
മൊത്തത്തിൽപ്പറഞ്ഞാൽ ഖിബ്‌ല മാറ്റിയത് നിമിത്തം മതത്തിന്റെ അടിത്തറ തന്നെ പൊളിഞ്ഞുപോയതായി ശത്രുക്കള്‍ ആരോപിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ ഒരു വിശദീകരണവും ഖുർആൻ പറഞ്ഞില്ല. മറിച്ച് അതിനെല്ലാം മറുപടിയാകുന്ന ഒരു വാചകം കൊണ്ട് ഒരുമിച്ചു മറുപടി നൽകി . കിഴക്കും പടിഞ്ഞാറുമെല്ലാം അഥവാ, എല്ലാ ദിശകളും അല്ലാഹുവിനുള്ളതാണ്. ഏതെങ്കിലും ഒരു നിശ്ചിത സ്ഥാനം ഖിബ്‌ലയാക്കി ആ ഭാഗത്തേക്ക് തിരിയുവാന്‍ അവന്‍ കല്‍പ്പിച്ചാല്‍ അങ്ങോട്ട് തിരിയണമെന്നല്ലാതെ ഇന്നഭാഗത്തേക്ക് തന്നെ തിരിയേണ്ടത് അനിവാര്യമാണെന്ന് കൽപ്പിക്കേണ്ട പ്രത്യേകത ഒരു ദിശയ്ക്കുമില്ല.
ആരോപണങ്ങൾ പലദിശയിൽ നിന്നുമുയർന്നപ്പോൾ ദുർബലരായ വിശ്വാസികളിൽച്ചിലർക്ക് ആശങ്കകൾ ഉയർന്നു. ചിലർ ഇങ്ങനെ പറയാൻ തുടങ്ങി. “നമ്മള്‍ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിര്‍വഹിച്ച നിസ്‌ക്കാരത്തിന്റെ അവസ്ഥയെന്താണ്? ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ട് നിസ്‌ക്കരിച്ച് നമ്മില്‍ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ അവസ്ഥ എന്താണ്?” അപ്പോള്‍ സൂറതുൽ ബഖറയിലെ നൂറ്റിനാൽപ്പത്തിമൂന്നാമത്തെ സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “അപ്രകാരം നാം നിങ്ങളെ ഒരുത്തമ സമുദായമാക്കിയിരിക്കുന്നു, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു തങ്ങൾ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.”
ആദ്യം ബൈതുല്‍ മുഖദ്ദസിനെ ഖിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരേ സമയം മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കപട വിശ്വാസികള്‍ക്കും അതൊരു പരീക്ഷണമായിരുന്നു. നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കുവാനും മുഹമ്മദ് നബി ﷺ യെ വേണ്ട വിധത്തിൽ പിൻപറ്റുന്നവർ ആരാണ് എന്ന് അറിയുവാനും തന്റെയടിമകളില്‍ അല്ലാഹു നടത്തിയ പരീക്ഷണമായിരുന്നു അത്.
നബി ﷺ യുടെ കല്‍പ്പനകള്‍ അക്ഷരംപ്രതി സ്വീകരിക്കേണ്ടതുണ്ടെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുക എന്നത് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. കാരണം, ശത്രുക്കളുടെ ജല്പനങ്ങള്‍ അത്രമേല്‍ ശക്തമായിരുന്നു. മുഹമ്മദ് ﷺ ന്റെ മതം അല്ലാഹു ഇറക്കിയതല്ലെന്നും സ്വയം നിര്‍മിച്ചെടുത്തതാണെന്നും അതിനാലാണ് സ്ഥിരതയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും മാറ്റക്കളിക്കുന്നതെന്നും അവന്റെ കൂടെക്കൂടിയവര്‍ക്ക് നഷ്ടമാണ് സംഭവിക്കുക എന്നുമൊക്കെയായിരുന്നല്ലോ പ്രചാരണം. ഈ ദുഷ്പ്രചാരണത്തില്‍ ചിലര്‍ പെട്ടുപോകുകയും ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തിൽ ഉറച്ചു നിൽക്കണമെങ്കിൽ ദൃഢമായ വിശ്വാസം ആവശ്യമായിരുന്നു. അത് തിരിച്ചറിയാനുള്ള ഒരു ഘട്ടമായിരുന്നു ഇത്.
ഖിബ്‌ലമാറ്റ സംഭവത്തിൽ നിന്നും സത്യവിശ്വാസികള്‍ക്ക് പല പാഠങ്ങളുമുണ്ട്. അവയിൽ ചിലത് താഴെ സൂചിപ്പിക്കുന്നു.
ഒന്ന്: ഒരു പ്രത്യേക ദിശ ഖിബ്‌ലയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധമുള്ളതുകൊണ്ടോ അല്ല. സമുദായത്തിന്റെ ഏകീകരണം, സൗകര്യം തുടങ്ങിയ കാരണങ്ങളാൽ മാത്രമാണ്. അൽ ബഖറ: അധ്യായത്തിലെ നൂറ്റി നാൽപ്പത്തി രണ്ടാം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് : ‘(നബിയേ), പറയുക: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേത് തന്നെയാണ്. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.’ നൂറ്റിപ്പതിനഞ്ചാമത്തെ സൂക്തത്തിൻ്റെ ആശയം കൂടി നമുക്ക് വായിക്കാം. ‘കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞുനിന്ന് പ്രാര്‍ഥിച്ചാലും അവിടെ അല്ലാഹുവിനെ അഭിമുഖീകരിക്കാൻ കഴിയും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വജ്ഞനുമാകുന്നു.’
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
