Tweet 1359

    Tweet 1359
    March 4, 2026 • Wednesday
    Post Header

    മരങ്ങളുമായി ബന്ധപ്പെട്ട മുഅ്ജിസത്തുകളുടെ വായനയിലേക്ക് വരാം. തിരുനബിﷺ തങ്ങളോടുള്ള പ്രണയത്താൽ ഈന്തപ്പനത്തടി തേങ്ങിക്കരഞ്ഞത് ഇമാം ശാഫിഈ(റ) നിവേദനം ചെയ്യുന്നു: “ഈന്തപ്പനത്തടി കരഞ്ഞ സംഭവം മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ വലിയ അത്ഭുതമാണ്.” ഇമാം ബൈഹഖി(റ) ഇതിലേക്ക് ഇപ്രകാരം കൂടി ചേർക്കുന്നു: “അല്ലാഹു മുഹമ്മദ് നബിﷺ തങ്ങൾക്ക് നൽകിയതുപോലെ മറ്റൊരു പ്രവാചകനും നൽകിയിട്ടില്ല. തിരുനബിﷺ പ്രസംഗിക്കുമ്പോൾ ചാരി നിൽക്കാറുണ്ടായിരുന്ന ആ മരത്തടി, മിൻബർ നിർമിക്കപ്പെട്ടപ്പോൾ തിരുനബിﷺ തങ്ങളോടുള്ള വേർപാടിൽ തേങ്ങിക്കരഞ്ഞു. എല്ലാവരും ആ ശബ്ദം കേട്ടു. ഇത് മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ വലിയ കാര്യമാണ്.”

    സംഭവത്തിൻ്റെ സംഗ്രഹം ഇങ്ങനെ വായിക്കാം.
    ഉബയ്യുബ്നു കഅ്ബ്(റ), അനസ് ബിൻ മാലിക്(റ), ജാബിർ ബിൻ അബ്ദില്ല(റ), അബൂ സഈദ് അൽ ഖുദ്രി(റ), ആഇശ(റ), ഉമ്മു സലമ(റ) തുടങ്ങി നിരവധി സ്വഹാബികൾ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. വിവിധ നിവേദനങ്ങളിലെ സമാനമായ ആശയങ്ങൾ ക്രോഡീകരിച്ചാൽ ഇപ്രകാരമാണ്:
    തിരുനബിﷺ പള്ളിയിൽ ഒരു ഈന്തപ്പനത്തടിയിൽ ചാരി നിന്നായിരുന്നു പ്രസംഗിച്ചിരുന്നത്. പിന്നീട് തിരുനബിﷺ തങ്ങൾക്കായി ഒരു മിൻബർ അഥവാ പ്രസംഗപീഠം നിർമിക്കപ്പെട്ടു. തിരുനബിﷺ ആ മരത്തടി വിട്ട് പുതിയ മിൻബറിലേക്ക് നീങ്ങിയപ്പോൾ, ആ മരത്തടി ഒരു മാതൃ ഒട്ടകം തൻ്റെ കുഞ്ഞിനായി കരയുന്നതുപോലെ തേങ്ങിക്കരഞ്ഞു. ചില നിവേദനങ്ങളിൽ അത് ഒരു കാള മൂളുന്നതുപോലെ ശബ്ദമുണ്ടാക്കി എന്ന് കാണാം. മറ്റു ചിലതിൽ, ഒരു കൊച്ചു കുട്ടി നിർത്താതെ കരയുന്നതുപോലെ അത് ശബ്ദമുണ്ടാക്കി. ആ ശബ്ദം കാരണം ആ മരത്തടി പിളരുകയും പൊട്ടുകയും ചെയ്തു.
    ഇതു കണ്ട തിരുനബിﷺ മിൻബറിൽ നിന്ന് താഴെയിറങ്ങി വന്ന് ആ മരത്തടിയെ കെട്ടിപ്പിടിച്ചു. അപ്പോൾ സമാധാനിപ്പിക്കപ്പെട്ട ഒരു കുഞ്ഞിനെപ്പോലെ അത് മെല്ലെ തേങ്ങിക്കൊണ്ട് ശാന്തമായി. തിരുനബിﷺ ആ മരത്തടിയോട് ചോദിച്ചു: “നിനക്ക് വേണമെങ്കിൽ നിന്നെ നിന്നിരുന്ന ഇടത്തുതന്നെ ഞാൻ വീണ്ടും നട്ടുപിടിപ്പിക്കാം, നീ പഴയതുപോലെ പച്ചപിടിച്ചു വളരാം. അതല്ലെങ്കിൽ നിന്നെ ഞാൻ സ്വർഗ്ഗത്തിൽ നടാം, അവിടുത്തെ നദികളിൽ നിന്നും ഉറവകളിൽ നിന്നും നിനക്ക് കുടിക്കാം, നീ അവിടെ മികച്ച രീതിയിൽ വളരുകയും നിൻ്റെ ഫലങ്ങൾ പുണ്യവാന്മാർ ഭക്ഷിക്കുകയും ചെയ്യും. ഏതാണ് നിനക്ക് വേണ്ടത്?”

    ആ മരത്തടി ദുനിയാവിനേക്കാൾ പരലോകത്തെ തിരഞ്ഞെടുത്തു. തിരുനബിﷺ പറഞ്ഞു:
    “ഞാൻ അതിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അത് ഇപ്രകാരം കരഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു.” കൂടാതെ തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ആ മരത്തെ കുറ്റപ്പെടുത്തരുത്, കാരണം അല്ലാഹുവിൻ്റെ റസൂൽﷺ ഒന്നിനെ വേർപിരിഞ്ഞാൽ അതിന് തീർച്ചയായും പ്രയാസമുണ്ടാകും.”

    ഈ സ്നേഹം അടയാളപ്പെടുത്തിയ ചില കവിതാശകലങ്ങളുടെ സാരം ഇങ്ങനെയാണ്.
    പരമകാരുണ്യവാൻ ചേതനയില്ലാത്ത വസ്തുക്കളിൽ പോലും തിരുനബിﷺയോടുള്ള സ്നേഹം നിക്ഷേപിച്ചു. അതുകൊണ്ട് അവ അവിടുത്തേക്ക് സലാം അർപ്പിക്കുമായിരുന്നു. അവിടുന്ന് ചാരിനിന്ന് പ്രസംഗിച്ചിരുന്ന ആ മരത്തടിയെ അവിടുന്ന് വേർപിരിഞ്ഞപ്പോൾ, പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ഒരു ഉമ്മ തേങ്ങിക്കരയുന്നതുപോലെ അത് തേങ്ങി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...