
സെപ്തംബർ പതിനേഴ് റബീഉൽ-അവ്വൽ ആറാം തീയതി ശനിയാഴ്ച, സൗർ ഗുഹയിൽനിന്ന് പുറപ്പെട്ടതിന്റെ ആറാം ദിവസം മുത്ത് നബി ﷺ യും കൂട്ടുകാരും അൽ-അർജിൽ നിന്ന് പുറപ്പെട്ട് ‘മിഷിർവാൻ’ പർവതത്തിന് മുകളിലൂടെ ‘റകുബ’ പർവതത്തിന്റെ വലതുവശത്ത് (തെക്ക്) കാൽനടയായി ‘റീം’ (വാദി റീം) താഴ്‌വരയിൽ പ്രവേശിച്ചു. ‘ഔഫ് ‘ പർവതനിരകൾക്കും (ജബൽ ഔഫ്) മൗണ്ട് വർഖാനും (ജബൽ വാർഗൻ) ഇടയിലാണ് റകുബ പർവതം സ്ഥിതി ചെയ്യുന്നത്.
‘അൽ-ഗൈർ’ (സനിയത്ത് അൽ-ഗൈർ) ചുരത്തിൽ നിന്ന് അകലെ മിഷിർവാൻ പർവതത്തിന് മുകളിലൂടെ യാത്ര തുടർന്നു. മിഷിർവാൻ പർവതവും റകുബ പർവതവും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് എവിടെ തുടങ്ങുന്നുവെന്നും മറ്റേത് എവിടെ അവസാനിക്കുമെന്നും നിർണയിക്കാൻ പ്രയാസമാണ്.
അൽ ഗൈർ പാതയിലൂടെ സഞ്ചരിക്കുമ്പോൾ വർഖാൻ പർവതത്തെ (ജബൽ വർക്കാൻ) പല കോണിലൂടെയും കാണാൻ കഴിയും. അതൊരു ചാരുതയുളവാക്കുന്ന കാഴ്ചയാണ്. പഴയ കാലത്ത് ഈ പർവതത്തെ ‘മൗണ്ട് ഹംത് ‘ (ജബൽ ഹംത്) എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്ന് ഈ പർവതത്തിന്റെ കിഴക്കൻ താഴ്‌വരയിലാണ് ഹാബ്തിന്റെ ചെറിയ ഒരു വാസസ്ഥലം സ്ഥിതി ചെയ്യുന്നത്. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഇതേ പർവതത്തിലൂടെയാണ് നബി ﷺ മദീനയിൽ നിന്ന് മക്കയിലേക്ക് സഞ്ചരിച്ചത്. ഇതേ യാത്രയിൽ റൗഹാഇന് മുമ്പുള്ള ‘ഇർഖുള്ളബിയ’ എന്ന സ്ഥലത്ത് നബി ﷺ ഇറങ്ങി. രണ്ട് സ്ഥലങ്ങളിലും നബി ﷺ നിസ്ക്കരിച്ച സ്ഥലങ്ങൾ അഥവാ പളളികൾ ഉണ്ട്. ഇവിടെ വച്ച് നബി ﷺ അനുചരന്മാരോട് ചോദിച്ചു; “ഈ പർവതത്തിന്റെ പേരെന്താണ് എന്ന് നിങ്ങൾക്കറിയുമോ?” അവർ പറഞ്ഞു; “അല്ലാഹുവും അവന്റെ ദൂതനു ﷺ മാണ് ഏറ്റവും അറിയുക ” അഥവാ, ഞങ്ങൾക്കറിയില്ല. അപ്പോൾ നബി ﷺ പറഞ്ഞു, “ഇത് ഹംത് പർവതമാണ്. ഇത് സ്വർഗീയ മലകളിൽ ഒരു മലയാണ്. അല്ലാഹു നമുക്കും ഇതിന്റെ അഹ്‌ലുകാർക്കും അനുഗ്രഹം ചൊരിയട്ടെ.”
യാത്ര വീണ്ടും മുന്നോട്ട് നീങ്ങി. നിരവധി കിണറുകൾക്ക് പേരുകേട്ട ‘അൽ-ഖാതിർ’ (വാദി അൽ-ഖാതിർ) താഴ്‌വരയിൽ പ്രവാചക യാത്രാസംഘം പ്രവേശിച്ചു. സഞ്ചാരികളും അവരുടെ ചരക്ക് മൃഗങ്ങളും ധാരാളമായി ഒത്തു കൂടുന്ന സ്ഥലമാണിത്.
തുടർന്ന് ‘അൽ-റാസ് ‘ താഴ്‌വരയിലൂടെ (വാദി അൽ-റാസ്) യാത്ര ചെയ്തു. ‘ഹഫ്ർ’ താഴ്‌വരയിലേക്ക് (വാദി ഹഫ്ർ) അവർ സഞ്ചരിച്ച പർവതത്തിലെ ഇടുങ്ങിയ റോഡായ റി അൽ-റാസിൽക്കൂടി വീണ്ടും മുന്നോട്ട് നീങ്ങി.
ആറ് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ ചെറിയ താഴ്‌വരയിലൂടെയാണ് പിന്നീട് റീം താഴ്‌വരയിൽ പ്രവേശിച്ചത്.
അൽ-ഖലൈഖിലേക്കുള്ള യാത്രയിൽ റീം താഴ്‌വരയിലെ തിരക്കേറിയ ഇടനാഴിയിലൂടെ സംഘം യാത്ര തുടർന്നു. അൽ-ഗൈറിന്റെ ചുരം വഴി പോയിട്ടുള്ള ഏതൊരാളും നാൽപ്പത്തി രണ്ട് കിലോമീറ്റർ നീളമുള്ള ഈ താഴ്‌വരയിലൂടെ സഞ്ചരിക്കും. തളർന്നുപോയ യാത്രക്കാരെ സഹായിക്കാൻ നിരവധി വഴിയോരക്കച്ചവടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഉമ്മു മഅ്ബാദിന്റെ ഭർത്താവ് അബു മഅ്ബാദ് അൽ ഖുസാഇയ്യ് നബിﷺയെ കണ്ടുമുട്ടിയത് ഇവിടെ വച്ചാണ്. ടെന്റിൽ വന്നു പോയ വ്യക്തിയുടെ വിശേഷണം കേട്ട് പ്രവാചകനാണെന്ന് മനസ്സിലാക്കി കണ്ടെത്താൻ വേണ്ടി യാത്രപുറപ്പെട്ട് നൂറ്റിയെഴുപത് കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം ഇവിടെ എത്തിയത്. റീം താഴ്‌വരയിൽ വച്ച് നബി ﷺ യെ പരിചയപ്പെടുകയും ഉടൻ തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ‘അക്തം ബിൻ അബ്ദിൽ ഉസ്സാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
