Tweet 1412

    Tweet 1412
    April 26, 2026 • Sunday
    Post Header

    ജാബിർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയും അനുചരന്മാരും ഒരു സ്ത്രീയുടെ അരികിലൂടെ കടന്നുപോയി. അവർ അവർക്കായി ഒരു ആടിനെ അറുത്ത് ഭക്ഷണം തയ്യാറാക്കി. തിരിച്ചു വന്നപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ നിങ്ങൾക്കായി ഒരു ആടിനെ അറുത്ത് ഭക്ഷണം ഒരുക്കിയിട്ടുണ്ട്, അത് കഴിച്ചാലും.”

    തിരുനബിﷺയും അനുചരന്മാരും അകത്തു പ്രവേശിച്ചു. തിരുനബിﷺ തുടങ്ങാതെ അവർ ഭക്ഷണം കഴിക്കാറില്ലായിരുന്നു. തിരുനബിﷺ ഒരു ഉരുള എടുത്തു, എന്നാൽ അത് തൊണ്ടയിറക്കാൻ അവിടുത്തേക്ക് സാധിച്ചില്ല. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇത് അതിന്റെ ഉടമസ്ഥരുടെ അനുവാദമില്ലാതെ അറുക്കപ്പെട്ടതാണ്.”
    അപ്പോൾ ആ സ്ത്രീ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ മുആദിന്റെ കുടുംബത്തിൽ നിന്ന് ഒന്നും മറച്ചുവെക്കാറില്ല അത്ര അടുപ്പമാണ്. ഞങ്ങൾ അവരിൽ നിന്ന് എടുക്കാറുണ്ട്, അവർ ഞങ്ങളിൽ നിന്നും എടുക്കാറുണ്ട്.”

    അബൂ മൂസ(റ) നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം: തിരുനബിﷺ അൻസ്വാരികളിൽപ്പെട്ട ഒരു വീട്ടുകാരെ സന്ദർശിച്ചപ്പോൾ അവർ ഒരു ആടിനെ അറുത്തു. തിരുനബിﷺ മാംസത്തിൽ നിന്ന് ഒരു കഷ്ണം കഴിക്കാൻ എടുത്തു. കുറെ നേരം അത് ചവച്ചെങ്കിലും തൊണ്ടയിറക്കാൻ കഴിഞ്ഞില്ല. അവിടുന്ന് ചോദിച്ചു: “ഈ മാംസത്തിന്റെ കാര്യമെന്താണ്?” അവർ പറഞ്ഞു: “ഇത് ഇന്ന ആളിന്റെ ആടാണ്, അദ്ദേഹം വരുമ്പോൾ വില നൽകി തൃപ്തിപ്പെടുത്താം എന്ന് കരുതി ഞങ്ങൾ അറുത്തതാണ്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇത് തടവുകാർക്ക് നൽകുക.”

    ത്വബ്റാനി(റ) ഹസൻ ബിൻ യഹ്‌യ അൽ-ഖുശാനി(റ) വഴി റിപ്പോർട്ട് ചെയ്യുന്നു: മുആദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുനബിﷺ ഇപ്രകാരം അരുളി:
    “നിങ്ങൾ ‘ജാബിയ’ അല്ലെങ്കിൽ ‘ജുവൈബിയ’ എന്ന് വിളിക്കപ്പെടുന്ന ഒരിടത്ത് ഇറങ്ങും. അവിടെ വെച്ച് ഒട്ടകത്തിന്റെ മുഴയ്ക്ക് സമാനമായ ഒരു രോഗം നിങ്ങളെ ബാധിക്കും. അതിലൂടെ അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും രക്തസാക്ഷിത്വം നൽകുകയും നിങ്ങളുടെ കർമ്മങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്യും.”
    പ്ലേഗ് ബാധയെ കുറിച്ചുള്ള തിരുനബിﷺയുടെ മുന്നറിയിപ്പായിരുന്നു അത് സംഭവിക്കുകയും ചെയ്തു.

    ത്വബ്റാനി(റ) ശദ്ദാദ് ബിൻ ഔസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അവിടുന്ന് ചോദിച്ചു: “ശദ്ദാദ്(റ), നിനക്ക് എന്തുപറ്റി?” അദ്ദേഹം പറഞ്ഞു: “ദുനിയാവ് എനിക്ക് ഇടുങ്ങിയതായി തോന്നുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “വിഷമിക്കേണ്ട, ശാം കീഴടക്കപ്പെടും, ബൈത്തുൽ മുഖദ്ദസും കീഴടക്കപ്പെടും. നീയും നിന്റെ മക്കളും അവിടെ നേതാക്കളായിരിക്കും.”
    ഈ പ്രവചനം കാലം തെളിയിക്കുകയും സ്വഹാബികളും താബിഉകളും അനുഭവിക്കുകയും ചെയ്തൂ.

    ഇബ്നു അസാക്കിർ(റ) റിപ്പോർട്ട് ചെയ്യുന്നു: ഉസ്മാൻ ബിൻ അഫ്ഫാന്റെ(റ) അടിമയായിരുന്ന ആൾ പറഞ്ഞു: തിരുനബിﷺ ഉസ്മാന്റെ(റ) അടുത്തേക്ക് ഒരു സമ്മാനം കൊടുത്തുവിട്ടു. ദൂതൻ മടങ്ങിവരാൻ വൈകി. അദ്ദേഹം വന്നപ്പോൾ പ്രവാചകൻﷺ ചോദിച്ചു: “നീ എന്താണ് വൈകിയത്? നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വൈകാനുള്ള കാരണം ഞാൻ പറഞ്ഞുതരാം. നീ ഉസ്മാന്റെ(റ)യും റുഖിയ(റ)യുടെയും സൗന്ദര്യം മാറി മാറി നോക്കി നിൽക്കുകയായിരുന്നു, അവരിൽ ആരാണ് കൂടുതൽ ഭംഗിയുള്ളതെന്ന് ചിന്തിക്കുകയായിരുന്നു. അല്ലേ?”
    അദ്ദേഹം പറഞ്ഞു: “അതെ, അങ്ങയെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണെ സത്യം! അതുതന്നെയായിരുന്നു എന്നെ വൈകിപ്പിച്ചത്.”

    മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം. തിരുനബിﷺ ഉസ്മാൻ ബിൻ അഫ്ഫാന്റെ(റ) അടുത്തേക്ക് ഒരാളെ അയച്ചു. ആ മനുഷ്യൻ വൈകിയപ്പോൾ പ്രവാചകൻﷺ പറഞ്ഞു: “നീ ഉസ്മാനെ(റ)യും റുഖിയ(റ)യെയും നോക്കി നിൽക്കുകയായിരുന്നു. അവരുടെ സൗന്ദര്യത്തിൽ നീ അത്ഭുതപ്പെട്ടുപോയി അല്ലേ. എന്ന്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...