Tweet 1458

    Tweet 1458
    June 11, 2026 • Thursday
    Post Header

    ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), ത്വഹാവി(റ), ഇബ്നു അബീ ആസ്വിം(റ), റൂയാനി(റ), ളിയാഅ്(റ) എന്നിവർ ബുറൈദ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.

    “ഈ ഉമ്മത്തിൽ ഏറ്റവും ഉത്തമർ ഞാൻ നിയോഗിക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ്. പിന്നീട് അവർക്ക് ശേഷം വരുന്നവരും, പിന്നീട് അവർക്ക് ശേഷം വരുന്നവരും. അതിനുശേഷം ഒരു ജനവിഭാഗം വരും; അവരുടെ സാക്ഷ്യപ്പെടുത്തൽ അവരുടെ സത്യത്തെയും, അവരുടെ സത്യം ചെയ്യൽ അവരുടെ സാക്ഷ്യപ്പെടുത്തലിനെയും മറികടക്കും അഥവാ അത്രത്തോളം അവർ ധൃതികൂട്ടുകയും കാര്യങ്ങളെ നിസ്സാരമാക്കുകയും ചെയ്യും.”

    സമവൈഹ്(റ), ഇബ്നു ഖാനിഅ്(റ), ബഗവി(റ), ത്വബ്റാനി(റ), ളിയാഅ്(റ) എന്നിവർ ബിലാൽ ബിൻ സഅ്ദ് ബിൻ തമീം അസ്സുകൂനി(റ)യിൽ നിന്ന് അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “എന്റെ ഉമ്മത്തിൽ ഏറ്റവും ഉത്തമർ ഞാനും എന്റെ കൂടെയുള്ളവരുമാണ്. പിന്നീട് രണ്ടാമത്തെ നൂറ്റാണ്ടിലുള്ളവർ, പിന്നീട് മൂന്നാമത്തെ നൂറ്റാണ്ടിലുള്ളവർ. അതിനുശേഷം ഒരു ജനവിഭാഗം വരും, അവരോട് സത്യം ചെയ്യാൻ ആവശ്യപ്പെടാതെ തന്നെ അവർ സത്യം ചെയ്യും, സാക്ഷ്യം ആവശ്യപ്പെടാതെ തന്നെ സാക്ഷ്യം പറയും. അവരെ വിശ്വസിച്ച് വല്ലതും ഏൽപ്പിച്ചാൽ അവരത് വീട്ടുകയില്ല.”

    ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ഇമാം ബുഖാരി(റ), മുസ്‌ലിം(റ), തിർമിദി(റ), ഇബ്നു മാജ(റ) എന്നിവർ ഇബ്നു മസ്ഊദി(റ)ൽ നിന്നും; ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ത്വബ്റാനി(റ) എന്നിവർ നുഅ്മാൻ ബിൻ ബശീറി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “മനുഷ്യരിൽ ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടിലുള്ളവരാണ്. പിന്നീട് അവർക്ക് ശേഷം വരുന്നവർ, പിന്നീട് അവർക്ക് ശേഷം വരുന്നവർ. അതിനുശേഷം ചില ജനവിഭാഗങ്ങൾ വരും; അവരിൽ ഒരാളുടെ സാക്ഷ്യം അയാളുടെ സത്യത്തെയും, അയാളുടെ സത്യം അയാളുടെ സാക്ഷ്യത്തെയും മറികടക്കും.”

    ഇമാം മുസ്‌ലിം(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പ്രസ്താവിച്ചു. “എന്റെ ഉമ്മത്തിൽ ഏറ്റവും ഉത്തമർ ഞാൻ നിയോഗിക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ്. പിന്നീട് അവർക്ക് ശേഷം വരുന്നവർ, പിന്നീട് അവർക്ക് ശേഷം വരുന്നവർ. അതിനുശേഷം ഒരു ജനത പകരമായി വരും; അവർ അമിതവണ്ണത്തെ അഥവാ ആഡംബര ജീവിതത്തെ ഇഷ്ടപ്പെടുന്നവരായിരിക്കും, അവരോട് സാക്ഷ്യം ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവർ സാക്ഷ്യം വഹിക്കുകയും ചെയ്യും.”

    ഇബ്നു അബീ ശൈബ(റ), തിർമിദി(റ), ഹാകിം(റ) എന്നിവർ ഇംറാൻ ബിൻ ഹുസൈൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അരുളി: “മനുഷ്യരിൽ ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടിലുള്ളവരാണ്. പിന്നീട് അവർക്ക് ശേഷം വരുന്നവർ, പിന്നീട് അവർക്ക് ശേഷം വരുന്നവർ. അതിനുശേഷം വരുന്ന ഒരു ജനവിഭാഗം തടിച്ചു കൊഴുക്കുകയും വണ്ണത്തെ ഇഷ്ടപ്പെടുകയും ചെയ്യും അല്ലെങ്കിൽ ഭൗതികസുഖങ്ങളിൽ മുഴുകും. അവരോട് ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവർ സാക്ഷ്യം നൽകും.”

    അബ്ദ് ബിൻ ഹുമൈദ്(റ), ഇബ്നു അബീ ശൈബ(റ), ബഗവി(റ), മാവർദി(റ), ഇബ്നു ഖാനിഅ്(റ), ഹാകിം(റ), അബൂ നുഐം(റ), ളിയാഅ്(റ) എന്നിവർ ജഅ്ദ ബിൻ ഹുബൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറയുന്നു. “മനുഷ്യരിൽ ഏറ്റവും ഉത്തമർ ഞാൻ ജീവിക്കുന്ന എന്റെ ഈ നൂറ്റാണ്ടിലുള്ളവരാണ്. പിന്നീട് അവർക്ക് ശേഷം വരുന്നവർ, പിന്നീട് അവർക്ക് ശേഷം വരുന്നവർ. അതിനുശേഷം വരുന്നവർ ഏറ്റവും മോശക്കാരായിരിക്കും.”

    ത്വബ്റാനി(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “മനുഷ്യരിൽ ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടിലുള്ളവരാണ്, പിന്നീട് രണ്ടാമത്തെ നൂറ്റാണ്ട്, പിന്നീട് മൂന്നാമത്തെ നൂറ്റാണ്ട്. അതിനുശേഷം ഒരു ജനവിഭാഗം വരും, അവരിൽ യാതൊരു നന്മയുമുണ്ടാവുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...