
കവിതാ ശകലത്തിന്റെ സാരം ഇങ്ങനെ പകർത്താം.
‘ഉമ്മു മഅബദിൻ ഖൈമയിലെത്തിയ
ആത്മമിത്രങ്ങളാമിരുവർക്കുമേകണേ
അല്ലാഹുവേ നിന്റെ കൃപാ കടാക്ഷങ്ങൾ
നന്മയാലവരെത്തി ധർമ്മത്തിൻ വാഹകരായ്
മുത്തു മുഹമ്മദിൻ മിത്രങ്ങളായവർ
എത്രയോ ഭാഗ്യം ലഭിച്ച സമുന്നതർ
അർത്ഥമില്ലാ വൃത്തി ചെയ്യും ഖുസയ്യേ നീ
അറിയണം നിന്റെ കർമ്മങ്ങളഖിലവും
അല്ലാഹു പാലിച്ച് വെക്കുകയില്ലെന്ന്
ചോദിച്ചു നോക്കിടൂ പെങ്ങളോടൊരുമാത്ര,
ആടിന്റെ കഥയെന്ത്? പാത്രത്തിൻ കഥയെന്ത്?
ആടുതാൻ ചൊന്നിടും സാക്ഷിപ്രമാണങ്ങൾ
കറവയില്ലാത്തൊരു ആടിനെ ചോദിച്ചു
ചുരത്തിയത് നൽകി ക്ഷീരക്കുടത്തിനെ
മതിവരുവോളം കുടിച്ചു സഞ്ചാരികൾ
വിട ചൊല്ലും നേരത്തവൾക്കേകി പാനവും
പാത്രത്തിൽ നുരയുന്ന ക്ഷീര സമൃദ്ധിയും
ഉറവയും കറവയും വറ്റാത്ത നന്മയും’
ഉമ്മു മഅബദിൻ്റെ കുടിലിൽ നിന്നിറങ്ങി ഖുദൈദ് താഴ്‌വരയിലേക്കാണ് വാഹനം പ്രവേശിച്ചത്. ചെങ്കടൽ വരെ വ്യാപിച്ചു കിടക്കുന്ന നൂറ്റിഅൻപത് കിലോമീറ്റർ താഴ്‌വരയാണ് ഖുദൈദ്. ഈ താഴ്‌വരയുടെ വടക്ക് ഭാഗം അൽമുശല്ലൽ ലാവാ ട്രാക്ടിന്റെ അതിർത്തിയാണ്.
അബൂബക്കർ (റ) പറയുന്നതായി ഇമാം ബൈഹഖി(റ) ഉദ്ദരിക്കുന്ന ഒരു കഥനം ഇങ്ങനെ വായിക്കാം. ഞാനും നബി ﷺ യും മക്കയിൽ നിന്ന് പുറപ്പെട്ടു. ഒരു അറബി ഗ്രാമത്തിലെത്തി. അപ്പോഴതാ ചരുവിലേക്ക് നിൽക്കുന്ന ഒരു കുടിൽ. നബി ﷺ ആ കുടിൽ ലക്ഷ്യം വച്ച് നീങ്ങി. അടുത്തെത്തിയപ്പോൾ അവിടെ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. അവൾ പറഞ്ഞു.
