Tweet 1482

    Tweet 1482
    July 5, 2026 • Sunday
    Post Header

    വരാനിരിക്കുന്ന ഭരണാധികാരികളുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചതിൽ ചിലത് ഇങ്ങനെയാണ്. ഇമാം ത്വബ്റാനി(റ) അബൂസഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഞങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രസംഗത്തിൽ അവിടുന്ന് പറഞ്ഞു: “അറിയുക, ഞാൻ അല്ലാഹുവിങ്കലേക്ക് വിളിക്കപ്പെടാനും അതിന് ഉത്തരം നൽകാനും സമയമടുത്തിരിക്കുന്നു. എനിക്ക് ശേഷം നിങ്ങളുടെ മേൽ ചിലഭരണാധികാരികൾ വരും, നിങ്ങൾ പ്രവർത്തിക്കുന്നതനുസരിച്ചും നിങ്ങൾക്ക് അറിയാവുന്ന നന്മകൾ അനുസരിച്ചും അവർ പ്രവർത്തിക്കും. അവരെ അനുസരിക്കൽ അല്ലാഹുവിനെ അനുസരിക്കലാണ്. നിങ്ങൾ കുറച്ചുകാലം ആ അവസ്ഥയിൽ തുടരും. പിന്നീട് അവർക്ക് ശേഷം മറ്റൊരു കൂട്ടർ വരും; നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ അവർ പ്രവർത്തിക്കും, നിങ്ങൾക്ക് അപരിചിതമായവ അവർ ചെയ്യും. അങ്ങനെയുള്ളവരെ ആരെങ്കിലും സഹായിക്കുകയോ അവർക്ക് ഗുണകാംക്ഷ കാണിക്കുകയോ ചെയ്താൽ, അവർ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ശരീരങ്ങൾ കൊണ്ട് അവരുമായി ഇടകലരുക, എന്നാൽ നിങ്ങളുടെ കർമ്മങ്ങൾ കൊണ്ട് അവരിൽ നിന്ന് അകന്നുനിൽക്കുക. നന്മ ചെയ്യുന്നവൻ നന്മ ചെയ്യുന്നവനാണെന്നും തിന്മ ചെയ്യുന്നവൻ തിന്മ ചെയ്യുന്നവനാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക.”

    ഇമാം തബ്റാനി(റ) അബ്ദുല്ലാഹിബ്നു ബുസ്ർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ചോദിച്ചു: അത്തരം ഭരണാധികാരികൾ നിങ്ങളുടെ മേൽ വന്നാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?

    ഇമാം തബ്റാനി(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം ചില നേതാക്കന്മാർ വരും, അവർ പ്രസംഗപീഠങ്ങളിൽ ഇരിക്കുമ്പോൾ ജ്ഞാനമുള്ള കാര്യങ്ങൾ സംസാരിക്കും. എന്നാൽ അവിടെനിന്ന് ഇറങ്ങിക്കഴിഞ്ഞാൽ ആ ജ്ഞാനം അവരിൽ നിന്ന് നീക്കപ്പെടും. അവരുടെ ശരീരങ്ങൾ ചത്ത ശവങ്ങളേക്കാൾ മോശമായിരിക്കും.”

    ഇമാം തബ്റാനി(റ) മുആദ് ബിൻ ജബൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അറിയുക, നിങ്ങളുടെ മേൽ ചില ഭരണാധികാരികൾ വരും. അവർ അവർക്ക് വേണ്ടി കൽപിക്കുന്ന നീതി നിങ്ങൾക്ക് വേണ്ടി കൽപിക്കുകയില്ല അഥവാ അവർ സ്വാർത്ഥരായിരിക്കും. നിങ്ങൾ അവരെ അനുസരിച്ചില്ലെങ്കിൽ അവർ നിങ്ങളെ കൊന്നുകളയും. നിങ്ങൾ അവരെ അനുസരിച്ചാലോ, അവർ നിങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്യും.” ജനങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെﷺ, അപ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? തിരുനബിﷺ പറഞ്ഞു: “ഈസാ നബി(അ)യുടെ അനുചരന്മാർ ചെയ്തതുപോലെ ചെയ്യുക; അവർ ഈർച്ചവാളുകൾ കൊണ്ട് അരിയപ്പെടുകയും മരക്കുരിശുകളിൽ തറയ്ക്കപ്പെടുകയും ചെയ്തു. അല്ലാഹുവെ അനുസരിച്ചുകൊണ്ടുള്ള മരണമാണ് അവനെ ധിക്കരിച്ചുകൊണ്ടുള്ള ജീവിതത്തേക്കാൾ ഉത്തമം.”

    ത്വബ്റാനി(റ) ഉബാദത്തുബ്നു സ്വാമിത്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഭരണാധികാരികളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു: “നിങ്ങളുടെ മേൽ ചില ഭരണാധികാരികൾ വരും; നിങ്ങൾ അവരെ അനുസരിച്ചാൽ അവർ നിങ്ങളെ നരകത്തിൽ എത്തിക്കും, നിങ്ങൾ അവരെ ധിക്കരിച്ചാൽ അവർ നിങ്ങളെ കൊന്നുകളയും.” അപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെﷺ, അവരുടെ പേര് ഞങ്ങൾക്ക് പറഞ്ഞുതരൂ, ഞങ്ങൾ അവരുടെ മുഖത്ത് മണ്ണുവാരിയെറിയാം! തിരുനബിﷺ പറഞ്ഞു: “അവർ നിങ്ങളുടെ മുഖത്ത് മണ്ണുവാരിയെറിയുകയും നിങ്ങളുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും ചെയ്തേക്കാം അഥവാ അത്രത്തോളം അവർ ക്രൂരന്മാരായിരിക്കും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...