
നബിﷺയുടെ സഞ്ചാരഗതിയെ ഒന്നു കൂടി സംഗ്രഹിക്കാം. നബി ﷺയും ഖദീജ ബീവി(റ)യും താമസിച്ചിരുന്ന മക്കയിലെ ഭവനത്തിൽ നിന്ന് ഹിജ്റ ഒന്നാം വർഷം സഫർ ഇരുപത്തിയാറ് വെള്ളിയാഴ്ച രാത്രി മുത്ത് നബി ﷺ പുറപ്പെട്ടു. ക്രിസ്താബ്ദം ഏകദേശം അറുനൂറ്റി ഇരുപത്തിരണ്ട് സെപ്തംബർ എട്ട്. നേരെ മക്കയിലെ ഹസ്’വിറ മാർക്കറ്റിൽ എത്തി. നബിﷺ യുടെ പിതൃസഹോദരൻ അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനിഇന്റെ വീട്ടുമുറ്റത്തായിരുന്നു അത്. ഇന്നത്തെ മസ്ജിദുൽ ഹറാമിന്റെ അബ്ദുൽ അസീസ് കവാടത്തോട് ചേർന്നുള്ള ബാബുൽ വിദാഇൻ്റെ സ്ഥാനത്താണ് ഈ സ്ഥലം. അവിടുന്ന് നേരെ അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ വീട്ടിലേക്ക് നടന്നു. പ്രസ്തുത ഭവനം പിൽക്കാലത്ത് മസ്ജിദ് അബൂബക്കർ എന്ന പേരിൽ പള്ളിയായി നിർമിച്ചു. കാലാന്തരത്തിൽ അത് പൊളിച്ചുമാറ്റി. ഇന്ന് ‘അബ്‌റാജ് മക്ക’ അഥവാ മക്കാ ടവർ നിലകൊള്ളുന്ന സ്ഥലമാണിത്. അവിടെ നിന്ന് സാധാരണയിൽ കുദായ് കുന്നു വഴി വടക്കോട്ടാണ് മദീനയിലേക്ക് തിരിയേണ്ടത്. പക്ഷേ, നബിﷺയും സിദ്ദീഖും(റ) തെക്കോട്ട് അയ്യായിരത്തി അഞ്ഞൂർ മീറ്റർ നടന്ന് സൗർ മലയുടെ അടുത്തെത്തി. തുടർന്ന് ഗുഹയിൽ കയറി താമസിച്ച് മൂന്നാമത്തെ ദിവസമായി. ഇബ്നു ഉറൈഖിത് വാഹനങ്ങളുമായി എത്തി.
സഫർ ഇരുപത്തി ഒൻപത് സെപ്തംബർ പതിനൊന്ന് ഞായറാഴ്ച രാത്രി സൗറിൽ നിന്ന് യാത്ര തുടർന്നു. മുത്ത് നബിﷺയും സിദ്ദീഖും(റ) ആമിർബിൻ ഫുഹൈറയും വഴികാട്ടിയും സാധാരണയിൽ യാത്രക്കാർ പോകാത്ത വഴിതേടി ചെങ്കടലിന്റെ ഭാഗത്തേക്ക് നീങ്ങി. നബി ﷺ പ്രത്യേക പ്രാർത്ഥനകൾ നിർവഹിച്ചു. പ്രാർത്ഥനാ വാചകങ്ങളുടെ ആശയം ഇങ്ങനെ മനസ്സിലാക്കാം.
