
അവിടുന്ന് പറഞ്ഞു: ‘നീ അഹ്‌ലുസ്സുഫ്ഫയുടെ /പള്ളിയിൽ കഴിയുന്ന ദരിദ്രരായ സ്വഹാബികളുടെ അടുത്ത് ചെന്ന് അവരെ ഇങ്ങോട്ട് വിളിക്കുക’. അഹ്‌ലുസ്സുഫ്ഫക്കാർ ഇസ്‌ലാമിന്റെ അതിഥികളാണ്. അവർക്ക് കുടുംബമോ സ്വത്തോ ഇല്ല. സ്വദഖ /ദാനം വന്നാൽ തിരുനബിﷺ അത് മുഴുവൻ അവർക്ക് നൽകും. സമ്മാനമാണെങ്കിൽ അവിടുന്ന് അതിൽ നിന്ന് അല്പം എടുക്കുകയും ബാക്കി അവർക്ക് നൽകുകയും ചെയ്യും.
നബിﷺ ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അല്പം വിഷമം തോന്നി. ഞാൻ ചിന്തിച്ചു: ‘ഈ ഒരു ചെറിയ പാത്രം പാൽ ഇത്രയും പേർക്ക് എങ്ങനെ തികയും? ഈ പാൽ കുടിച്ച് എന്റെ ക്ഷീണമകറ്റാമെന്ന് ഞാൻ ആഗ്രഹിച്ചതായിരുന്നു. ഇനി അവരെ വിളിച്ചു കൊണ്ടുവന്നാൽ അവർക്ക് പാൽ നൽകാൻ നബിﷺ എന്നെയായിരിക്കും ഏൽപ്പിക്കുക. അപ്പോൾ എനിക്ക് എന്തെങ്കിലും കുടിക്കാൻ ബാക്കിയുണ്ടാകുമോ?’ എങ്കിലും അല്ലാഹുവിനെയും റസൂലിﷺനെയും അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ.
ഞാൻ അവരെ പോയി വിളിച്ചു. അവർ വന്ന് വീട്ടിലിരുന്നു. നബിﷺ പറഞ്ഞു: ‘അബൂ ഹിർ(റ), പാത്രം എടുത്ത് അവർക്ക് നൽകുക’. ഞാൻ ഓരോരുത്തർക്കായി പാത്രം നൽകി. ഓരോരുത്തരും വയർ നിറയെ കുടിച്ച് പാത്രം എനിക്ക് തിരിച്ചു നൽകും. അങ്ങനെ എല്ലാവരും കുടിച്ചു കഴിഞ്ഞു.
അവസാനം പാത്രം നബിﷺയുടെ കൈകളിലെത്തി. അവിടുന്ന് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ‘അബൂ ഹിർ(റ), ഇനി ഞാനും നീയും മാത്രമേ ബാക്കിയുള്ളൂ’. ഞാൻ പറഞ്ഞു: ‘അങ്ങു പറഞ്ഞത് സത്യമാണ് യാ റസൂലള്ളാഹ്ﷺ’. അവിടുന്ന് പറഞ്ഞു: ‘ഇരിക്കൂ, കുടിക്കൂ’. ഞാൻ കുടിച്ചു. വീണ്ടും അവിടുന്ന് പറഞ്ഞു: ‘ഇനിയും കുടിക്കൂ’. ഞാൻ വീണ്ടും കുടിച്ചു. അവിടുന്ന് വീണ്ടും കുടിക്കാൻ പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഞാൻ പറഞ്ഞു: ‘സത്യവുമായി അങ്ങയെ നിയോഗിച്ചവൻ തന്നെയാണ് സത്യം! ഇനി ഇത് ഇറങ്ങാൻ ഒരിടവും എന്റെ വയറ്റിലില്ല!’.
തുടർന്ന് ഞാൻ പാത്രം തിരുനബിﷺക്ക് നൽകി. അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ബിസ്മി ചൊല്ലി ബാക്കിയുണ്ടായിരുന്ന പാൽ കുടിക്കുകയും ചെയ്തു.”
