
തിരുനബിﷺയിൽ നിന്ന് വിശ്വസ്തരായ നിവേദകരിലൂടെ അനസ്(റ) ഉദ്ധരിക്കുന്നു. അനസ്(റ) പറഞ്ഞു:
ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ മറ്റൊരാളുടെ ശത്രുക്കൾക്കെതിരെയുള്ള പോരാട്ടവീര്യത്തെയും അദ്ദേഹത്തിന്റെ ആരാധനകളിലെ പരിശ്രമത്തെയും കുറിച്ച് പരാമർശിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “എനിക്ക് ഇയാളെ അറിയില്ലല്ലോ.”
അയാൾ പറഞ്ഞു: “അദ്ദേഹത്തിന്റെ അടയാളങ്ങൾ ഇന്നയിന്ന പ്രകാരമാണ് എന്ന് വിവരണം നൽകി.” തിരുനബിﷺ വീണ്ടും പറഞ്ഞു: “എനിക്ക് ഇയാളെ അറിയില്ല.”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ആ വ്യക്തി അവിടെ പ്രത്യക്ഷപ്പെട്ടു. അപ്പോൾ ആ സ്വഹാബി പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഇതാണ് ആ ആൾ!” തിരുനബിﷺ പറഞ്ഞു: “എനിക്ക് ഇയാളെക്കുറിച്ച് അറിയില്ലായിരുന്നു. എന്റെ ഉമ്മത്തിൽ ഞാൻ കാണുന്ന ആദ്യത്തെ ദുരന്തക്കൊമ്പാണിത്. തീർച്ചയായും ഇയാളിൽ പിശാചിന്റെ കറുത്ത അടയാളമുണ്ട്.” ആ വ്യക്തി അടുത്തേക്ക് വന്ന് സലാം പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന് സലാം മടക്കി. തുടർന്ന് അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: “അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു; നീ ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ, ഈ ജനങ്ങളിൽ നിന്നെക്കാൾ ഉത്തമനായി ആരുമില്ല എന്ന് നിന്റെ മനസ്സിൽ തോന്നിയിരുന്നോ?” അയാൾ പറഞ്ഞു: “അതെ, അല്ലാഹുവാണെ!” തുടർന്ന് അയാൾ നിസ്കരിക്കാനായി പള്ളിയിൽ പ്രവേശിച്ചു.
ജാബിർ(റ) പറഞ്ഞു: തിരുനബിﷺയുടെ സന്നിധിയിലൂടെ ഒരാൾ കടന്നുപോയപ്പോൾ സ്വഹാബികൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയും നല്ലത് പറയുകയും ചെയ്തു. അബൂ ബക്‌റ(റ) പറഞ്ഞു:
തിരുനബിﷺ നിസ്കാരത്തിലേക്ക് പോകുമ്പോൾ സുജൂദിലായിരുന്ന ഒരു വ്യക്തിയുടെ അടുക്കലൂടെ കടന്നുപോയി. തിരുനബിﷺ നിസ്കാരം പൂർത്തിയാക്കി മടങ്ങിവരുമ്പോഴും അയാൾ അതേപടി സുജൂദിൽ തന്നെയായിരുന്നു.
തുടർന്നുള്ള സംഭവങ്ങളിൽ നിവേദനങ്ങൾ യോജിക്കുന്നു. തിരുനബിﷺ ചോദിച്ചു: “ആരാണ് ഇയാളെ വധിക്കുക?”
മറ്റൊരു റിപ്പോർട്ടിൽ: തിരുനബിﷺ അബൂബക്കർ(റ)നോട് പറഞ്ഞു: “നീ എഴുന്നേറ്റ് പോയി ഇയാളെ വധിക്കുക.”
