Tweet 1453

    Tweet 1453
    June 6, 2026 • Saturday
    Post Header

    ഇമാം ബൈഹഖി(റ) ഔൻ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “ഖുർആന്റെ വ്യാഖ്യാനത്തിൽ അൽ-ഖുറദ്വിയേക്കാൾ അറിവുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.”

    ഇമാം ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ സഈദ് ബിൻ അൽ-മുസയ്യബ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഉമ്മു സലമ(റ)യുടെ സഹോദരന് ഒരു ആൺകുട്ടി ജനിച്ചു. അവർ അവന് ‘വലീദ്’ എന്ന് പേരിട്ടു. അപ്പോൾ തിരുനബിﷺ ചോദിച്ചു: “നിങ്ങൾ നിങ്ങളുടെ ഫിർഔൻമാരുടെ പേരാണോ ഇടുന്നത്? ഈ ഉമ്മത്തിൽ ‘വലീദ്’ എന്ന് പേരുള്ള ഒരു മനുഷ്യൻ ഉണ്ടാകും. ഫിർഔൻ അവന്റെ ജനതയ്ക്ക് വരുത്തിയതിനേക്കാൾ വലിയ തിന്മയായിരിക്കും അവൻ എന്റെ ഉമ്മത്തിന് വരുത്തിവെക്കുക.”

    ഇമാം അഹ്മദ്(റ), ഉമർ ബിൻ ഖത്താബ്(റ)വിൽ നിന്നും ഇതിന് സമാനമായി നിവേദനം ചെയ്തിട്ടുണ്ട്. ഇമാം ഔസാഈ(റ) പറയുന്നു: ജനങ്ങൾ കരുതിയിരുന്നത് അത് ‘വലീദ് ബിൻ അബ്ദുൽ മലിക് ബിൻ യസീദ്’ആണെന്നാണ്.

    ഇമാം ഹാകിം(റ) ഇതേ സംഭവം ഇബ്നുൽ മുസയ്യബ്(റ) വഴി അബൂഹുറൈറ(റ)വിൽ നിന്ന് തുടർച്ചയായ പരമ്പരയോടെ നിവേദനം ചെയ്യുകയും അത് സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    സമുദായത്തിന്റെ നാശം കുന്തമുന അഥവാ യുദ്ധങ്ങൾ കൊണ്ടും പ്ലേഗ് അഥവാ മഹാമാരികൾ മൂലവുമായിരിക്കുമെന്നും ശാമിൽ സംഭവിക്കാനിരിക്കുന്ന പ്ലേഗിനെക്കുറിച്ചും തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരം വായിക്കാം.

    ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും അബൂമൂസ(റ)യിൽ നിന്നും, അതുപോലെ ത്വബ്റാനി(റ) ഇബ്നു ഉമറി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “എന്റെ ഉമ്മത്തിന്റെ നാശം ത്വഅ്ൻ, കുന്തമുന/യുദ്ധം, ത്വാഊൻ, പ്ലേഗ്/മഹാമാരി എന്നിവ മുഖേനയായിരിക്കും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരെﷺ, ത്വഅ്ൻ അഥവാ കുന്തം കൊണ്ടുള്ള കുത്ത് എന്താണെന്ന് ഞങ്ങൾക്ക് അറിയാം, എന്നാൽ എന്താണ് ഈ ത്വാഊൻ?” തിരുനബിﷺ പറഞ്ഞു: “അത് ജിന്നുകളായ നിങ്ങളുടെ ശത്രുക്കളുടെ കുത്തലാണ്. അതിലൂടെ മരണപ്പെടുന്ന എല്ലാറ്റിലും രക്തസാക്ഷിത്വമുണ്ട് .”

    ത്വബ്റാനി(റ) ആഇശ(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു; അവർ പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “എന്റെ സമുദായം ത്വഅ്ൻ, ത്വാഊൻ എന്നിവയാലല്ലാതെ നശിക്കുകയില്ല.” ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ഈ ത്വഅ്ൻ എന്താണെന്ന് ഞങ്ങൾക്കറിയാം, എന്നാൽ എന്താണ് ത്വാഊൻ?” തിരുനബിﷺ പറഞ്ഞു: “അത് ഒട്ടകത്തിന്റെ ശരീരത്തിലുണ്ടാകുന്ന മുഴ പോലുള്ള ഒരു മുഴയാണ്. അതിൽ ക്ഷമയോടെ നിലകൊള്ളുന്നവൻ രക്തസാക്ഷിയെപ്പോലെയാണ്, അതിൽ നിന്ന് ഭയന്നോടുന്നവൻ യുദ്ധക്കളത്തിൽ നിന്ന് ഓടിയൊളിച്ചവനെപ്പോലെയാണ്.”

    ഇമാം അഹ്മദ്(റ) മുആദ് ബിൻ ജബലി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “നിങ്ങൾ ശാമിലേക്ക് ഹിജ്റ പോകും, അത് നിങ്ങൾക്ക് കീഴടക്കപ്പെടും. അപ്പോൾ നിങ്ങൾക്ക് ഒരിനം വ്രണം അല്ലെങ്കിൽ ചെറിയ മുഴ പോലുള്ള രോഗം ബാധിക്കും. അത് മനുഷ്യന്റെ അടിവയറ്റിലാണ് ബാധിക്കുക. അതിലൂടെ അല്ലാഹു നിങ്ങൾക്ക് രക്തസാക്ഷിത്വം നൽകുകയും നിങ്ങളുടെ കർമ്മങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യും.”

    ഇമാം ത്വബ്റാനി(റ) മുആദ്(റ)വിൽ നിന്ന് തന്നെ നിവേദനം ചെയ്യുന്നു; തിരുനബിﷺ അരുൾ ചെയ്തു: “നിങ്ങൾ ‘ജാബിയ’ എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥലത്ത് താവളമടിക്കും. അപ്പോൾ ഒട്ടകത്തിന്റെ മുഴയ്ക്ക് സമാനമായ ഒരു രോഗം നിങ്ങളെ ബാധിക്കും. അതിലൂടെ അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും രക്തസാക്ഷിത്വം നൽകുകയും നിങ്ങളുടെ കർമ്മങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...