Tweet 1379

    Tweet 1379
    March 24, 2026 • Tuesday
    Post Header

    തിരുനബിﷺയുടെ ജീവിതത്തിലെ അമാനുഷിക സംഭവങ്ങളിൽ വളരെ വേറിട്ട ഒരു അധ്യായമാണ് ഇവിടെ നാം വായിക്കുന്നത്. പനി സവിശേഷമായ രൂപം പ്രാപിച്ചു നബി സവിധത്തിൽ വന്ന നിവേദനങ്ങളോടൊപ്പം.
    ജാബിർ ബിൻ അബ്ദില്ല(റ), ഉമ്മു താരിഖ്(റ), സൽമാൻ(റ) എന്നിവരിൽ നിന്ന് ബൈഹഖി(റ)യും ഇബ്നു സഅദും(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ പനി തിരുനബി സവിധത്തിൽ വന്ന് അനുവാദം ചോദിച്ചു. തിരുനബിﷺ അനുവാദം നൽകിക്കൊണ്ട് ചോദിച്ചു: “നീ ആരാണ്?” അവൾ പറഞ്ഞു: “ഞാൻ ഉമ്മു മൽദം. പനിയുടെ വിളിപ്പേര് ആണ്.” സൽമാൻ(റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെയുണ്ട്: “ഞാൻ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്ന പനിയാണ്.”

    ഉമ്മു താരിഖി(റ)ന്റെ റിപ്പോർട്ടിൽ ഇപ്രകാരം അധികമായുണ്ട്: തിരുനബിﷺ പറഞ്ഞു: “നിനക്ക് സ്വാഗതമില്ല, നീ ഖുബാ നിവാസികളിലേക്ക് പോവുക.” ജാബിർ(റ)വിന്റെ റിപ്പോർട്ടിൽ: “നിനക്ക് ഖുബാ നിവാസികളുടെ അടുത്തേക്ക് പോകണോ?” എന്ന് ചോദിച്ചപ്പോൾ അവൾ ‘അതെ’ എന്ന് മറുപടി നൽകി. തിരുനബിﷺ പറഞ്ഞു: “നീ അങ്ങോട്ട് പൊയ്ക്കൊള്ളുക.” അങ്ങനെ പനി അവർക്ക് പിടിപെടുകയും അവർ കഠിനമായി പ്രയാസപ്പെടുകയും ചെയ്തു. അവരുടെ മുഖങ്ങൾ വിളറിവെളുത്ത അവസ്ഥയിൽ അവർ തിരുനബിﷺയുടെ സവിധത്തിൽ വന്ന് പരാതിപ്പെട്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കാം, അവൻ അത് നീക്കിത്തരും. അതല്ലെങ്കിൽ, പനി നിങ്ങളുടെ പാപങ്ങൾ പൊറുപ്പിക്കാനുള്ള ഒരു ശുദ്ധീകരണമായി തുടരട്ടെ. ഏതാണ് നിങ്ങൾക്ക് വേണ്ടത്?” അവർ പറഞ്ഞു: “അത് ഞങ്ങളുടെ പാപങ്ങൾ പൊറുപ്പിക്കാനുള്ള ഒരു ശുദ്ധീകരണമായി തന്നെ തുടരട്ടെ.”

    അബൂഹുറൈറ(റ)വിൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു: പനി പ്രവാചകന്റെﷺ സവിധത്തിൽ വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ടവരിലേക്ക് എന്നെ അയച്ചാലും.” തിരുനബിﷺ പറഞ്ഞു: “നീ അൻസ്വാരികളുടെ അടുത്തേക്ക് പോവുക.” പനി അവരുടെ അടുത്തെത്തുകയും അവർക്ക് കഠിനമായ രോഗം ബാധിക്കുകയും ചെയ്തു. അവർ തിരുനബിﷺയുടെ സവിധത്തിൽ വന്ന് ശമനത്തിനായി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. അവിടുന്ന് പ്രാർഥിക്കുകയും അവർക്ക് രോഗശമനം ലഭിക്കുകയും ചെയ്തു.

    ഇത് അൻസ്വാരികളിലെ മറ്റൊരു വിഭാഗത്തെ കുറിച്ചായിരിക്കാം എന്ന ഒരു വിശദീകരണം ഇവിടെ ബൈഹഖി(റ) നൽകുന്നുണ്ട്.

    ഇമാം അഹ്മദ്(റ), അബൂയഅ്‌ല(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ ജാബിർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
    പനി തിരുനബിﷺയുടെ സവിധത്തിൽ അനുവാദം ചോദിച്ചെത്തി. അവിടുന്ന് ചോദിച്ചു: “ഇതാരാണ്?” അവൾ പറഞ്ഞു: “ഉമ്മു മൽദം.” തിരുനബിﷺ അവളോട് ഖുബാ നിവാസികളിലേക്ക് പോകാൻ കൽപ്പിച്ചു. അവർക്ക് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാത്ത അത്രയും കഠിനമായ പ്രയാസങ്ങൾ അനുഭവപ്പെട്ടു. അവർ പ്രവാചകന്റെﷺ അടുത്ത് വന്ന് പരാതിപ്പെട്ടപ്പോൾ അവിടുന്ന് ചോദിച്ചു: “നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ചെയ്യാം; വേണമെങ്കിൽ രോഗശമനത്തിനായി ഞാൻ പ്രാർഥിക്കാം, അതല്ലെങ്കിൽ പനി നിങ്ങളുടെ പാപമോചനത്തിന് കാരണമാകട്ടെ!” അവർ ചോദിച്ചു: “അങ്ങനെ സംഭവിക്കുമോ?” തിരുനബിﷺ പറഞ്ഞു: “അതെ.” അവർ പറഞ്ഞു: “എങ്കിൽ അത് അങ്ങനെ തന്നെ തുടരട്ടെ.”

    ബുഖാരി(റ), തിർമിദി(റ), ഇബ്നു മാജ(റ) എന്നിവർ ഇബ്നു ഉമർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ പറഞ്ഞു: “തലമുടി അഴിച്ചിട്ട ഒരു സ്ത്രീ മദീനയിൽ നിന്ന് പുറപ്പെട്ട് മഹ്‌യഅ/ജുഹ്‌ഫ എന്ന സ്ഥലത്ത് ഇറങ്ങുന്നതായി ഞാൻ സ്വപ്നം കണ്ടു. മദീനയിലെ പകർച്ചവ്യാധി അങ്ങോട്ട് മാറ്റപ്പെട്ടതായാണ് ഞാൻ അതിനെ വ്യാഖ്യാനിച്ചത്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...