“ശൂന്യതയിൽ നിന്ന് എന്നെ സൃഷ്ടിച്ച അല്ലാഹുവേ നിനക്കാണ് സർവ സ്തുതിയും. എന്റെ യാത്രയിൽ നീ കൂട്ടാവുകയും കുടുംബത്തിന് നീ തുണയാവുകയും ചെയ്യേണമേ! രാപകലുകളുടെ വിപത്തിൽ നിന്നും ഈ ഭൗതിക ലോകത്തിന്റെയും കാലത്തിന്റെയും കെടുതികളിൽ നിന്നും നീ സംരക്ഷിക്കേണമേ! എന്നെ നീ നിന്നോട് വിനയമുള്ള ദാസനാക്കുകയും നീ നൽകിയ വിഭവങ്ങളിൽ നീ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! സജ്ജനങ്ങളോട് എന്നെ കൂട്ടിത്തരികയും നിന്നോട് എനിക്ക് പ്രിയം വർദ്ധിപ്പിക്കുകയും ചെയ്യേണമേ! നീ എന്റെയും എല്ലാ ദുർബലരുടേയും പരിപാലകനാണല്ലോ! നിൻ്റെ കോപവും അനിഷ്ടവും വന്നുഭവിക്കാതിരിക്കാൻ നിന്റെ സത്തയെത്തന്നെ മുൻനിർത്തി ഞാൻ കാവൽ തേടുന്നു. നിൻ്റെ നിശ്ചയപ്രകാരമാണല്ലോ ആകാശഭൂമികൾ ഉദയം ചെയ്തത്, ഇരുൾ വെളിച്ചമായി മാറിയത്, കഴിഞ്ഞവരും വരാനുള്ളവരുമായ മുഴുവൻ ആളുകളുടെയും കാര്യങ്ങൾ ചൊവ്വാകുന്നത്. അല്ലാഹുവേ നീ തന്ന അനുഗ്രഹങ്ങളും ക്ഷേമവും നീങ്ങിപ്പോകാതിരിക്കാൻ നിന്നോട് തന്നെ ഞാൻ കാവൽതേടുന്നു. വിപത്തുകൾ വന്നുഭവിക്കാതിരിക്കാനും നിന്റെ കോപത്തിന് പാത്രമാകാതിരിക്കാനും. എല്ലാ നീക്കു പോക്കുകളും നിന്നിൽ നിന്ന് മാത്രമാണ്”.
മക്കയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബുശൈമാത്ത് പർവ്വത നിരകൾ വാഹനത്തിന്റെ വലതു ഭാഗത്താണുള്ളത്. ‘വാദീ ഇബ്രാഹീം’ എന്നറിയപ്പെടുന്ന മക്കാ താഴ്’വര കഴിയുന്നത് വരെ ഇപ്രകാരം യാത്ര തുടർന്നു. ‘വാദീ ഉർന’ എന്ന താഴ്‌വര എത്തിയപ്പോൾ വാഹനം വടക്കോട്ട് തിരിഞ്ഞു. വാഹനം മുന്നോട്ട് നീങ്ങി. ഇപ്പോൾ വടക്കു ഭാഗത്ത് ഉമ്മുൽ ഹുശൈമിന്റെ തോട്ടമുണ്ട്. ഇത് ഖുസാഅ ഗോത്രക്കാർ താമസിക്കുന്ന സ്ഥലമാണ്. അവിടെ നിന്ന് ‘മർ അളളഹിറാൻ’ എത്തുന്നതിന് മുമ്പ് ദർബിൽ ഹബ്ബിൽ എത്തി. ഹിജ്റയുടെ ആറാം വർഷം ഇവിടെ വച്ചാണ് ഹുദൈബിയ്യ സന്ധി നടന്നത്. ചരിത്രത്തിൽ ഇങ്ങനെയാണ് അറിയപ്പെടുന്നത്. ഇപ്പോൾ ശുമൈസി എന്നറിയപ്പെടുന്ന പ്രദേശത്തോട് ചേർന്ന സ്ഥലമാണിത്. ഈ പ്രദേശത്തിനടുത്താണ് പിൽക്കാലത്ത് ഹറമിന്റെ അതിർത്തി നിർണയിക്കുന്ന അടയാളങ്ങൾ സ്ഥാപിച്ചത്.
തുടർന്ന് മർറുള്ളഹറാനിൽ നിന്ന് ‘അൽ മുറാർ’ ഭാഗത്തേക്ക് നീങ്ങി. മുകസ്സിർ, ദഫ് എന്നീ പർവ്വതങ്ങൾക്കിടയിലൂടെയായിരുന്നു കടന്നുപോയത്. അൽമുറാർ കുന്നിൻ പ്രദേശത്തെ പിൽക്കാലത്ത് അൽ ഫജ്ജുൽ കരീമി എന്നാണ് അറിയപ്പെട്ടത്. ഹുദൈബിയ വർഷത്തിൽ നബി ﷺ ആയിരത്തിനാനൂറ് അനുയായികളോടൊപ്പം ഉംറ തീർത്ഥാടനം നടത്തിയത് ഇത് വഴിയായിരുന്നു.
സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട ഒന്നാം ദിവസത്തെ യാത്ര തുടരുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
