
വന്യമൃഗങ്ങൾ മനുഷ്യരോട് സംസാരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്. ഇബ്നു മ്നീഅ്(റ), അബ്ദ് ബിൻ ഹുമൈദ്(റ), തിർമിദി(റ), ഇമാം അഹ്മദ്(റ), ഹാക്കിം(റ), അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: ”മുഹമ്മദ് നബിﷺയുടെ ആത്മാവ് ഏത് ശക്തിയുടെ കയ്യിലാണോ അവനെത്തന്നെ സത്യം! വന്യമൃഗങ്ങൾ മനുഷ്യരോട് സംസാരിക്കുകയും, ഒരാളോട് അവന്റെ ചാട്ടവാറിന്റെ അറ്റവും ചെരിപ്പിന്റെ വാറും സംസാരിക്കുകയും, അവൻ പോയതിനുശേഷം അവന്റെ കുടുംബം എന്താണ് ചെയ്തതെന്ന് അവന്റെ തുട അവന് വിവരമറിയിക്കുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
മുസദ്ദദും(റ) ഇമാം അഹ്മദും(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അവസാനകാലത്ത് ഒരാൾ തന്റെ വീട്ടിൽ നിന്ന് പുറത്തുപോയി തിരികെ വരുമ്പോൾ, അവൻ പോയതിനുശേഷം അവന്റെ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് അവന്റെ വടിയും ചെരിപ്പും അവന് വിവരമറിയിക്കും.”
ഈ പറയപ്പെട്ട ഹദീസുകൾക്കെല്ലാം പുതിയകാല സങ്കേതങ്ങളോടും സംഭവങ്ങളോടും ചേർത്തുകൊണ്ട് വ്യത്യസ്ത വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകും.
ഇബ്രാഹീം നബി(അ)യുടെ ഹിജ്റ ഭൂമിയിലേക്ക് ഒരു ഹിജ്റ ഉണ്ടാകുമെന്ന തിരുനബിﷺയുടെ പ്രവചനം
ഇമാം അഹ്മദ്(റ), അബ്ദുല്ലാഹിബ്‌നു അംറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അവിടുന്ന് പറഞ്ഞു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “ഒരു ഹിജ്റയ്ക്ക് ശേഷം നിങ്ങളുടെ പിതാവ് ഇബ്രാഹീം(അ) ഹിജ്റ പോയ ഭൂമിയിലേക്ക് മറ്റൊരു ഹിജ്റ ഉണ്ടാകും. അന്ന് ഭൂമിയിലെ ഏറ്റവും ദുഷ്ടരായ ആളുകളല്ലാതെ ഇവിടെ അവശേഷിക്കുകയില്ല. അവരുടെ സ്വന്തം നാടുകൾ അവരെ പുറന്തള്ളുകയും അല്ലാഹു അവരെ വെറുക്കുകയും ചെയ്യും. അന്ന് തീ അവരെ കുരങ്ങുകളോടും പന്നികളോടും ഒപ്പം ഒരുമിച്ചുകൂട്ടും. അവർ രാപ്പാർക്കുമ്പോൾ ആ തീയും അവരോടൊപ്പം രാപ്പാർക്കും, അവർ ഉച്ചയുറക്കം കൊള്ളുമ്പോൾ അത് അവരോടൊപ്പം വിശ്രമിക്കും, പിന്നാക്കം നിൽക്കുന്നവരെ അത് ദഹിപ്പിക്കുകയും ചെയ്യും.”
വിശുദ്ധ കഅ്ബാലയത്തിലേക്ക് ഹജ്ജ് ചെയ്യാതാവുകയും ഹജറുൽ അസ്‌വദ് മഖാമു ഇബ്രാഹീമും ഉയർത്തപ്പെടുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ലെന്ന പ്രവചനം.
ഇമാം ബുഖാരി(റ)യുടെ നിബന്ധനകൾ പാലിക്കുന്ന പരമ്പരയോടെ മുസദ്ദദും(റ), അബൂ യഅ്‌ല(റ), ഹാകിം(റ), ഇബ്‌നു ഹിബ്ബാൻ(റ) എന്നിവരും അബൂ സഈദ്(റ)വിൽ നിന്ന് തിരുനബിﷺയിലേക്ക് ചേർത്ത് നിവേദനം ചെയ്യുന്നു:
“അല്ലാഹുവിന്റെ ഭവനത്തിലേക്ക് ഹജ്ജ് ചെയ്യാതാവുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
