Tweet 1314

    Tweet 1314
    January 18, 2026 • Sunday
    Post Header

    7: വെല്ലുവിളികളും പ്രവചനങ്ങളും: ചില ജനവിഭാഗങ്ങൾ ചില കാര്യങ്ങൾ ചെയ്യില്ല എന്ന് ഖുർആൻ മുൻകൂട്ടി പ്രഖ്യാപിച്ചു, അവർക്ക് അത് ചെയ്യാൻ സാധിച്ചതുമില്ല. ഉദാഹരണത്തിന് യഹൂദികളെ കുറിച്ച് ഖുർആൻ അൽ-ബഖറ: അധ്യായത്തിലെ 95 ആം സൂക്തത്തിൽ പറഞ്ഞു. “അവർ മരണം ഒരിക്കലും കൊതിക്കുകയില്ല.”

    8: എതിർപ്പിനെ അതിജയിക്കുക: ഖുർആനിനെ എതിർക്കാനും തകർക്കാനും ശത്രുക്കൾക്ക് കഠിനമായ ആഗ്രഹവും ആവശ്യവുമുണ്ടായിട്ടും അതിന്റെ ഒരു വരിക്ക് തുല്യമായത് പോലും കൊണ്ടുവരാൻ അവർക്ക് സാധിച്ചില്ല.

    9: ഹൃദയങ്ങളെ നടുക്കുന്ന പ്രഭാവം: ഖുർആൻ കേൾക്കുമ്പോൾ കേൾവിക്കാരുടെ ഹൃദയത്തിലുണ്ടാകുന്ന ഭയഭക്തിയും ഗാംഭീര്യവും അതിശയിപ്പിക്കുന്നതാണ്. ജുബൈർ ബിൻ മുത്ഇം(റ) പറയുന്നു: “തിരുനബിﷺ മഗ്‌രിബ് നിസ്കാരത്തിൽ ‘അത്തുർ’ എന്ന സൂറത്ത് ഓതുന്നത് ഞാൻ കേട്ടു. ‘അതല്ല, അവർ യാതൊരു വസ്തുവിൽ നിന്നുമല്ലാതെ സൃഷ്ടിക്കപ്പെട്ടവരാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ?’ എന്ന ആശയമുള്ള അത്തുർ അധ്യായത്തിലെ 35-37 വചനങ്ങളെത്തിയപ്പോൾ എന്റെ ഹൃദയം പറന്നുപോകുന്നത് പോലെ എനിക്ക് തോന്നി.” ഇസ്‌ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ആദ്യമായി സ്ഥാനം പിടിച്ചത് ആ സന്ദർഭത്തിലായിരുന്നു. ഖുർആൻ വചനങ്ങൾ കേട്ട് ബോധരഹിതരായവരും മരണപ്പെട്ടവരും ചരിത്രത്തിലുണ്ട്. ‘ഖുർആൻ വചനങ്ങൾ കേട്ട് മരിച്ചവർ’ എന്ന പേരിൽ തന്നെ ചിലർ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

    10: മടുപ്പില്ലാത്ത ആവർത്തനം: എത്ര തവണ ഓതിയാലും ഓതുന്നവന് മടുപ്പോ കേൾക്കുന്നവന് വെറുപ്പോ തോന്നാത്ത ഏക ഗ്രന്ഥമാണിത്. ആവർത്തിക്കുംതോറും അതിന്റെ മാധുര്യവും സ്നേഹവും വർദ്ധിക്കുന്നു. മറ്റു സംസാരങ്ങൾ ആവർത്തിച്ചാൽ മടുപ്പുണ്ടാകും. ഇതിനാലാണ് നബിﷺ ഖുർആനെ വിശേഷിപ്പിച്ചത്: “എത്ര ആവർത്തിച്ചാലും അത് പഴകുകയില്ല” എന്ന്.

    11: അനശ്വരമായ അത്ഭുതം: ലോകം നിലനിൽക്കുന്നിടത്തോളം കാലം മാറാതെ നിൽക്കുന്ന ദൃഷ്ടാന്തമാണിത്. ഇതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. ചുരുങ്ങിയ വാക്കുകളിൽ അനേകം വിജ്ഞാനങ്ങളെ ഖുർആൻ ഉൾക്കൊള്ളുന്നു.

    12: ഗാംഭീര്യവും മാധുര്യവും: മനുഷ്യ സംസാരത്തിൽ അപൂർവ്വമായി മാത്രം ഒന്നിച്ചു വരുന്ന ഗാംഭീര്യവും മാധുര്യവും ഖുർആനിൽ ഇഴചേർന്നു നിൽക്കുന്നു.

    13: അന്തിമവും സമ്പൂർണ്ണവുമായ ഗ്രന്ഥം: ഇത് അവസാനത്തെ ഗ്രന്ഥമാണ്. ഇതിന് മറ്റു ഗ്രന്ഥങ്ങളുടെ സഹായം ആവശ്യമില്ല. എന്നാൽ മുൻവേദങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാൻ ഖുർആൻ ആവശ്യമാണ്. അല്ലാഹു പറയുന്നു: അൽ-നംല് അധ്യായത്തിലെ 76 ആം സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “തീർച്ചയായും ഈ ഖുർആൻ ഇസ്രായീൽ സന്തതികൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന മിക്ക കാര്യങ്ങളും അവർക്ക് വിവരിച്ചുകൊടുക്കുന്നു.”

    ഖാളി അബൂബക്കർ ബാഖില്ലാനി(റ) പറഞ്ഞു:
    “നേരത്തെ സൂചിപ്പിച്ച ആദ്യത്തെ നാല് വശങ്ങളാണ് ഖുർആനിന്റെ ഇഅ്‌ജാസിനായി അവലംബിക്കാവുന്നത്. ബാക്കിയുള്ളവ അതിന്റെ സവിശേഷതകളിൽ പെട്ടതാണ്. ഏഴ് അക്ഷരങ്ങളിൽ അഥവാ ഏഴ് പാരായണ രീതികളിൽ ഇറക്കപ്പെട്ടു എന്നത്, ഘട്ടം ഘട്ടമായി അവതരണമായി എന്നത്, മനഃപാഠമാക്കാൻ എളുപ്പമാക്കി എന്നത് എന്നിവയും അതിന്റെ സവിശേഷതകളിൽ പെട്ടതാണ്. മറ്റ് വേദഗ്രന്ഥങ്ങൾ ഈ മൂന്ന് കാര്യങ്ങളിലും ഖുർആനിൽ നിന്ന് വ്യത്യസ്തമാണ്.”

    അദ്ദേഹം തുടരുന്നു. “ഖുർആനിന്റെ ഇഅ്‌ജാസിന്റെ വശങ്ങൾ മനസ്സിലാക്കിയാൽ, അതിന്റെ അത്ഭുതങ്ങൾ അഥവാ മുഅ്‌ജിസത്തുകൾ ആയിരമോ രണ്ടായിരമോ അതിലധികമോ ആയി കണക്കാക്കാനാവില്ലെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. കാരണം പ്രവാചകൻﷺ ഖുർആനിലെ ഒരു അധ്യായം കൊണ്ടുവരാൻ വെല്ലുവിളിക്കുകയും അവർക്ക് അതിന് കഴിയാതെ വരികയും ചെയ്തുവല്ലോ?”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...