അബൂബക്കർ(റ) ചെന്നപ്പോൾ അയാൾ എഴുന്നേറ്റുനിന്ന് നിസ്കരിക്കുകയായിരുന്നു. അബൂബക്കർ(റ) തന്റെ മനസ്സിൽ പറഞ്ഞു: നിസ്കാരത്തിന് ഒരു വിശുദ്ധിയും അവകാശവുമുണ്ട്. അതിനാൽ തിരുനബിﷺയിൽ നിന്ന് ഒരിക്കൽകൂടി അനുവാദം ചോദിക്കുന്നതാണ് നല്ലത്.’ അങ്ങനെ അദ്ദേഹം തിരുനബിﷺയുടെ അടുക്കലേക്ക് തിരിച്ചെത്തി. തിരുനബിﷺ ചോദിച്ചു: “നീ അവനെ വധിച്ചോ?”
അദ്ദേഹം പറഞ്ഞു: “ഇല്ല, അദ്ദേഹം നിസ്കരിക്കുന്നത് ഞാൻ കണ്ടു. നിസ്കാരത്തിന് അർഹമായ വിശുദ്ധിയും അവകാശവുമുണ്ട്. അങ്ങേക്ക് നിർബന്ധമാണെങ്കിൽ ഞാൻ അവനെ വധിക്കാം.”
തിരുനബിﷺ പറഞ്ഞു: “നീ അല്ല അതിന് അനുയോജ്യനായ ആൾ. ഉമർ(റ), നീ പോയി അവനെ വധിക്കുക.”
ഉമർ(റ) പള്ളിയിൽ പ്രവേശിച്ചപ്പോൾ അയാൾ സുജൂദിലായിരുന്നു. ഉമർ(റ) കുറെ സമയം കാത്തുനിന്നു. ശേഷം മനസ്സിൽ പറഞ്ഞു: ‘സുജൂദിന് ഒരു അവകാശമുണ്ട്. എന്നെക്കാൾ ഉത്തമനായ അബൂബക്കർ(റ) തിരുനബിﷺനോട് വീണ്ടും അനുവാദം ചോദിച്ചതുപോലെ ഞാനും ആലോചിക്കുന്നതാണ് നല്ലത്.’ അങ്ങനെ അദ്ദേഹം തിരുനബിﷺയുടെ അടുക്കലേക്ക് തിരികെ വന്നു. അവിടുന്ന് ചോദിച്ചു: “നീ അവനെ വധിച്ചോ?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഇല്ല. അയാൾ സുജൂദിൽ കിടക്കുന്നത് ഞാൻ കണ്ടു. സുജൂദിന് ഒരു അവകാശമുണ്ട്. അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ അവനെ വധിക്കാം.”
തിരുനബിﷺ പറഞ്ഞു: “നീയും അല്ല അതിന് അനുയോജ്യനായ ആൾ. അലീ(റ), നീ എഴുന്നേൽക്കൂ! നീ തന്നെയാണ് അതിന് അനുയോജ്യൻ, നീ അവനെ കണ്ടെത്തുകയാണെങ്കിൽ.”
അലി(റ) പോയപ്പോൾ അയാൾ പള്ളിയിൽ നിന്ന് പുറത്തുപോയിരുന്നു. അലി(റ) തിരുനബിﷺയുടെ അടുത്തേക്ക് മടങ്ങിവന്നു. തിരുനബിﷺ ചോദിച്ചു: “നീ അവനെ വധിച്ചോ?”അദ്ദേഹം പറഞ്ഞു: “ഇല്ല.”
അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവൻ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ, ദജ്ജാൽ പുറപ്പെടുന്നത് വരെ എന്റെ ഉമ്മത്തിൽ രണ്ടുപേർ പോലും ഭിന്നിക്കുകയില്ലായിരുന്നു.”
മറ്റൊരു റിപ്പോർട്ടിൽ: “എങ്കിൽ അത് ആദ്യത്തെയും അവസാനത്തെയും കുഴപ്പമാകുമായിരുന്നു അഥവാ ആ കുഴപ്പം അവിടംകൊണ്ട് അവസാനിക്കുമായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
