Tweet 1566

Tweet 1566
September 27, 2026 • Sunday

അബൂമാലിക് അൽഅശ്അരി(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ നേരം പുലരുമ്പോഴും നേരം ഇരുളുമ്പോഴും കിടക്കയിലേക്ക് പ്രവേശിക്കുമ്പോഴും താഴെ പറയുന്നപ്രകാരം പ്രാർത്ഥിക്കാൻ തിരുനബിﷺ ഞങ്ങളോട് കല്പിച്ചു: “അല്ലാഹുവേ, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിനെയും അറിയുന്നവനേ, എല്ലാറ്റിന്റെയും നാഥനും ഉടമസ്ഥനുമായവനേ, നീയല്ലാതെ യാതൊരു ഇലാഹുമില്ലെന്ന് മലക്കുകൾ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ ദേഹങ്ങളുടെ ദോഷത്തിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ കെണികളിൽ നിന്നും ഞങ്ങളുടെമേൽത്തന്നെ വല്ല തിന്മയും ചെയ്തുപോകുന്നതിൽ നിന്നും അല്ലെങ്കിൽ അതൊരു മുസ്ലിമിലേക്ക് എത്തിക്കുന്നതിൽ നിന്നും ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.”

ഉബയ്യ് ബിൻ കഅ്ബ്(റ)നിവേദനം ചെയ്യുന്നു: നേരം പുലരുമ്പോൾ ഇപ്രകാരം പറയാൻ തിരുനബിﷺ ഞങ്ങളെ പഠിപ്പിച്ചിരുന്നു: “ഇസ്‌ലാമിന്റെ പ്രകൃതിയിലും ഇഖ്‌ലാസിന്റെ വചനത്തിലും ഞങ്ങളുടെ തിരുനബിﷺ നൽകിയ ചര്യയിലും, അന്യമതങ്ങളിൽനിന്ന് തിരിഞ്ഞുകൊണ്ട് പൂർണ്ണമുസ്ലിമായിരുന്ന ഞങ്ങളുടെ പിതാവ് ഇബ്‌റാഹീമി(അ)ന്റെ സരണിയിലും ഞങ്ങൾ നേരം പുലർത്തിയിരിക്കുന്നു. ഞാൻ മുശ്രിക്കുകളിൽ പെട്ടവനല്ല.” നേരം ഇരുളുമ്പോഴും ഞങ്ങൾ ഇതുപോലെ പറയുമായിരുന്നു.

തിരുനബിﷺ പുത്രിമാരിൽ ഒരാൾക്ക് പഠിപ്പിച്ചുകൊടുത്തതായി ഇമാം അബൂദാവൂദും(റ) നസാഈ(റ)യും നിവേദനം ചെയ്യുന്നു: അവിടുന്ന് പറഞ്ഞു. “നീ നേരം പുലരുമ്പോഴും നേരം ഇരുളുമ്പോഴും ഇപ്രകാരം പറയുക: ‘അല്ലാഹുവെ സ്തുതിച്ചുകൊണ്ട് ഞാൻ അവനെ പ്രകീർത്തിക്കുന്നു. അല്ലാഹുവിന്റെ സഹായത്താലല്ലാതെ യാതൊരു ശക്തിയുമില്ല. അല്ലാഹു ഉദ്ദേശിച്ചത് നടന്നു, അവൻ ഉദ്ദേശിക്കാത്തത് നടക്കുകയുമില്ല. തീർച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള അല്ലാഹുവിന്റെ അറിവ് സർവ്വവ്യാപിയാണെന്നും ഞാൻ മനസ്സിലാക്കുന്നു.’ ആരെങ്കിലും നേരം പുലരുമ്പോൾ ഇത് ചൊല്ലിയാൽ നേരം ഇരുളുന്നതുവരെ അവൻ സംരക്ഷിക്കപ്പെടും. നേരം ഇരുളുമ്പോൾ ഇത് ചൊല്ലിയാൽ നേരം പുലരുന്നതുവരെ അവൻ സംരക്ഷിക്കപ്പെടും.”

നിത്യജീവിതത്തിലെ പ്രാർത്ഥനകൾ വ്യക്തിയുടെ വിശ്വാസദാർഢ്യതക്കും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് ഉചിതമായി സമീപിക്കാനും ഉപകരിക്കും. തിരുനബിﷺ പഠിപ്പിച്ച ഓരോ പ്രാർത്ഥന വചനങ്ങളിലും നമ്മളിൽ ഉണ്ടായിരിക്കേണ്ട വിചാരങ്ങൾ കൂടി ചേർത്തു വച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം നമ്മൾ അല്ലാഹുവിൻ്റെ ദാസന്മാരാണ് എന്നതാണ്. എല്ലാം തരുന്നവനും അധികാരമുള്ളവനും അല്ലാഹു മാത്രമാണ് എന്ന വിചാരം ഒരു വിശ്വാസിയിൽ നൽകുന്ന പ്രതീക്ഷയും ബോധ്യവും ചെറുതല്ലല്ലോ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 40