Tweet 1421

    Tweet 1421
    May 5, 2026 • Tuesday
    Post Header

    ഉയൈന ബിൻ ഹിസ്ൻ(റ) ത്വാഇഫുകാരോട് പറഞ്ഞ കാര്യത്തെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇമാം ബൈഹഖി(റ)യും അബൂ നുഐമും(റ) ഉർവ്വ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഉയൈന ബിൻ ഹിസ്ൻ(റ) ഒരിക്കൽ തിരുനബിﷺയോട് താൻ ത്വാഇഫുകാരുടെ അടുത്ത് ചെന്ന് അവരോട് സംസാരിക്കാൻ അനുവാദം ചോദിച്ചു. അല്ലാഹു അവർക്ക് സന്മാർഗ്ഗം നൽകിയാലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തിരുനബിﷺ അദ്ദേഹത്തിന് അനുവാദം നൽകി. അദ്ദേഹം അവരുടെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുക. അല്ലാഹുവാണെ സത്യം! മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നാം അടിമകളേക്കാൾ നിന്ദ്യരായി തീർന്നിരിക്കുന്നു. അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തി ഞാൻ പറയുന്നു, പ്രവാചകന്ﷺ വല്ലതും സംഭവിച്ചാൽ അറബികൾക്ക് അത് വലിയ അന്തസ്സും കരുത്തും നൽകും. അതിനാൽ നിങ്ങൾ നിങ്ങളുടെ കോട്ടയിൽ ഉറച്ചുനിൽക്കുക. ഒരിക്കലും അവർക്ക് വഴങ്ങിക്കൊടുക്കരുത്. നിങ്ങളുടെ മരങ്ങൾ മുറിച്ചുമാറ്റുന്നത് കണ്ട് നിങ്ങൾ പരിഭ്രമിക്കേണ്ടതില്ല.”

    പിന്നീട് അദ്ദേഹം തിരിച്ചു വന്നു. അപ്പോൾ തിരുനബിﷺ ചോദിച്ചു: “നീ അവരോട് എന്താണ് പറഞ്ഞത്?” അദ്ദേഹം പറഞ്ഞു: “ഞാൻ അവരോട് ഇസ്ലാമിനെക്കുറിച്ച് സംസാരിച്ചു, അവരെ അതിലേക്ക് ക്ഷണിച്ചു, നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി, സ്വർഗ്ഗത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: നീ കള്ളം പറയുകയാണ്. മറിച്ച് നീ അവരോട് ഇന്ന ഇന്ന കാര്യങ്ങളാണ് പറഞ്ഞത് അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യങ്ങൾ തിരുനബിﷺ വെളിപ്പെടുത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അങ്ങ് സത്യമാണ് പറഞ്ഞത്. ആ പ്രവൃത്തിയിൽ നിന്ന് ഞാൻ അല്ലാഹുവിലേക്കും അങ്ങയിലേക്കും ഖേദിച്ചു മടങ്ങുന്നു.”

    ഖിസ്റാ രാജാവ് വധിക്കപ്പെട്ട വിവരം അന്ന് തന്നെ നബിﷺയെ അറിയിച്ചത് ഇതോടൊപ്പം നമുക്ക് ചേർത്ത് വായിക്കാം.
    ഇമാം അഹ്‌മദ്(റ), ബൈഹഖി(റ), അബൂ നുഐം(റ), ത്വബ്റാനി(റ) തുടങ്ങിയവർ വിവിധ സ്വഹാബികളിൽ നിന്ന് നിവേദനം ചെയ്യുന്നു: സൻആയിലെ ഗവർണറുടെ ദൂതനോട് തിരുനബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ നിങ്ങളുടെ യജമാനന്റെ അടുത്തേക്ക് പോയി പറയുക: തീർച്ചയായും അല്ലാഹു നിങ്ങളുടെ റബ്ബിനെ അഥവാ ഖിസ്റായെ ഇന്ന് രാത്രി കൊന്നിരിക്കുന്നു.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണ്: “നിങ്ങൾ യമനിലെ ഗവർണർ ബാദാനിന്റെ അടുത്തേക്ക് പോയി അറിയിക്കുക, തീർച്ചയായും എന്റെ റബ്ബ് ഖിസ്റായെ ഈ രാത്രിയിൽ കൊന്നിരിക്കുന്നു.”

    മറ്റൊരു റിപ്പോർട്ട് പ്രകാരം: “നിങ്ങളുടെ യജമാനനോട് പറയുക, ഖിസ്റാ കഴിഞ്ഞ ഏഴ് മണിക്കൂർ മുമ്പ് കൊല്ലപ്പെട്ടിരിക്കുന്നു. അല്ലാഹു അവന്റെ മകൻ ശിറൂയയെ അവനെതിരെയുള്ള ആയുധമാക്കി. അവൻ പിതാവിനെ കൊന്നു.” അവർ ബാദാനിന്റെ അടുത്ത് ചെന്ന് ഈ വിവരം അറിയിച്ചു. അതോടെ ബാദാനും യമനിലെ പേർഷ്യൻ വംശജരും ഇസ്‌ലാം സ്വീകരിച്ചു. നബിﷺ അവരോട് ഇപ്രകാരവും പറഞ്ഞു: “എന്റെ ദീനും അധികാരവും ഖിസ്റായുടെ സാമ്രാജ്യം എവിടെയൊക്കെ എത്തിയോ അവിടെയൊക്കെ എത്തും. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങൾ അദ്ദേഹത്തിന് തന്നെ നൽകുമെന്ന് അറിയിക്കുക.”

    ദഹിയ്യത്തുൽ കൽബി(റ) പറയുന്നു: “പിന്നീട് കൃത്യം ആ രാത്രിയിൽ തന്നെ ഖിസ്റാ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നെത്തി.” ബാദാൻ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഇതൊരു രാജാവിന്റെ വാക്കല്ല മറിച്ച് പ്രവാചകന്റെﷺ വാക്കുകളാണ്. അവിടുന്ന് പറഞ്ഞത് നമുക്ക് നിരീക്ഷിക്കാം.” അധികം വൈകാതെ ശിറൂയയുടെ കത്ത് വന്നു: “ഞാൻ ഖിസ്റായെ വധിച്ചിരിക്കുന്നു. ഇന്നേക്ക് ശേഷം ഇനി മറ്റൊരു ഖിസ്റാ ഇല്ല. ഖൈസറും കൊല്ലപ്പെട്ടിരിക്കുന്നു, ഇനി ഖൈസറും ഇല്ല.”

    തിരുനബിﷺ ആ വാർത്ത പറഞ്ഞ സമയവും ദിവസവും മാസവും അവർ രേഖപ്പെടുത്തി വെച്ചിരുന്നു. അത് പരിശോധിച്ചപ്പോൾ കൃത്യം ആ സമയത്ത് തന്നെയാണ് ഖിസ്റാ കൊല്ലപ്പെട്ടതെന്ന് ബോധ്യപ്പെട്ടു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...