അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്ക് വല്ലതും പഠിപ്പിച്ചു തന്നാലും.” തിരുനബിﷺ പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് ‘ആഫിയത്ത്’ /ആരോഗ്യവും സുരക്ഷയും ചോദിക്കുക.” അങ്ങനെ ഞാൻ കുറെ ദിവസങ്ങൾ കഴിഞ്ഞു വന്നു വീണ്ടും ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്ക് വല്ലതും പഠിപ്പിച്ചു തന്നാലും.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഹേ അബ്ബാസ് അവർകളെ അല്ലാഹുവിന്റെ തിരുദൂതരുടെ പിതൃസഹോദരാ, നിങ്ങൾ അല്ലാഹുവിനോട് ഇഹത്തിലും പരത്തിലും ‘ആഫിയത്ത്’ ചോദിക്കുവിൻ.”
ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്ത ഹദീസിൽ ബരീറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹു ആർക്കെങ്കിലും നന്മ ഉദ്ദേശിച്ചാൽ അവന് പഠിപ്പിച്ചുകൊടുക്കുന്ന ചില വചനങ്ങൾ ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?” പിന്നീട് തിരുനബിﷺ അദ്ദേഹത്തിന് താഴെ പറയുന്നവ പഠിപ്പിച്ചു കൊടുത്തു: “അല്ലാഹുവേ, തീർച്ചയായും ഞാൻ ദുർബലനാണ്, അതിനാൽ നിന്റെ പ്രീതിക്കുവേണ്ടി എന്റെ ബലഹീനതയെ നീ ശക്തിപ്പെടുത്തേണമേ. എന്നെ നന്മയിലേക്ക് നയിക്കേണമേ. ഇസ്ലാമിനെ എന്റെ തൃപ്തിയുടെ പരമാധികാരിയാക്കേണമേ. അല്ലാഹുവേ, തീർച്ചയായും ഞാൻ ദുർബലനാണ്, അതിനാൽ എനിക്ക് ശക്തി നൽകേണമേ; ഞാൻ നിന്ദ്യനാണ്, അതിനാൽ എനിക്ക് പ്രതാപം നൽകേണമേ; ഞാൻ ദരിദ്രനാണ്, അതിനാൽ എനിക്ക് നീ ആഹാരം നൽകേണമേ.”
അനസ് (റ) നിവേദനം ചെയ്യുന്നു: ഫാത്വിമ(റ)യോട് തിരുനബിﷺ ചോദിച്ചു: “ഞാൻ നിനക്ക് വസിയ്യത്ത് ചെയ്യുന്നത് കേൾക്കുന്നതിൽ നിന്ന് നിന്നെ തടയുന്നത് എന്താണ്? വൈകുന്നേരമായാൽ നീ ഇപ്രകാരം പറയുക: ‘യാ ഹയ്യു യാ ഖയ്യൂം, ബിറഹ്മതിക അസ്തഗീസ്, അസ്ലിഹ് ലീ ശഅ്നീ കുല്ലഹൂ, വലാ തകില്നീ ഇലാ നഫ്സീ ത്വർഫത ഐൻ’ – ജീവനുള്ളവനും സർവ്വത്തെയും പരിപാലിക്കുന്നവനുമായവനേ, നിന്റെ കാരുണ്യത്താൽ ഞാൻ സഹായം തേടുന്നു. എന്റെ കാര്യങ്ങളെല്ലാം നീ നന്നാക്കിത്തരേണമേ. ഇമ വെട്ടുന്ന ഒരു നിമിഷത്തേക്ക് പോലും എന്നെ എന്റെ സ്വന്തം കാര്യങ്ങളിലേക്ക് നീ വിട്ടയക്കരുതേ.”
അബ്ദുല്ലാഹിബ്നു അംറ്(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: അബൂബക്കർ സിദ്ദീഖ്(റ) ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, ഞാൻ രാവിലെയും വൈകുന്നേരവും ചൊല്ലാൻ ചില വചനങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നാലും.” തിരുനബിﷺ പറഞ്ഞു: “നീ പറയുക: ‘ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, ദൃശ്യവും അദൃശ്യവുമായ എല്ലാ കാര്യങ്ങളും അറിയുന്നവനും, എല്ലാറ്റിന്റെയും നാഥനും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ മറ്റ് ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ദേഹത്തിന്റെ തിന്മയിൽ നിന്നും, പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും, എനിക്കെതിരായി വല്ല തിന്മയും ചെയ്തുപോകുന്നതിൽ നിന്നോ അല്ലെങ്കിൽ അത് ഒരു മുസ്ലിമിന്റെ മേൽ എത്തിക്കുന്നതിൽ നിന്നോ ഞാൻ നിന്നിൽ അഭയം തേടുന്നു. രാവിലെ ആയാലും വൈകുന്നേരമായാലും കിടക്കയിലേക്ക് പ്രവേശിക്കുമ്പോഴും നീ ഇത് ചൊല്ലുക.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
