Tweet 1406

    Tweet 1406
    April 20, 2026 • Monday
    Post Header

    ഹാകിം(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ അബൂ അബ്സ് ബിൻ ജബറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺക്കൊപ്പം നിസ്കരിക്കുകയും തുടർന്ന് ബനൂ ഹാരിസ ഗോത്രത്തിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു. ഒരിക്കൽ കഠിനമായ ഇരുട്ടുള്ള ഒരു രാത്രിയിൽ അദ്ദേഹം പുറപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന വടി പ്രകാശിക്കുകയും, ആ വെളിച്ചത്തിൽ അദ്ദേഹം ബനൂ ഹാരിസയിൽ എത്തുന്നതുവരെ നടക്കുകയും ചെയ്തു.

    ഇബ്നു സഅദ്(റ), ബൈഹഖി(റ), ഹാകിം(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ബാദ് ബിൻ ബിശ്റും(റ) ഉസൈദ് ബിൻ ഹുദൈറും(റ) ഒരു ആവശ്യത്തിനായി രാത്രി വൈകുവോളം തിരുനബിﷺയുടെ അടുക്കലായിരുന്നു. കഠിനമായ ഇരുട്ടുള്ള ആ രാത്രിയിൽ അവർ പുറത്തിറങ്ങിയപ്പോൾ രണ്ടുപേരുടെയും കയ്യിൽ ഓരോ വടിയുണ്ടായിരുന്നു. അതിൽ ഒരാളുടെ വടി അവർക്കായി പ്രകാശിച്ചു. ആ വെളിച്ചത്തിൽ അവർ നടന്നു. വഴി പിരിയുന്ന ഇടത്തെത്തിയപ്പോൾ മറ്റേയാളുടെ വടിയും പ്രകാശിക്കാൻ തുടങ്ങി. അങ്ങനെ രണ്ടുപേരും സ്വന്തം വീടുകളിൽ സുരക്ഷിതരായി എത്തിച്ചേർന്നു.

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: തിരുനബിﷺയും ഉമർ(റ)വും രാത്രി വൈകുവോളം അബൂബക്കർ(റ)വിന്റെ വീട്ടിൽ സംസാരിച്ചിരുന്നു. ശേഷം അവർ പുറത്തിറങ്ങിയപ്പോൾ കഠിനമായ ഇരുട്ടായിരുന്നു. ഒരാളുടെ കയ്യിലുണ്ടായിരുന്ന വടി അവർക്കായി പ്രകാശിക്കുകയും ആ വെളിച്ചത്തിൽ അവർ വീടുകളിൽ എത്തുകയും ചെയ്തു.

    വിരലുകൾ പ്രകാശിക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ബുഖാരി(റ), ബൈഹഖി(റ), അബൂ നുഐം(റ), ത്വബ്റാനി(റ) എന്നിവർ ഹംസ ബിൻ അംറ് അൽ അസ്‌ലമി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറയുന്നു: “ഞങ്ങൾ തിരുനബിﷺക്കൊപ്പം ഒരു യാത്രയിലായിരുന്നു. കഠിനമായ ഇരുട്ടുള്ള ഒരു രാത്രിയിൽ ഞങ്ങൾ ചിതറിപ്പോയി. അപ്പോൾ എന്റെ വിരലുകൾ പ്രകാശിക്കാൻ തുടങ്ങി. ആ വെളിച്ചത്തിൽ അവർ തങ്ങളുടെ വാഹനങ്ങളെയും സാധനങ്ങളെയും ഒരുമിച്ചുകൂട്ടി. എന്റെ വിരലുകൾ പ്രകാശിച്ചതുകാരണം ആരും വഴിതെറ്റി നശിച്ചില്ല.”

