Tweet 1460

    Tweet 1460
    June 13, 2026 • Saturday
    Post Header

    ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ വെള്ള വസ്ത്രം ധരിച്ച് തിരുനബിﷺയുടെ അരികിലൂടെ നടന്നുപോയി. അവിടുന്ന് ദിഹ്‌യതുൽ കൽബി(റ)യുമായി രഹസ്യം പറയുകയായിരുന്നു. അത് ജിബ്‌രീൽ(അ) ആയിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു, അതിനാൽ ഞാൻ സലാം പറഞ്ഞില്ല. അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു: “അവന്റെ വസ്ത്രങ്ങൾ എത്ര വെളുത്തതാണ്! അവന്റെ സന്തതികൾ അവന് ശേഷം വലിയ സ്ഥാനങ്ങളിൽ എത്തും. അവൻ സലാം പറഞ്ഞിരുന്നെങ്കിൽ ഞാൻ മറുപടി നൽകുമായിരുന്നു.” ഞാൻ മടങ്ങിവന്നപ്പോൾ തിരുനബിﷺ ചോദിച്ചു: “നിനക്ക് സലാം പറയുന്നതിന് എന്താണ് തടസ്സമായത്?” ഞാൻ പറഞ്ഞു: “അങ്ങ് ദിഹ്‌യതുൽ കൽബി(റ)യോട് സംസാരിക്കുന്നത് ഞാൻ കണ്ടു, അതിനാൽ നിങ്ങളുടെ സംസാരം തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല.” അവിടുന്ന് ചോദിച്ചു: “നീ അദ്ദേഹത്തെ കണ്ടോ?” ഞാൻ പറഞ്ഞു: “അതെ.” അവിടുന്ന് പറഞ്ഞു: “തീർച്ചയായും നിന്റെ കാഴ്ച നഷ്ടപ്പെടുകയും, മരണസമയത്ത് അത് നിനക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യും.”

    ഇബ്‌നു അബ്ബാസ്(റ)വിന്റെ വിയോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ്. ഇക്‌രിമ(റ) നിവേദനം ചെയ്യുന്നു: ഇബ്‌നു അബ്ബാസ്(റ) മരണപ്പെടുകയും അദ്ദേഹത്തെ മയ്യത്ത് കട്ടിലിൽ കിടത്തുകയും ചെയ്തപ്പോൾ, കടും വെളുപ്പ് നിറമുള്ള ഒരു പക്ഷി വന്നു. അത് അദ്ദേഹത്തിന്റെ കഫൻപുടവയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. പിന്നീട് അതിനെ പുറത്തേക്ക് കണ്ടതുമില്ല. അപ്പോൾ ഇക്‌രിമ(റ) പറഞ്ഞു: “ഇത് തിരുനബിﷺ അദ്ദേഹത്തിന് നൽകിയ ശുഭവാർത്തയാകുന്നു.” അദ്ദേഹത്തെ ഖബറിലേക്ക് വെച്ചപ്പോൾ, ഖബറിന്റെ വക്കിൽ നിന്ന് ഒരു ശബ്ദം കേൾക്കുകയുണ്ടായി: “ഹേ, ശാന്തി കൈവരിച്ച ആത്മാവേ, നീ നിന്റെ നാഥനിലേക്ക്‌ തൃപ്തിപ്പെട്ടുകൊണ്ടും അവന്റെ തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. അങ്ങനെ എന്റെ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക.”

    ഖുർആനിലെ അൽ ഫജർ അധ്യായത്തിലെ ഇരുപത്തി ഏഴുമുതൽ മുപ്പത് വരെയുള്ള സൂക്തങ്ങളുടെ ആശയം കൂടിയാണ് ഈ അവസാന ഭാഗം.

    അബൂ നുഐം(റ), ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “തിരുനബിﷺ എന്നോട് പറഞ്ഞിരുന്നു എന്റെ കാഴ്ച നഷ്ടപ്പെടുമെന്ന്; അത് സംഭവിച്ചുകഴിഞ്ഞു. ഞാൻ വെള്ളത്തിൽ മുങ്ങിപ്പോകുമെന്നും അല്ലെങ്കിൽ നാടുവിടേണ്ടി വരുമെന്നും അവിടുന്ന് പറഞ്ഞിരുന്നു; അത് ത്വബരിയ്യ തടാകത്തിൽ സംഭവിച്ചു അഥവാ അവിടെ അവിടുന്ന് മുങ്ങി. ഒരു ഫിത്‌നയ്ക്ക് /കുഴപ്പത്തിന് ശേഷം ഞാൻ ഹിജ്‌റ പോകുമെന്നും അവിടുന്ന് എന്നോട് പറഞ്ഞിരുന്നു. അല്ലാഹുവേ, മുഹമ്മദ് ബിൻ അലി ബിൻ അബീത്വാലിബിലേക്കാണ് ഇന്ന് എന്റെ ഹിജ്‌റ എന്നതിന് ഞാൻ നിന്നെ സാക്ഷിയാക്കുന്നു.”

    അബൂഹുറൈറ(റ)വിന്റെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇമാം ഹാകിം(റ), അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അബൂഹുറൈറ(റ) അറിവിന്റെ പാത്രമാകുന്നു.”

    ഇബ്‌നു സഅ്ദ്(റ), ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “അബൂഹുറൈറ(റ) നമ്മളിൽ വെച്ച് തിരുനബിﷺയെ കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്നവരും അവിടുത്തെ ഹദീസുകൾ ഏറ്റവും കൂടുതൽ മനഃപാഠമാക്കിയവരുമാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...