
തിരുനബിﷺയുടെ മറ്റുചില പ്രവചനങ്ങൾ കൂടി വ്യത്യസ്തമായ ചില നിവേദനങ്ങളിലൂടെ നമുക്ക് വായിച്ചു പോകാം.
ഗ്രാമീണനായ അറബി, അയാളുടെ തോൽപ്പാത്രം കീറുന്നതിന് മുൻപ് തന്നെ കൊല്ലപ്പെടുന്നതിനെക്കുറിച്ചു പറയുന്നത് നോക്കൂ. ഇമാം ത്വബ്റാനി(റ) കുദൈർ അള്ളബ്ബിയ്യി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു മരുഭൂമിയിലെ അറബി തിരുനബിﷺയുടെ അടുക്കൽ വന്ന് ചോദിച്ചു: “എന്നെ സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതുമായ പ്രവൃത്തിയെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും.”
അവിടുന്ന് പറഞ്ഞു: “നീ നീതി പറയുകയും, അധികമുള്ളത് ധർമ്മമായി നൽകുകയും ചെയ്യുക.”
അയാൾ പറഞ്ഞു: “അല്ലാഹുവിനെയാണെ സത്യം! എല്ലാ സമയത്തും നീതി മാത്രം പറയാൻ എനിക്ക് സാധിച്ചെന്നു വരില്ല, അധികമുള്ളത് നൽകാനും എനിക്ക് കഴിയില്ല.”
അപ്പോൾ തിരുനബിﷺ പറഞ്ഞു: “എങ്കിൽ നീ ആളുകൾക്ക് ഭക്ഷണം നൽകുകയും, സലാം വ്യാപിപ്പിക്കുകയും ചെയ്യുക.” അയാൾ പറഞ്ഞു: “ഇതും കഠിനമായ കാര്യം തന്നെയാണ്.” അവിടുന്ന് ചോദിച്ചു: “നിനക്ക് ഒട്ടകങ്ങളുണ്ടോ?” അയാൾ പറഞ്ഞു: “ഉണ്ട്.”
അവിടുന്ന് പറഞ്ഞു: “എങ്കിൽ നിന്റെ ഒട്ടകങ്ങളിൽ ഒരു ഒട്ടകത്തെയും ഒരു തോൽപ്പാത്രവും കരുതുക. ശേഷം, ഇടവിട്ട ദിവസങ്ങളിൽ മാത്രം വെള്ളം കുടിക്കാൻ കിട്ടുന്ന ഒരു വീട്ടുകാരെ ലക്ഷ്യമാക്കി പോവുക, എന്നിട്ട് അവരെ വെള്ളം കുടിപ്പിക്കുക. നിന്റെ ഒട്ടകം ചത്തുപോവുകയോ, തോൽപ്പാത്രം കീറിപ്പോവുകയോ ചെയ്യുന്നതിന് മുൻപ് തന്നെ നിനക്ക് സ്വർഗ്ഗം നിർബന്ധമായേക്കാം.”
അതു കേട്ട് ആ അഅ്റാബി ‘തക്ബീർ’ ധ്വനികളോടെ അവിടെനിന്ന് പുറപ്പെട്ടു. പിന്നീട് അയാളുടെ ഒട്ടകം ചാവുകയോ, തോൽപ്പാത്രം കീറുകയോ ചെയ്യുന്നതിന് മുൻപ് തന്നെ അദ്ദേഹം രക്തസാക്ഷിയായി വധിക്കപ്പെട്ടു.
ഇമാം ത്വബ്റാനി(റ) ‘മുസ്നദുശ്ശാമിയ്യീനി’ലും, ഇബ്നു ഹിബ്ബാൻ(റ) ‘അസ്സിക്കാത്തി’ലും ഇബ്രാഹീം ബിൻ അബീ അബ്ല(റ) വഴി ശരീക് ബിൻ ഖബാശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ബൈത്തുൽ മുഖദ്ദസിലെ സുലൈമാൻ നബി(അ)യുടെ കിണറ്റിൽ നിന്ന് വെള്ളം കോരാൻ പോയതായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ബക്കറ്റ് കിണറ്റിൽ വീണുപോയി. അത് എടുക്കാനായി അദ്ദേഹം കിണറ്റിലേക്ക് ഇറങ്ങി. അത് തിരയുന്നതിനിടയിൽ പെട്ടെന്ന് അവിടെയൊരു മരം കാണുകയും അതിൽ നിന്ന് ഒരു ഇലയെടുത്ത് കൂടെ കരുതുകയും ചെയ്തു. നോക്കുമ്പോൾ അത് ഈ ദുനിയാവിലെ മരങ്ങളുടെ ഇലയായിരുന്നില്ല.
അദ്ദേഹം ആ ഇലയുമായി ഉമർ(റ)യുടെ അടുക്കൽ വന്നു. അപ്പോൾ ഉമർ(റ) പറഞ്ഞു: “ഇത് സത്യമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ഈ സമുദായത്തിൽ പെട്ട, ദുനിയാവിലുള്ള ഒരു വ്യക്തി സ്വർഗ്ഗത്തിൽ പ്രവേശിക്കും’.” തുടർന്ന് ഉമർ(റ) ആ ഇല ഖുർആൻ പ്രതിയുടെ രണ്ട് ഏടുകൾക്കിടയിൽ സൂക്ഷിച്ചുവെച്ചു.
കൽബി(റ) മറ്റൊരു വഴിയിലൂടെ, ശരീക് ബിൻ ഖബാശ(റ)യുടെ ഭാര്യയിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: അവർ പറഞ്ഞു: “ഉമർ(റ) ശാമിലേക്ക് പുറപ്പെട്ട ദിവസങ്ങളിൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു…” തുടർന്ന് അവർ ആ സംഭവം വിവരിച്ചു. അതിൽ ഇപ്രകാരമുണ്ട്: “ഉമർ(റ) കഅ്ബുൽ അഹ്ബാറിന്റെ അടുക്കലേക്ക് ആളയച്ചു ചോദിച്ചു: ‘ഈ ഉമ്മത്തിലെ ഒരു മനുഷ്യൻ ദുനിയാവിലായിരിക്കെത്തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് വേദഗ്രന്ഥത്തിൽ കാണുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ, ഉണ്ട്’.”
