
വരാനിരിക്കുന്ന ചില പ്രയാസങ്ങളെയും കുഴപ്പങ്ങളെയും കുറിച്ച് തിരുനബിﷺ അറിയിച്ചവ കൂടി വായിച്ചു നോക്കൂ.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിൽ നിന്ന് ഹാരിസ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജനങ്ങൾക്ക് ഒരു കാലം വരാനുണ്ട്. അന്ന് സത്യവിശ്വാസം തികച്ചും അന്യമായിത്തീരും. തങ്ങളുടെ വിശ്വാസവുമായി ഒരു കൊടുമുടിയിൽ നിന്ന് മറ്റൊരു കൊടുമുടിയിലേക്കോ, ഒരു മാളത്തിൽ നിന്ന് മറ്റൊരു മാളത്തിലേക്കോ ഓടിയൊളിക്കുന്നവനൊഴികെ മറ്റൊരാളുടെയും വിശ്വാസം സുരക്ഷിതമായിരിക്കില്ല. കുഞ്ഞുങ്ങളെ രക്ഷിക്കാൻ കൂടുമാറുന്ന പക്ഷിയെപ്പോലെയും, തന്റെ കുഞ്ഞുങ്ങളുമായി ഒളിക്കുന്ന കുറുക്കനെപ്പോലെയും ആയിരിക്കും അവൻ. അവൻ നിസ്കാരം കൃത്യമായി നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യും. നല്ല കാര്യങ്ങൾക്കല്ലാതെ അവൻ ജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും.”
“ആ കാലത്ത് ബനൂ നളീർ ഗോത്രത്തിന്റെ സമ്പാദ്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരം സുലൈഅ് കുന്നുകളിലെ വെളുത്ത നൂറ് ആടുകളായിരിക്കും. അത് ഇന്നിയിന്ന കാര്യങ്ങൾ സംഭവിക്കുമ്പോഴാണ്.”
ഇമാം ത്വയാലിസി(റ), യസീദ് ബിൻ അബീ ഹബീബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:
ഒരിക്കൽ ഒരടി മണ്ണ് തർക്കിച്ചുകൊണ്ട് രണ്ടാളുകൾ അബൂദർദാഅ്(റ)വിന്റെ അടുക്കൽ തർക്കവുമായി വന്നു. അപ്പോൾ അബൂദർദാഅ്(റ) പറഞ്ഞു. തിരുനബിﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. “നീ ഏതെങ്കിലും ഒരു പ്രദേശത്തായിരിക്കുമ്പോൾ, അവിടെ രണ്ടാളുകൾ ഒരടി ഭൂമിക്ക് വേണ്ടി തർക്കിക്കുന്നത് കണ്ടാൽ നീ അവിടെനിന്ന് പുറത്തുപോവുക.”
ഇത് കേട്ട ഉടൻ അബൂദർദാഅ്(റ) അവിടെനിന്ന് പുറപ്പെട്ട് സിറിയ ദേശത്തേക്ക് പോയി.
ഇബ്‌നു അബീ ശൈബ(റ), ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “നിങ്ങളിൽ ആരാണ് ആ രോമമുള്ള ഒട്ടകത്തിന്റെ ഉടമയാകുക? അവളുടെ ചുറ്റും ധാരാളം ആളുകൾ കൊല്ലപ്പെടും, ഒടുവിൽ നാശത്തിന്റെ വക്കിലെത്തിയ ശേഷം അവൾ രക്ഷപ്പെടും.”
നഈം ഇബ്‌നു ഹമ്മാദ്(റ), അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം നാല് കുഴപ്പങ്ങൾ ഉണ്ടാകും: ഒന്നാമത്തേതിൽ രക്തം ചിന്തപ്പെടും. രണ്ടാമത്തേതിൽ രക്തവും ധനവും അനാദരിക്കപ്പെടും. മൂന്നാമത്തേതിൽ രക്തവും ധനവും ലൈംഗികാവയവങ്ങളും അനാദരിക്കപ്പെടും. നാലാമത്തേത് അതിരൂക്ഷവും അന്ധവും സാർവത്രികവുമായ കുഴപ്പമായിരിക്കും; അത് കടലിലെ തിരമാലകൾ പോലെ ഇളകിമറിയും. ആളുകൾക്ക് അതിൽ നിന്ന് ഒരു അഭയകേന്ദ്രവും കണ്ടെത്താനാകില്ല. അത് ശാമിനെ വലംവെക്കും, ഇറാഖിനെ മൂടും, അറേബ്യൻ ഉപദ്വീപിനെ കയ്യും മെയ്യും കൊണ്ട് പ്രഹരിക്കും. ഒരു തോൽ പദം വരുത്തുന്നത് പോലെ സമൂഹം അതിൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെടും. ‘മതി, നിർത്തു’ എന്ന് പറയാൻ പോലും ആർക്കും കഴിയില്ല. ഒരിടത്തുനിന്ന് അതിനെ തടയാൻ ശ്രമിച്ചാൽ അത് മറ്റൊരു ഭാഗത്തുനിന്ന് പൊട്ടിപ്പുറപ്പെടും.”
കഴിഞ്ഞുപോയ ചില സംഭവങ്ങളും വർത്തമാനകാല രാഷ്ട്രീയ പരിസരങ്ങളും അനുബന്ധമായി ചേർത്തു വായിക്കപ്പെടാൻ മാത്രം സമഗ്രമാണല്ലോ ഈ ഹദീസിലെ പ്രയോഗങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
