
പള്ളികൾ അലങ്കരിക്കപ്പെടുമെന്നും അതിനെച്ചൊല്ലി ജനങ്ങൾ പരസ്പരം പെരുമ നടിക്കുമെന്നും തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇമാം അഹ്‌മദ്(റ), അബൂദാവൂദ്(റ), നസാഈ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: മനുഷ്യർ പള്ളികളുടെ കാര്യത്തിൽ പരസ്പരം പെരുമ നടിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “പള്ളികൾ ആഡംബരത്തോടെ ഉയർത്തിപ്പണിയാൻ എനിക്ക് കൽപ്പന നൽകപ്പെട്ടിട്ടില്ല.” ഇബ്നു അബ്ബാസ്(റ) പറഞ്ഞു:
“യഹൂദരും നസ്രാണികളും അവരുടെ ആരാധനാലയങ്ങൾ അലങ്കരിച്ചതുപോലെ തീർച്ചയായും നിങ്ങളും പള്ളികൾ അലങ്കരിക്കുക തന്നെ ചെയ്യും.”
ഇബ്നു മാജ(റ) അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം യഹൂദർ അവരുടെ സിനഗോഗുകളും, നസ്രാണികൾ അവരുടെ പള്ളികളും അലങ്കരിച്ചതുപോലെ നിങ്ങളും നിങ്ങളുടെ പള്ളികൾ അലങ്കരിക്കുന്നതായി ഞാൻ കാണുന്നു.”
അൽ-ഹാകിം(റ) തന്റെ താരീഖിൽ ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
“എന്റെ ഉമ്മത്തിന്റെ അവസാനകാലത്ത് ഒരു ജനവിഭാഗം ഉണ്ടാകും; അവർ തങ്ങളുടെ പള്ളികൾ അലങ്കരിക്കുകയും എന്നാൽ അവരുടെ ഹൃദയങ്ങളെ നശിപ്പിക്കുകയും ചെയ്യും. അവരിലൊരാൾ തന്റെ വസ്ത്രത്തിന്മേൽ കാണിക്കുന്ന സൂക്ഷ്മതയൊന്നും സ്വന്തം മതത്തിന്റെ കാര്യത്തിൽ കാണിക്കുകയില്ല. തന്റെ ഭൗതികജീവിതം സുരക്ഷിതമായിരുന്നാൽ ദീനിന് എന്ത് സംഭവിച്ചാലും അവനത് ഒരു പ്രശ്നമായിരിക്കില്ല.”
ഇമാം അഹ്‌മദും(റ) ഇബ്നു മൻദഹും(റ) ഇംറാൻ ബിൻ ഹുസൈൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം ഖുർആൻ പാരായണം ചെയ്തുകൊണ്ട് ജനങ്ങളോട് യാചിക്കുന്ന ഒരാളുടെ അരികിലൂടെ നടന്നുപോവുകയുണ്ടായി. അപ്പോൾ ഇംറാൻ(റ) ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന് ചൊല്ലിക്കൊണ്ട് പറഞ്ഞു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ആരെങ്കിലും ഖുർആൻ ഓതിയാൽ അത് മുഖേന അവൻ അല്ലാഹുവോട് ചോദിച്ചുകൊള്ളട്ടെ. കാരണം, ഖുർആൻ പാരായണം ചെയ്യുകയും അത് മുഖേന ജനങ്ങളോട് യാചിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗം വരാനിരിക്കുന്നുണ്ട്.”
ഇമാം അഹ്‌മദും(റ), ത്വബറാനി(റ), ബൈഹഖി(റ) ഇംറാൻ ബിൻ ഹുസൈൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ഖുർആൻ ഓതിക്കൊണ്ട് ജനങ്ങളോട് യാചിക്കുന്ന ഒരു ജനവിഭാഗം വരുന്നതിന് മുൻപായിട്ട് നിങ്ങൾ ഖുർആൻ പാരായണം ചെയ്യുകയും അത് മുഖേന അല്ലാഹുവോട് ചോദിക്കുകയും ചെയ്യുക.”
ഇമാം അഹ്‌മദ്(റ), അബൂദാവൂദ്(റ), ഇബ്നു മനീഅ്(റ), ബൈഹഖി(റ), ളിയാഅ്(റ) എന്നിവർ ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. അമ്പ് നേരെയാക്കുന്നതുപോലെ ഖുർആൻ അക്ഷരങ്ങൾ നേരെയാക്കി ഓതുകയും, എന്നാൽ അതിന്റെ പ്രതിഫലം പരലോകത്തേക്ക് മാറ്റിവെക്കാതെ ഈ ദുൻയാവിൽ തന്നെ ധൃതിപ്പെട്ട് വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വിഭാഗം വരുന്നതിന് മുൻപായിട്ട് നിങ്ങൾ ഖുർആൻ പാരായണം ചെയ്യുകയും അത് മുഖേന അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുകയും ചെയ്യുക.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
