്ന ബനൂ ഗത്വ്ഫാൻ, ബനൂ ത്വയ്യ്, ബനൂ സഅലബ്, ബനൂദൂദാൻ ഗോത്രങ്ങളിലേക്ക് കൂടി അവർവഴി വെളിച്ചം കടന്നുചെന്നു.
കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഇസ്‌ലാമാശ്ലേഷിച്ച ചില പ്രമുഖരുടെ പേരുകൾ ഇങ്ങനെ വായിക്കാം: ളിറാറുബിനുൽ അസ്‌വർ, ഔഫ് ബിൻ മാലിക്, മസ്ഊദ് ബിൻ അബ്ദിൽ ഖാരി, ഹുസൈൻ ബിൻ ഖാരിജ, ഉയയ്ന ബിൻ ഹിസ്ന, ഉബൈദ് ബിൻ സഅലബ്, മാലിക് ബിൻ ഹള്റമി, വാബിസ് ബിൻ മഅ്ബദ്.
ചില ഗോത്രങ്ങൾ ഇസ്‌ലാമിനോട് കടുത്ത ശത്രുതയോടെ സമീപിച്ചു. അക്കാരണത്താലവർക്കെതിരെ സൈനിക നീക്കങ്ങളും ഉപരോധങ്ങളും നടത്തേണ്ടി വന്നു. അപ്രകാരം ഇരുപത്തിയെട്ടോളം നീക്കങ്ങൾ ഇത്തരം ഗോത്രങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് നടന്നു.
മദീനയുടെ വടക്കൻ പ്രവിശ്യയിലും വിവിധ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. ബനൂഖുസാഅ, ബനൂ ബാലി, ബനൂബഹ്റ, ബനൂഉസ്റ, ബനൂസഅദ്, ബനൂഗസ്സാൻ, ബനൂജുസ്ആം, ബനൂകൽബ്, ബനൂ സിന്ന, ബനൂ സഅദ് ഹുസൈം എന്നിവ അവയിൽ പ്രധാനമായിരുന്നു. ബനൂഗസ്സാനും ബനൂഖുസാഅയുമായിരുന്നു അവരിൽ പ്രധാനികൾ. ബനൂഖുസാഅക്ക് മാത്രം ഏഴ് ഉപഗോത്രങ്ങൾ ഉണ്ടായിരുന്നു. സിന്ന, ഉസ്റ, മഹാറ, ജുഹൈന, ബഹ്റ, ബാലി, സഅദ് ഹുസൈം എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഹിജാസിലുടനീളം ഇവർക്ക് സ്വാധീനമുണ്ടായിരുന്നു. മദീനയിലെ ഔസ്, ഖസ്റജ് വിഭാഗങ്ങളുമായും മക്കയിലെ ഖുറൈശികളുമായും ഇവർ വ്യവഹാരങ്ങൾ നടത്തിയിരുന്നു. പ്രമുഖ സ്വഹാബിയായ അബ്ദുർറഹ്‌മാൻ ബിൻ ഓഫി (റ)ന്റെ മാതാവ് സഹ്‌ല ബിൻത് ആസിമും അംറ് ബിൻ ആസി(റ)ന്റെ മാതാവും ഈ ഗോത്രത്തിൽ നിന്നുള്ളവരാണ്. ഇസ്‌ലാമിന്റെ ആഗമനത്തോടെ മേൽപ്പറയപ്പെട്ട ഗോത്രങ്ങളെല്ലാം ഏകീകരിക്കപ്പെട്ടു. അബ്ദുബിൻ മുത്വലിബ്, അബ്ദുറഹ്മാൻബിൻ ഉദൈസ്, അബൂസിബാബ്, ത്വൽഹത്ബിൻ ബർറ, അബ്ദുല്ലാഹിബിൻ സിയാദ്, സഹീൽ ബിൻ റാഫി, കഅബ് ബിൻ ഉജ്റ, അബ്ദുല്ലാഹിബിനു അസ്‌ലം എന്നിവർ ഈ പ്രവിശ്യയിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച പ്രമുഖരാണ്.
മദീനയുടെ രാഷ്ട്രീയ ഭൂപടത്തെ മനോഹരമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഈ പ്രവിശ്യയിലെ ഇസ്‌ലാമാശ്ലേഷവും വ്യക്തികളുടെ സാന്നിധ്യവും വലിയ പങ്കു വഹിച്ചു. ഉസ്മാൻ ബിൻ അഫ്ഫാൻ(റ)ന്റെ പത്നി നാഇല, സഹോദരൻ സാബിഉ ബിൻ ഫറാഫിസ എന്നിവർ ഈ പ്രവിശ്യക്കാരാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
