Tweet 181

    Tweet 181
    December 12, 2022 • Monday
    Post Header

    ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ, ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബി ﷺ യുടെ മുന്നില്‍ത്തന്നെയായിരുന്നു. അഥവാ, ബൈതുൽ മുഖദ്ദസിന്റെ ദിശയിലേക്ക് തിരിയുമ്പോഴും കഅ്ബ മുന്നിൽ വരുന്ന രീതിയിലാണ് നിന്നിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുഖദ്ദസ് തന്നെയായിരുന്നു ഖിബ്‌ല. പതിനാറ് മാസത്തിലധികം ഇതേ നില തുടര്‍ന്നു.
    നബി ﷺ അവിടുത്തെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി (അ)യുടെ ഖിബ്‌ലയായ കഅ്ബയിലേക്കു മാറിക്കിട്ടാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, യഹൂദികള്‍ നബി ﷺ യെ ഇപ്രകാരം പറഞ്ഞ് പരിഹസിക്കാറുമുണ്ടായിരുന്നു: “മുഹമ്മദ് ﷺ നമ്മളോട് എതിരാകുന്നു. എന്നാല്‍ നമ്മുടെ ഖിബ്‌ലയിലേക്ക് തിരിയുകയും ചെയ്യുന്നു.” അതുകൊണ്ടുതന്നെ കഅ്ബയെ ഖിബ്‌ലയായി ലഭിക്കാൻ നബി ﷺ ധാരാളമായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ കഅ്ബയിലേക്ക് ഖിബ്‌ല നിർണയിച്ചു കൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പ്പനയുണ്ടായി.‏
    ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്യുന്നു. ബര്‍റാഅ്ബിന്‍ ആസിബ് പറഞ്ഞു: “ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു പതിനാറോ പതിനേഴോ മാസം നിസ്‌ക്കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു”
    ഇബ്‌നു അബ്ബാസ് (റ) പറയുന്നു: “നബി ﷺ മക്കയിലായിരിക്കെ, ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിച്ചിരുന്നത്. കഅ്ബ നബി ﷺ യുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം പതിനാറ് മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു.
    മക്കയിലായിരിക്കെ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിയുമ്പോള്‍ത്തന്നെ ഇടയില്‍ കഅ്ബയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു ഖിബ്‌ലയും അന്ന് ലഭിച്ചിരുന്നു. മദീനയില്‍ എത്തിയതിനു ശേഷം രണ്ട് ഖിബ്‌ലയെയും ഒന്നിപ്പിച്ച് നമസ്‌ക്കരിക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു തന്നെ നബി ﷺ നിരന്തരമായി പ്രാര്‍ഥിക്കുകയും ഖിബ്‌ല മാറ്റത്തില്‍ വഹ്‌യ് വരുന്നതും പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് അല്ലാഹു സൂറതുൽ ബഖറ: യിലെ നൂറ്റി നാൽപത്തിനാലാം സൂക്തം അവതരിപ്പിക്കുന്നത്:
    “നബിയേ, അവിടുത്തെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ തങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് തങ്ങളെ നാം തിരിക്കുകയാണ്. ഇനി മുതൽ അവിടുന്ന് മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് മുഖം തിരിക്കേണ്ടത്.”
    കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള കല്‍പ്പന ലഭിച്ചതിനുശേഷം ആദ്യമായി നബി ﷺ നിസ്‌ക്കരിച്ചത് അസ്വ്’റ് ആയിരുന്നു. മറ്റ് സ്ഥലങ്ങളിൽ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌ക്കകരിച്ചുകൊണ്ടിരുന്നവർ, ഖിബ്‌ല മാറ്റത്തെക്കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും നിസ്ക്കാരത്തിൽത്തന്നെ കഅ്ബയിലേക്ക് തിരിയുകയുണ്ടായി.
    ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം ; ” നബി ﷺ യോടൊപ്പം ഒരാൾ അസ്വ്’ർ നിസ്ക്കരിച്ചു. ശേഷം അയാൾ നടന്ന് അൻസ്വാരികളിപ്പെട്ട ഒരു സംഘത്തിന്റെ അടുത്തെത്തി. അപ്പോൾ അവർ അസ്വ്’ർ നിസ്ക്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി ﷺ യോടൊപ്പം നിസ്ക്കരിച്ചയാൾ ഇതാ സാക്ഷിയായിരിക്കുന്നു, അവിടുന്ന് കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്ക്കാരം നിർവഹിച്ചിരിക്കുന്നു. അങ്ങനെ അവർ അസ്വ്’ർ നിസ്ക്കാരത്തിൽ റുകൂഅ് ചെയ്തുകൊണ്ടിരിക്കെത്തന്നെ കഅ്ബയിലേക്ക് തിരിഞ്ഞു.
    ഖുബാഇലുള്ള ആളുകള്‍ക്ക് ഖിബ്‌ല മാറ്റത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. അവരും അപ്രകാരം നമസ്ക്കാരത്തിത്തന്നെ കഅ്ബയിലേക്ക് തിരിഞ്ഞു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...