
ഇമാം അഹ്മദ്(റ) സ്വഹീഹായ നിവേദക പരമ്പരയോടെ ശദ്ദാദ് ബിൻ ഔസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും എന്റെ ഉമ്മത്തിന്റെ മേൽ വഴിപിഴപ്പിക്കുന്ന നേതാക്കളെ മാത്രമാണ് ഞാൻ ഭയപ്പെടുന്നത്. എന്റെ ഉമ്മത്തിൽ എപ്പോൾ വാൾ വെക്കപ്പെടുന്നുവോ അഥവാ അഭ്യന്തര യുദ്ധം ഉണ്ടാകുന്നുവോ അത് അന്ത്യനാൾ വരെ അവരിൽ നിന്ന് ഉയർത്തപ്പെടുകയില്ല.”
ഇമാം ത്വബ്റാനി(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
“അവസാനകാലത്ത് അക്രമികളായ ഭരണാധികാരികളും, അധർമ്മികളായ മന്ത്രിമാരും, വഞ്ചകരായ ന്യായാധിപന്മാരും, വ്യാജന്മാരായ കർമ്മശാസ്ത്ര പണ്ഡിതന്മാരും ഉണ്ടാകും. അതിനാൽ ആരെങ്കിലും ആ കാലഘട്ടത്തിന് സാക്ഷിയായാൽ, അവൻ അവരുടെ നികുതി പിരിവുകാരനോ തലവനോ പോലീസുകാരനോ ആകരുത്.”
ഇമാം അൽ-ബസ്സാർ(റ) മുആദ് ബിൻ ജബൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
“വ്യാജന്മാരായ ഭരണാധികാരികളെയും, ദുഷ്ടന്മാരായ മന്ത്രിമാരെയും, വഞ്ചകരായ വിശ്വസ്തരെയും, അധർമ്മികളായ ഖുർആൻ പാരായണക്കാരെയും അല്ലാഹു നിയോഗിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അവരുടെ വേഷം സാത്വികരുടെ വേഷമായിരിക്കും, എന്നാൽ അവർക്ക് ജനങ്ങളോട് യാതൊരു കരുണയുമുണ്ടാകില്ല. അല്ലാഹു അവരെ കറുത്തതും ഇരുണ്ടതുമായ ഒരു പരീക്ഷണത്തിൽ അകപ്പെടുത്തും. യഹൂദന്മാർ അന്ധകാരത്തിൽ ഉഴലുന്നത് പോലെ അവർ അതിൽ ഉഴലും.”
ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്ക് മേൽ അഗ്നിയാരാധകരെക്കാൾ മോശക്കാരായ ഭരണാധികാരികൾ വരാനുണ്ട്.”
ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അവസാനകാലത്ത് ഈ ഉമ്മത്തിൽ ചിലർ ഉണ്ടാകും” അല്ലെങ്കിൽ അരുളി: “അവസാനകാലത്ത് ഈ ഉമ്മത്തിൽ നിന്ന് ചില പുരുഷന്മാർ പുറപ്പെടും; അവരുടെ പക്കൽ പശുവിന്റെ വാല് പോലെയുള്ള ചമ്മട്ടികളുണ്ടാകും. അവർ പ്രഭാതത്തിൽ പുറപ്പെടുന്നത് അല്ലാഹുവിന്റെ കോപത്തിലും, വൈകുന്നേരം മടങ്ങുന്നത് അവന്റെ ക്രോധത്തിലുമായിരിക്കും.”
അൽ-ബസ്സാർ(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “നിനക്ക് ദീർഘായുസ്സ് ലഭിക്കുകയാണെങ്കിൽ, കയ്യിൽ പശുവിന്റെ വാല് പോലെയുള്ള ചമ്മട്ടികൾ ഏന്തി, അല്ലാഹുവിന്റെ കോപത്തിൽ പ്രഭാതം കൂട്ടുകയും അവന്റെ ശാപത്തിൽ വൈകുന്നേരം മടങ്ങുകയും ചെയ്യുന്ന ഒരു ജനതയെ നീ വൈകാതെ കണ്ടേക്കാം.”
അബൂ യഅ്‌ലാ(റ) മുആവിയ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തങ്ങളുടെ വാക്ക് തിരുത്തപ്പെടാത്ത അഥവാ ചോദ്യം ചെയ്യപ്പെടാത്ത ചില ഭരണാധികാരികൾ വരാനുണ്ട്. അവർ നരകത്തിലേക്ക് വീണുകൊണ്ടിരിക്കും.” മറ്റൊരു നിവേദനത്തിൽ: “കുരങ്ങുകൾ ഒന്നിന് പുറകെ ഒന്നായി ചാടിവീഴുന്നത് പോലെ അവർ നരകത്തിലേക്ക് കൂട്ടത്തോടെ ചാടിവീഴും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
