Tweet 1502

    Tweet 1502
    July 29, 2026 • Wednesday
    Post Header

    ഇമാം അഹ്മദ്(റ), ഹാകിം(റ) എന്നിവർ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “ജൂതന്മാർ 71 വിഭാഗങ്ങളായി പിരിഞ്ഞു. ക്രൈസ്തവർ 72 വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം 73 വിഭാഗങ്ങളായി പിരിയുന്നതാണ്. അവരിൽ ഒരു വിഭാഗം ഒഴികെ മറ്റെല്ലാവരും നരകത്തിലായിരിക്കും.” തിരുനബിﷺ പറഞ്ഞു: “ഞാനും എന്റെ സ്വഹാബികളും നിലകൊള്ളുന്ന പാതയിൽ ആരാണോ ഉള്ളത്, അവരാണ് ആ രക്ഷപ്പെടുന്ന വിഭാഗം.”

    ഹാകിമും(റ) ഇബ്നു അസാകിറും(റ) ഇബ്നു അംറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു.

    തിരുനബിﷺ പറഞ്ഞു: “ഇസ്രാഈൽ സന്തതികൾക്ക് എന്തെല്ലാം അനുഭവിക്കേണ്ടി വന്നുവോ, അതൊക്കെയും ചെരുപ്പിന്റെ ജോടികൾ സമമാകുന്നതുപോലെ കൃത്യമായി എന്റെ ഉമ്മത്തിനും അനുഭവിക്കേണ്ടി വരും. എത്രത്തോളമെന്നാൽ, അവരിൽ സ്വന്തം ഉമ്മയെ പരസ്യമായി വിവാഹം ചെയ്യുന്നവൻ ഉണ്ടായെങ്കിൽ എന്റെ സമുദായത്തിലും അതുപോലെ ചെയ്യുന്നവൻ ഉണ്ടാകും. ഇസ്രാഈല്യർ 72 വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം 73 വിഭാഗങ്ങളായി പിരിയുന്നതാണ്. ഒന്നൊഴികെ മറ്റെല്ലാം നരകത്തിലായിരിക്കും.” ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേﷺ, ആ ഒരു വിഭാഗം ആരാണ്?” അവിടുന്ന് പറഞ്ഞു: “ഞാനും എന്റെ സ്വഹാബികളും ഇന്ന് ഏത് പാതയിലാണോ ഉള്ളത്, ആ പാത പിന്തുടരുന്നവരാണ് അവർ.”

    ഇമാം ഹാകിം(റ) ഇബ്നു മാജ(റ) എന്നിവർ അബ്ദുല്ലാഹിബ്നു അംറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ജനങ്ങളെ അരിച്ചെടുക്കുന്ന അഥവാ നല്ലവരെയും ചീത്തവരെയും വേർതിരിക്കുന്ന ഒരു കാലം വന്നെത്താൻ അടുത്തിരിക്കുന്നു. അന്ന് ജനങ്ങളിൽ കുറച്ച് കൊള്ളരുതാത്ത അവശിഷ്ടങ്ങൾ മാത്രം ശേഷിക്കും. അവരുടെ കരാറുകളും വിശ്വാസ്യതയും വഞ്ചിക്കപ്പെടുകയും തകരുകയും ചെയ്യും. അവർ അഭിപ്രായവ്യത്യാസത്തിലാവുകയും ഇപ്രകാരമെല്ലാം കുഴഞ്ഞു മറിയുകയും ചെയ്യും” എന്ന് പറഞ്ഞ് അവിടുന്ന് വിരലുകൾ കോർത്തു കാണിച്ചു. അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, ആ സമയത്ത് അവിടുന്ന് ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?” അവിടുന്ന് പറഞ്ഞു: “നിങ്ങൾ ശരിയെന്ന് അറിയുന്ന കാര്യങ്ങൾ സ്വീകരിക്കുക, നിഷിദ്ധമെന്ന് കാണുന്നത് ഉപേക്ഷിക്കുക. നിങ്ങളുടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക, പൊതുജനങ്ങളുടെ കാര്യങ്ങൾ വിട്ടേക്കുക.”

    അബൂ നുഐം(റ) ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “നിങ്ങൾ അരിച്ചെടുക്കപ്പെടുകയും ഒടുവിൽ ജനങ്ങളിലെ കൊള്ളരുതാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അവരുടെ കരാറുകൾ ലംഘിക്കപ്പെടുകയും അമാനത്തുകൾ ഇല്ലാതാവുകയും ചെയ്യും.”

    ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അപ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?”

    അവിടുന്ന് പറഞ്ഞു: “നിങ്ങൾ ശരിയെന്ന് അറിയുന്നത് ചെയ്യുക, തെറ്റെന്ന് കാണുന്നതിനെ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുകയും ചെയ്യുക.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...