ആടിന്റെ പാലിൽ തിരുനബിﷺയുടെ ബർക്കത്ത് അഥവാ അനുഗ്രഹം സംബന്ധിച്ച ലളിതമായ ഒരു വായന കൂടി നടത്താം.
ഇമാം അഹ്മദ്(റ), അബൂദാവൂദ് അത്വയാലിസി(റ), ഇബ്നു സഅദ്(റ), ത്വബ്റാനി(റ) എന്നിവർ ഖബ്ബാബ് ബിൻ അൽ-അറത്തി(റ)ന്റെ മകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു: “ഖബ്ബാബ്(റ) ഒരു യുദ്ധയാത്രയിൽ പുറപ്പെട്ട സമയത്ത്, തിരുനബിﷺ ഞങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. അവിടുന്ന് ഞങ്ങളുടെ ഒരു പെണ്ണാടിനെ കറന്നു തരുമായിരുന്നു. ഞങ്ങളുടെ ഒരു വലിയ പാത്രത്തിലായിരുന്നു കറന്നിരുന്നത്, അത് നിറയുകയും ചെയ്യുമായിരുന്നു. എന്നാൽ ഖബ്ബാബ്(റ) തിരിച്ചെത്തിയപ്പോൾ അദ്ദേഹം ആടിനെ കറന്നു, അപ്പോൾ കറവ പഴയതുപോലെ അഥവാ കുറഞ്ഞ അളവിൽ തന്നെയായി. അത് കണ്ട് എന്റെ ഉമ്മ പറഞ്ഞു:
‘നീ ഞങ്ങളുടെ ആടിനെ നശിപ്പിച്ചല്ലോ!’ അദ്ദേഹം ചോദിച്ചു: ‘അതെന്താണ് അങ്ങനെ പറഞ്ഞത്?’ ഉമ്മ പറഞ്ഞു: ‘ഈ പാത്രം നിറയെ അത് പാൽ തരുമായിരുന്നു.’ അദ്ദേഹം ചോദിച്ചു: ‘ആരായിരുന്നു അത് കറന്നിരുന്നത്?’ ഉമ്മ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതർﷺ ആയിരുന്നു.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ ആരോടാണ് താരതമ്യം ചെയ്യുന്നത്? അല്ലാഹുവാണെ സത്യം! അവിടുന്ന് എല്ലാറ്റിനേക്കാളും മഹത്തായ അനുഗ്രഹം നൽകപ്പെട്ടവരാണ്.'”
മറ്റൊരു സംഭവം ഇപ്രകാരമാണ്. ഇമാം ബൈഹഖി(റ) നദ്ല ബിൻ അമ്റുൽ ഗിഫാരി(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം തിരുനബിﷺക്ക് വേണ്ടി ഒരു പാത്രത്തിൽ പാൽ കറന്നു നൽകി. തിരുനബിﷺ അത് കുടിച്ചു. ശേഷം നദ്ല(റ) കുടിക്കുകയും അദ്ദേഹത്തിന്റെ വയർ നിറയുകയും ചെയ്തു. അപ്പോൾ അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു:
“അല്ലാഹുവിന്റെ ദൂതരെﷺ! മുമ്പ് ഞാൻ വലിയ അളവിൽ കുടിക്കാറുണ്ടായിരുന്നു, എന്നിട്ടും എന്റെ വയർ നിറയാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ അല്പം കുടിച്ചപ്പോഴേക്കും ഞാൻ തൃപ്തനായിരിക്കുന്നു.”
അപ്പോൾ തിരുനബിﷺ പറഞ്ഞു:
“സത്യവിശ്വാസി ഒരു കുടലിലേക്കാണ് കുടിക്കുന്നത് അഥവാ കുറഞ്ഞ അളവിൽ തൃപ്തിപ്പെടുന്നു, എന്നാൽ സത്യനിഷേധി ഏഴ് കുടലുകളിലേക്കാണ് കുടിക്കുന്നത് എത്ര കഴിച്ചാലും തൃപ്തിയാവില്ല.”
