
ത്വബറാനി(റ)യും ബൈഹഖി(റ)യും മുഹമ്മദ് ബിൻ മസ്‌ലമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺയുടെ സമീപത്തുകൂടെ നടന്നുപോയി. അന്ന് അവിടുന്ന് ഒരാളുടെ കവിളിൽ തന്റെ കവിൾ ചേർത്തു വെച്ചിരിക്കുകയായിരുന്നു. അതിനാൽ ഞാൻ സലാം പറഞ്ഞില്ല. പിന്നീട് ഞാൻ മടങ്ങിവന്നപ്പോൾ തിരുനബിﷺ ചോദിച്ചു: എന്തുകൊണ്ടാണ് നീ സലാം പറയാതിരുന്നത്? ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് മറ്റാരോടും ചെയ്യാത്ത ഒരു കാര്യം ഈ വ്യക്തിയോട് ചെയ്യുന്നത് കണ്ടപ്പോൾ നിങ്ങളുടെ സംസാരത്തിന് തടസ്സം നിൽക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ആരായിരുന്നു അത്?’ തിരുനബിﷺ പറഞ്ഞു അത് ജിബ്‌രീൽ(അ) ആയിരുന്നു.'”
ഇമാം ഹാകിം(റ) ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ആഇശ(റ) പറഞ്ഞു: “ജിബ്‌രീൽ(അ) എന്റെ ഈ മുറിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. തിരുനബിﷺ അദ്ദേഹത്തോട് രഹസ്യം സംസാരിക്കുകയായിരുന്നു. ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഇതാരാണ്?’ അവിടുന്ന് ചോദിച്ചു: ആരെപ്പോലെയാണ് അദ്ദേഹത്തെ കണ്ടത്? ഞാൻ പറഞ്ഞു: ‘ദിഹ്‌യത്തുൽ കൽബി(റ)യെപ്പോലെ.’ അപ്പോൾ അവിടുന്ന് പറഞ്ഞു: നീ ജിബ്‌രീലി(അ)നെയാണ് കണ്ടത്.’ കുറച്ചു സമയം കഴിഞ്ഞപ്പോൾ പറഞ്ഞു: ആഇശ(റ), ഇതാ ജിബ്‌രീൽ(അ) നിനക്ക് സലാം പറയുന്നു.’ ഞാൻ പറഞ്ഞു: ‘അദ്ദേഹത്തിന് അല്ലാഹുവിന്റെ സമാധാനമുണ്ടാകട്ടെ. അതിഥിയായി വന്ന അദ്ദേഹത്തിന് അല്ലാഹു നന്മ നൽകട്ടെ.'”
ഇബ്നു അബിദ്ദുൻയ(റ) നിവേദനം ചെയ്യുന്നു: ഉബയ്യ് ബിൻ കഅ്ബ്(റ) പറഞ്ഞു: “ഞാൻ പള്ളിയിൽ പ്രവേശിച്ച് ഇതുവരെ ആരും സ്തുതിക്കാത്ത അത്ര മികച്ച രീതിയിൽ അല്ലാഹുവിനെ സ്തുതിക്കും.” നിസ്കാരം കഴിഞ്ഞ് അല്ലാഹുവിനെ സ്തുതിക്കാനും പുകഴ്ത്താനും ഇരുന്നപ്പോൾ തന്റെ പിന്നിൽ നിന്ന് ഒരാൾ ഉച്ചത്തിൽ ഇപ്രകാരം പറയുന്നത് കേട്ടു: അല്ലാഹുവേ, സർവ്വ സ്തുതിയും നിനക്കാണ്. സർവ്വ അധികാരവും നിനക്കാണ്. സർവ്വ നന്മകളും നിന്റെ കൈകളിലാണ്. പരസ്യമായതും രഹസ്യമായതും എല്ലാ കാര്യങ്ങളും നിങ്കലേക്കാണ് മടങ്ങുന്നത്. നീ സർവ്വതിനും കഴിവുള്ളവനാകയാൽ നിനക്കാണ് സ്തുതി. എന്റെ കഴിഞ്ഞുപോയ പാപങ്ങൾ നീ പൊറുത്തുതരേണമേ! ബാക്കിയുള്ള ജീവിതകാലം പാപങ്ങളിൽ നിന്ന് എന്നെ കാക്കേണമേ! നിനക്ക് തൃപ്തിയുള്ള പരിശുദ്ധമായ കർമ്മങ്ങൾ ചെയ്യാൻ എനിക്ക് ഭാഗ്യം നൽകേണമേ! എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.!” അദ്ദേഹം തിരുനബിﷺയുടെ അടുത്ത് വന്ന് ഈ വിവരം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: അത് ജിബ്‌രീൽ(അ) ആയിരുന്നു.
ബൈഹഖി(റ)യും ഇബ്നു അസാകിറും(റ) ഹുദൈഫത്തുബ്നുൽ യമാൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “തിരുനബിﷺ ഞങ്ങളോടൊപ്പം നിസ്കരിച്ചു, ശേഷം പുറത്തേക്ക് പോയി. ഞാൻ പിന്തുടർന്നു. അപ്പോൾ ഒരാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തിരുനബിﷺ എന്നോട് ചോദിച്ചു: ‘ഹുദൈഫാ(റ), എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ആ രൂപത്തെ നീ കണ്ടോ?’ ഞാൻ പറഞ്ഞു: ‘അതെ.’ തിരുനബിﷺ പറഞ്ഞു: ‘അതൊരു മലക്കായിരുന്നു. ഇതിന് മുൻപ് ആ മലക്ക് ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ല. തന്റെ രക്ഷിതാവിനോട് അനുവാദം വാങ്ങി എനിക്ക് സലാം ചൊല്ലാൻ വന്നതാണ് അദ്ദേഹം. ഹസനും(റ) ഹുസൈനും(റ) സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളാണെന്നും, ഫാത്വിമ(റ) സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നേതാവാണെന്നുമുള്ള സന്തോഷവാർത്ത അദ്ദേഹം എനിക്ക് നൽകി.'”
ബുഖാരി(റ)യും മുസ്ലിമും(റ) ഉസൈദ് ബിൻ ഹുദൈർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ രാത്രിയിൽ അദ്ദേഹം സൂറത്തുൽ ബഖറ പാരായണം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കുതിരയെ അരികിൽ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. പാരായണത്തിനിടയിൽ കുതിര പെട്ടെന്ന് വിറളിപിടിച്ച് ചാടാൻ തുടങ്ങി. അദ്ദേഹം ഓതുന്നത് നിർത്തിയപ്പോൾ കുതിര ശാന്തമായി. അദ്ദേഹം ആകാശത്തേക്ക് തലയുയർത്തി നോക്കിയപ്പോൾ വിളക്കുകൾ പോലെ പ്രകാശങ്ങളുള്ള ഒരു മേഘാവരണം കണ്ടു. അത് ആകാശത്തേക്ക് ഉയർന്നുപോയി, ഒടുവിൽ ദൃശ്യമല്ലാതായി. പ്രഭാതമായപ്പോൾ അദ്ദേഹം ഈ വിവരം തിരുനബിﷺയോട് പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അത് നിന്റെ ഖുർആൻ പാരായണം കേൾക്കാൻ അടുത്തുവന്ന മലക്കുകളായിരുന്നു. നീ പാരായണം തുടരുകയായിരുന്നുവെങ്കിൽ, പ്രഭാതത്തിൽ ജനങ്ങൾക്ക് അവരെ കാണാൻ സാധിക്കുമായിരുന്നു; അവർ ജനങ്ങളിൽ നിന്ന് മറഞ്ഞുപോകുമായിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
