
തിരുനബിﷺയുടെ കൽപ്പനയനുസരിച്ച് മരങ്ങൾ വഴിപ്പെട്ടതിനെക്കുറിച്ചുള്ള ചരിത്ര സംഭവങ്ങളിൽ ചിലത് നമുക്ക് വായിക്കാം.
മുസ്‌ലിം(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ ജാബിർ ബിൻ അബ്ദുല്ലാഹ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. വിശാലമായ ഒരു താഴ്‌വരയിൽ എത്തിയപ്പോൾ തിരുനബിﷺ പ്രാഥമികാവശ്യം നിർവ്വഹിക്കാനായി പുറപ്പെട്ടു. ഞാൻ ഒരു പാത്രം വെള്ളവുമായി അവിടുത്തെ പിന്തുടർന്നു. മറയാൻ പറ്റിയ ഒന്നിനു വേണ്ടി തിരുനബിﷺ നോക്കിയപ്പോൾ അവിടെ ഒന്നും കണ്ടില്ല. എന്നാൽ താഴ്‌വരയുടെ അറ്റത്ത് രണ്ട് മരങ്ങൾ നിൽക്കുന്നത് കണ്ടു. തിരുനബിﷺ അതിലൊന്നിലേക്ക് ചെന്ന് അതിന്റെ ഒരു കൊമ്പിൽ പിടിച്ചു പറഞ്ഞു: ‘അല്ലാഹുവിന്റെ അനുവാദത്തോടെ നീ എന്നെ അനുസരിക്കുക.’ അപ്പോൾ ആ മരം, മൂക്കുകയറിട്ട ഒട്ടകം അതിന്റെ ഉടമസ്ഥനെ അനുസരിക്കുന്നത് പോലെ തിരുനബിﷺയോടൊപ്പം നീങ്ങി വന്നു. ശേഷം അടുത്ത മരത്തിന്റെ അടുത്തേക്ക് ചെന്ന് അതിന്റെ കൊമ്പിലും പിടിച്ചു പറഞ്ഞു: ‘അല്ലാഹുവിന്റെ അനുവാദത്തോടെ നീ എന്നെ അനുസരിക്കുക.’ അതും തിരുനബിﷺയോടൊപ്പം പഴയ മരം പോലെ അനുസരിച്ചു നീങ്ങി. ആ രണ്ട് മരങ്ങൾക്കും മധ്യത്തിൽ എത്തിയപ്പോൾ അവയെ കൂട്ടി യോജിപ്പിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ അനുവാദത്തോടെ നിങ്ങൾ രണ്ടും എനിക്ക് വേണ്ടി ഒന്നിച്ചു ചേരുക.’ ഉടനെ അവ രണ്ടും ഒന്നിച്ചു ചേർന്നു.”
ജാബിർ(റ) തുടർന്നു: “തിരുനബിﷺ എന്റെ സാന്നിധ്യം അറിഞ്ഞ് മാറിപ്പോകുമോ എന്ന് പേടിച്ച് ഞാൻ വേഗത്തിൽ അവിടെ നിന്ന് മാറി ഇരുന്നു. ഞാൻ ആലോചനയിൽ ഇരിക്കെ പെട്ടെന്ന് നോക്കിയപ്പോൾ ഇതാ തിരുനബിﷺ തിരിച്ചു വരുന്നു. അപ്പോഴേക്കും ആ രണ്ട് മരങ്ങളും പിരിഞ്ഞ് ഓരോന്നും അവയുടെ പഴയ സ്ഥാനത്ത് പോയി നിന്നിരുന്നു.”
