Tweet 1378

    Tweet 1378
    March 23, 2026 • Monday
    Post Header

    അബൂദാവൂദ്(റ), നസാഈ(റ), അബൂ മുസ്‌ലിം അൽ കജ്ജി(റ) എന്നിവർ അബ്ദുല്ലാഹിബ്നു ഖുർത്ത്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: പെരുന്നാൾ ദിവസം അറുക്കാനായി അഞ്ച് അല്ലെങ്കിൽ ആറ് ഒട്ടകങ്ങളെ തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അവയിൽ ഏതിനെയാണ് അവിടുന്ന് ആദ്യം അറുക്കുക എന്ന് നോക്കി ആ ഒട്ടകങ്ങൾ അവിടുത്തെ അടുത്തേക്ക് മത്സരിച്ചു വരാൻ തുടങ്ങി. അവ അറുക്കപ്പെട്ട് നിലംപതിച്ചപ്പോൾ അവിടുന്ന് ഒരു വാക്ക് പറഞ്ഞു, അത് എനിക്ക് മനസ്സിലായില്ല. അവിടുത്തെ അടുത്തുള്ള ആളോട് ഞാനതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ആർക്ക് വേണമെങ്കിലും ഇതിൽ നിന്ന് മാംസം മുറിച്ചെടുക്കാം” എന്നാണ് അവിടുന്ന് പറഞ്ഞത്.

    റഹ്‌മത്തും അഥവാ കാരുണ്യവും സകീനത്തും അഥവാ ശാന്തിയും അവതരിക്കുന്നത് കണ്ട സന്ദർഭങ്ങൾ തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. അവിടുത്തെ അസാധാരണ വിശേഷങ്ങൾ ഒന്നാം അധ്യായത്തിലാണ് ഇവയും ചേർത്തു വായിക്കുന്നത്.

    സൽമാൻ(റ)വിൽ നിന്ന് ഹാക്കിം(റ) നിവേദനം ചെയ്യുന്നു. ഇത് സ്വഹീഹാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംഘം ആളുകൾ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു അഥവാ ദിക്ർ ചൊല്ലുകയായിരുന്നു. തിരുനബിﷺ അവരുടെ അടുത്തേക്ക് വരികയും അവർക്കരികിൽ നിൽക്കുകയും ചെയ്തു. തിരുനബിﷺയോടുള്ള ആദരവ് കാരണം അവർ സംസാരം നിർത്തി. അപ്പോൾ അവിടുന്ന് ചോദിച്ചു: “നിങ്ങൾ എന്താണ് പറഞ്ഞുകൊണ്ടിരുന്നത്? നിങ്ങളുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങുന്നത് ഞാൻ കണ്ടു. അതിനാൽ ആ കാരുണ്യത്തിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിച്ചു.”

    ഇബ്നു അബീ ഹാത്തിമും(റ) ഇബ്നു അസാക്കിറും(റ) സഅദ് ബിൻ മസ്ഊദ് അസ്സ്വദഫീ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരു സദസ്സിലിരിക്കെ ആകാശത്തേക്ക് നോക്കുകയും പിന്നീട് ദൃഷ്ടി താഴ്ത്തുകയും ചെയ്തു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: “ആ ജനത അല്ലാഹുവിനെ സ്മരിക്കുകയായിരുന്നു അപ്പോൾ അവരുടെ മേൽ മലക്കുകൾ വഹിക്കുന്ന ഒരു കമാനം പോലെ ശാന്തി /സകീനത്ത് അവതരിച്ചു. അത് അവർക്ക് അരികിലെത്തിയപ്പോൾ അവരിലൊരാൾ അനാവശ്യമായ ഒരു കാര്യം സംസാരിച്ചു. ഉടനെ അത് ഉയർത്തപ്പെട്ടു.”

    അനസ്(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) തന്റെ ‘താരീഖിൽ’ നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയോടൊപ്പം പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ ഒരു കൂട്ടം ആളുകൾ കൈകളുയർത്തി പ്രാർഥിക്കുന്നുണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: “അവരുടെ കൈകളിൽ ഞാൻ കാണുന്നത് നീയും കാണുന്നുണ്ടോ?” ഞാൻ ചോദിച്ചു: “അവരുടെ കൈകളിൽ എന്താണുള്ളത്?” അവിടുന്ന് പറഞ്ഞു: “അവരുടെ കൈകളിൽ പ്രകാശമുണ്ട് ” അത് എനിക്കും കാണിച്ചുതരാൻ അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന് ഞാൻ അപേക്ഷിച്ചു. അവിടുന്ന് പ്രാർഥിക്കുകയും എനിക്കത് കാണാൻ സാധിക്കുകയും ചെയ്തു.

    ബുഖാരി(റ)യും മുസ്‌ലിമും(റ) ബറാഅ് ബിൻ ആസിബ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരാൾ സൂറത്തുൽ കഹ്ഫ് ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വശത്ത് ഒരു കുതിരയെ കെട്ടിയിട്ടിരുന്നു. അപ്പോൾ ഒരു മേഘം അദ്ദേഹത്തെ പൊതിഞ്ഞു. അത് അടുത്തേക്ക് വന്നുകൊണ്ടിരുന്നു, അത് കണ്ട് കുതിര വിരണ്ടോടാൻ തുടങ്ങി. പ്രഭാതമായപ്പോൾ അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ ചെന്ന് വിവരം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അത് ഖുർആൻ പാരായണം നിമിത്തം അവതരിച്ച ശാന്തി/സകീനത്ത് ആയിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...