    അല്പം വ്യത്യസ്തമായ ഒരു സംഭവം കൂടി വായിക്കാം. ഹാകിം(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺക്കൊപ്പം ഇശാഅ് നിസ്കരിക്കുകയായിരുന്നു. അവിടുന്ന് സുജൂദ് ചെയ്യുമ്പോൾ ഹസനും(റ) ഹുസൈനും(റ) അവിടുത്തെ മുതുകിൽ കയറി ഇരിക്കും. തിരുനബിﷺ തല ഉയർത്തുമ്പോൾ അവരെ മെല്ലെ എടുത്ത് താഴെ ഇരുത്തും. വീണ്ടും സുജൂദിലേക്ക് പോകുമ്പോൾ അവർ ആവർത്തിക്കും. നിസ്കാരം കഴിഞ്ഞപ്പോൾ അവിടുന്ന് അവരെ ഇരുവശങ്ങളിലായി ഇരുത്തി. ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ അവരെ ഉമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി വിടട്ടെ?” അവിടുന്ന് “വേണ്ട” എന്ന് പറഞ്ഞു. അപ്പോൾ ആകാശത്ത് ഒരു മിന്നൽപ്പിണർ ഉണ്ടായി. അവിടുന്ന് പറഞ്ഞു: “നിങ്ങൾ ഉമ്മയുടെ അടുത്തേക്ക് പൊയ്ക്കൊള്ളൂ.” ആ വെളിച്ചത്തിൽ അവർ രണ്ടുപേരും വീട്ടിലെത്തുന്നത് വരെ നടന്നുപോയി.

    തിരുനബിﷺയുടെ ബഹുമാനാർത്ഥം അവിടുത്തെ സ്വഹാബികൾ മലക്കുകളെയും ജിന്നുകളെയും കാണുകയും അവരുടെ സംസാരം കേൾക്കുകയും ചെയ്ത സംഭവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കൂടി വായിക്കാം. ഇമാം മുസ്‌ലിമി(റ)ൻ്റെ ഒരു റിപ്പോർട്ടിൽ പ്രകാരമാണ്. ഇംറാൻ ബിൻ ഹുസൈൻ(റ) നിവേദനം ചെയ്യുന്നു: “മലക്കുകൾ എനിക്ക് സലാം പറയുമായിരുന്നു. എന്നാൽ ഞാൻ രോഗശമനത്തിനായി ചൂടുവെക്കൽ സ്വീകരിച്ചപ്പോൾ അത് നിലച്ചുപോയി. പിന്നീട് ഞാൻ അത് ഉപേക്ഷിച്ചപ്പോൾ മലക്കുകൾ വീണ്ടും എനിക്ക് സലാം പറയാൻ തുടങ്ങി.” അദ്ദേഹം മലക്കുകളെ നേരിട്ട് കാണാറുണ്ടായിരുന്നു എന്നും ഈ ഹദീസിൽ വ്യക്തമാക്കുന്നു.

    ബുഖാരി(റ)യും മുസ്‌ലിമും(റ) റിപ്പോർട്ട് ചെയ്യുന്നു. അബൂ ഉസ്മാൻ അൽ-നഹ്‌ദി(റ) നിവേദനം ചെയ്യുന്നു: ജിബ്‌രീൽ(അ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ ഉമ്മുസൽമ(റ) അവിടെയുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. അദ്ദേഹം പോയപ്പോൾ തിരുനബിﷺ ഉമ്മുസൽമ(റ)യോട് ചോദിച്ചു: “ഇത് ആരാണെന്ന് അറിയാമോ?” അവർ പറഞ്ഞു: “ഇത് ദിഹ്‌യത്തുൽ കൽബി(റ) ആണ്.” അത് ജിബ്‌രീൽ(അ) ആയിരുന്നു എന്ന് പിന്നീട് തിരുനബിﷺ പ്രസംഗിക്കുന്നത് വരെ അത് ദിഹ്‌യ(റ) ആണെന്നാണ് താൻ കരുതിയിരുന്നതെന്ന് അവർ പറഞ്ഞു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...