നിങ്ങൾ ഇവിടെ ആഥിത്യം ആഗ്രഹിക്കുന്നു എങ്കിൽ ഈ ഗ്രാമത്തിലെ മുഖ്യനോട് പറയുക. ഇപ്പോഴിവിടെ ഞാൻ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. ഞങ്ങൾ ഒന്നും പ്രതികരിച്ചില്ല. അധികം വൈകാതെ തന്നെ അവളുടെ മകൻ ആടുകളെയും തെളിച്ച് വീട്ടിലേക്ക് വന്നു. അപ്പോൾ അവൾ മകനോട് പറഞ്ഞു മോനേ ഒരാടിനെയും കത്തിയും അവർക്ക് നൽകൂ. എന്നിട്ട് ഉമ്മ പറഞ്ഞു, ആടിനെ അറുത്ത് ഭക്ഷണം തയ്യാർ ചെയ്തു കൊള്ളാൻ പറയൂ. മകൻ വന്ന് കാര്യം പറഞ്ഞപ്പോൾ നബി ﷺ പറഞ്ഞു, കത്തി അവിടെ വച്ചിട്ട് പാൽ കുടിക്കാനുള്ള പാത്രം വാങ്ങി വരൂ. നബി ﷺ അതിന്റെ അകിടിൽ തലോടി. നന്നായി പാൽ കറന്നു. ശേഷം, പാത്രം നിറയെ പാൽ വീട്ടുകാരിക്ക് കുടിക്കാൻ കൊടുത്തയച്ചു. അവർ പാനം ചെയ്തു. അടുത്ത പാത്രം വരുത്തി. അതിൽ പാൽ കറന്ന് അബൂബക്കറിന് നൽകി. അടുത്ത കോപ്പ കറന്ന് നബി ﷺ പാനം ചെയ്തു.
തുടർന്ന് രണ്ട് ദിവസം അവിടെ താമസിച്ചു. ആ ഗ്രാമീണയുടെ ആടുകൾ പെരുകി. അവൾ നബി ﷺ യെ മുബാറക് (അനുഗ്രഹീത വൃക്തി) എന്നാണ് പരിചയം വെച്ചിരുന്നത്. നാളുകൾക്ക് ശേഷം ഉമ്മയും മകനും ആടുകളെയും തെളിച്ച് മദീനയിലെത്തി. യാദൃഛികമായി അവർ അബൂബക്കർ(റ)ന്റെ അടുത്തെത്തി. മകനെക്കണ്ടപ്പോൾ സിദീഖ്(റ)ന് ആളുകളെ മനസ്സിലായി. മകൻ ഉമ്മയോട് പറഞ്ഞു. ഉമ്മാ അന്ന് ആ മുബാറക്കിന്റെ കൂടെ വന്നയാളാണിത്. ഉമ്മക്കും മനസ്സിലായി. അവർ ചോദിച്ചു. അന്ന് ഒപ്പമുണ്ടായിരുന്ന ആ വ്യക്തി ആരാണ്? അതാരാണെന്ന് നിങ്ങൾക്കറിയില്ലേ? ഇല്ല. അതാണ്ആ പ്രവാചകൻ ﷺ. അവൾ ചോദിച്ചു. ഒന്നു കാണാൻ പറ്റുമോ? അവരെ നബി ﷺ യുടെ സന്നിധിയിലെത്തിച്ച് സൽക്കാരം നൽകി. അവർ അവരുടെ പക്കലുണ്ടായിരുന്ന പാൽ കട്ടിയും മറ്റു നാടൻ സാധനങ്ങളും നബി ﷺ ക്ക് സമ്മാനിച്ചു. നബി ﷺ അവർക്ക് വസ്ത്രങ്ങളും മറ്റും പാരിതോഷികം നൽകി. അബൂബക്കർ(റ) പറഞ്ഞു. അവർ ഇസ്‌ലാം സ്വീകരിച്ചു എന്നതിനപ്പുറം പിന്നീട് കൂടുതൽ വിവരങ്ങളൊന്നും അവരെക്കുറിച്ചറിവില്ല.
ഉമ്മു മഅബദിൻ്റെ സംഭവവുമായി പല സമാനതകളും ഈ നിവേദനത്തിനുള്ളതിനാൽ ഇത് ഒരേ സംഭവത്തിന്റെ രണ്ട് ആഖ്യാനങ്ങളായി ഇമാം ബൈഹഖി(റ)യും ഇബ്നു ഇസ്ഹാഖും(റ) നിരീക്ഷിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