ഇമാം അബൂ നുഐം(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഖൈബർ യുദ്ധവേളയിൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. പ്രാഥമികാവശ്യം നടത്താൻ ആഗ്രഹിച്ചപ്പോൾ നബിﷺ ചോദിച്ചു: ‘അബ്ദുല്ലാഹ്(റ), അവിടെ മറയായി എന്തെങ്കിലും കാണുന്നുണ്ടോ?’ ഞാൻ നോക്കിയപ്പോൾ ഒരു മരം മാത്രം കണ്ടു. ഞാൻ അത് തിരുനബിﷺയെ അറിയിച്ചു. അവിടുന്ന് വീണ്ടും ചോദിച്ചു: ‘വേറെ എന്തെങ്കിലും കാണുന്നുണ്ടോ?’ ഞാൻ നോക്കിയപ്പോൾ അകലെയായി മറ്റൊരു മരം കൂടി കണ്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നീ അവയോട് പോയി പറയുക, നിങ്ങൾ രണ്ടുപേരും ഒന്നിച്ചു ചേരാൻ അല്ലാഹുവിന്റെ ദൂതൻﷺ കൽപ്പിക്കുന്നു എന്ന്.’ ഞാൻ അവയോട് അത് പറഞ്ഞു. ഉടനെ അവ രണ്ടും ഒന്നിച്ചു ചേർന്നു. തിരുനബിﷺ അവയ്ക്ക് പിന്നിൽ മറഞ്ഞുനിന്ന് ആവശ്യം നിർവ്വഹിച്ചു. ശേഷം എഴുന്നേറ്റപ്പോൾ ആ മരങ്ങൾ ഓരോന്നും അവയുടെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി.”
ഇമാം അഹ്മദ്(റ), ഇബ്നു സഅദ്(റ), ഇബ്നു അബീ ശൈബ(റ) സ്വഹീഹാണെന്ന് രേഖപ്പെടുത്തി, ഹാക്കിം(റ) എന്നിവർ യഅ്‌ല ബിൻ മുർറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഒരു സ്ഥലത്ത് തങ്ങിയപ്പോൾ നബിﷺ എന്നോട് പറഞ്ഞു: ‘നീ ആ രണ്ട് ചെറിയ ഈന്തപ്പനകളുടെ അടുത്ത് ചെന്ന് പറയുക, നിങ്ങൾ രണ്ടുപേരും ഒന്നിച്ചു ചേരാൻ അല്ലാഹുവിന്റെ റസൂൽﷺ കൽപ്പിക്കുന്നു എന്ന്.’ ഞാൻ അവിടെ ചെന്ന് അവയോട് അത് പറഞ്ഞു. ഉടനെ അവയിലൊന്ന് മറ്റൊന്നിലേക്ക് ചാടി വരികയും രണ്ടും ഒന്നിച്ചു ചേരുകയും ചെയ്തു. തിരുനബിﷺ അവയ്ക്ക് പിന്നിൽ മറഞ്ഞുനിന്ന് ആവശ്യം നിർവ്വഹിച്ചു. അതിനുശേഷം ആ മരങ്ങൾ ഓരോന്നും അവയുടെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി.”
ഗൈലാൻ ബിൻ സലമ അസ്സഖഫി(റ) പറയുന്നു:
“ഞങ്ങൾ അല്ലാഹുവിന്റെ ദൂതരോﷺടൊപ്പം പുറപ്പെട്ടു. അന്ന് അവിടുത്തെ പക്കൽ നിന്ന് അത്ഭുതകരമായ ഒരു കാര്യം ഞങ്ങൾ കണ്ടു. അകലങ്ങളിലായി ചിതറിക്കിടക്കുന്ന ചെറിയ ഈന്തപ്പനകൾ അശാഅ് ഉള്ള ഒരു ഭൂമിയിലൂടെ ഞങ്ങൾ നടന്നുപോവുകയായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘കുഞ്ഞേ, നീ ആ രണ്ട് ഈന്തപ്പനകളുടെ അടുത്തേക്ക് ചെല്ലുക. എന്നിട്ട് അവയിലൊന്നോട് മറ്റൊന്നിനോട് ചേർന്നുനിൽക്കാൻ കൽപ്പിക്കുക.’ ഞാൻ അവയുടെ അടുത്തേക്ക് ചെന്ന് അവയ്ക്കിടയിൽ നിന്നു. എന്നിട്ട് പറഞ്ഞു: ‘നിങ്ങളിലൊന്ന് മറ്റൊന്നിനോട് ചേർന്നുനിൽക്കാൻ അല്ലാഹുവിന്റെ പ്രവാചകൻﷺ കൽപ്പിക്കുന്നു.’ ഉടനെ തിരുനബിﷺ ഇറങ്ങുകയും ആ മരങ്ങൾക്കിടയിൽ മറഞ്ഞുനിന്ന് വുളൂഅ് എടുക്കുകയും ചെയ്തു. ശേഷം അവിടുന്ന് വാഹനത്തിൽ കയറി. അപ്പോഴേക്കും ആ മരം ഭൂമി വകഞ്ഞുമാറ്റി തഴുകിക്കൊണ്ട് അതിന്റെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
