Tweet 1309

    Tweet 1309
    January 13, 2026 • Tuesday
    Post Header

    ഖുർആനിന്റെ അദ്ഭുതസിദ്ധി അഥവാ ഇഅ്ജാസ് സംബന്ധമായ ഒരു അനുബന്ധ വിശകലനം ഇങ്ങനെ വായിക്കാം.

    ഖുർആൻ പ്രവാചകൻﷺയുടെ മുഅ്ജിസത് /അദ്ഭുതദൃഷ്ടാന്തമാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ അദ്ഭുതസിദ്ധിയുടെ വശം തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഒട്ടേറെ ചർച്ചകൾ നടന്നിട്ടുണ്ട്.

    ഒന്ന്, ദൈവിക ഗുണവും വെല്ലുവിളിയും. ഖുർആൻ എന്നത് അല്ലാഹുവിന്റെ ഖദീം അഥവാ അനാദിയായ ഗുണമാണെന്നും ആ അനാദിയായ വചനത്തെക്കൊണ്ടാണ് വെല്ലുവിളി ഉണ്ടായതെന്നും ചിലർ വാദിക്കുന്നു. എന്നാൽ ഇത് സ്വീകാര്യമല്ല. കാരണം, മനുഷ്യർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നുകൊണ്ട് അവരെ വെല്ലുവിളിക്കുന്നതിൽ അർത്ഥമില്ലല്ലൊ. പണ്ഡിതഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ, അനാദിയായ ആ വചനത്തെ കുറിക്കുന്ന ഖുർആനിലെ ‘വാക്കുകൾ’ കൊണ്ടാണ് വെല്ലുവിളി ഉണ്ടായത്.

    രണ്ട്, ‘സ്വർഫ’ വാദവും അതിന്റെ നിരർത്ഥകതയും.
    മുഅ്തസിലി ചിന്താഗതിക്കാരനായ നള്ളാം വാദിക്കുന്നത്, ഖുർആനിന് സമാനമായത് കൊണ്ടുവരാൻ അറബികൾക്ക് കഴിവുണ്ടായിരുന്നു എന്നാണ്. എന്നാൽ അല്ലാഹു അവരുടെ ബുദ്ധിയെയും കഴിവിനെയും അതിൽ നിന്ന് തിരിച്ചുവിട്ടു അഥവാ സ്വർഫ ചെയ്തു എന്ന്. ഈ വാദം തെറ്റാണെന്ന് താഴെ പറയുന്ന കാരണങ്ങളാൽ വ്യക്തമാണ്:

    “മനുഷ്യരും ജിന്നുകളും ഒത്തുചേർന്നാലും ഇതിന് സമാനമായത് കൊണ്ടുവരാൻ അവർക്ക് കഴിയില്ല” എന്ന അൽ-ഇസ്റാഅ് അധ്യായത്തിലെ 88 ആമത്തെ സൂക്തം സൂചിപ്പിക്കുന്നത്, അവർക്ക് കഴിവുണ്ടായിട്ടും ഖുർആനിന്റെ അത്യുന്നതമായ ശൈലിക്ക് മുന്നിൽ അവർ പരാജയപ്പെട്ടു എന്നാണ്. അവരുടെ കഴിവ് അല്ലാഹു തടഞ്ഞുവെച്ചതാണെങ്കിൽ, ജിന്നുകളും മനുഷ്യരും ഒത്തുചേരുന്നതിനെക്കുറിച്ച് പരാമർശിക്കുന്നതിൽ അർത്ഥമില്ലല്ലൊ. മരിച്ചവർ ഒത്തുചേരുന്നതുപോലെയല്ലേ അതാവുക.

    മാത്രമല്ല, ഈ വാദപ്രകാരം ഖുർആനിന് സ്വന്തമായി ഒരു ശ്രേഷ്ഠതയുമില്ല എന്നും അദ്ഭുതം ഖുർആനിലല്ല, മറിച്ച് അല്ലാഹു മനുഷ്യരെ തടഞ്ഞതിലാണ് എന്നുമാണ് വരിക. അത് ശരിയല്ല. അതിനുപുറമേ സ്വർഫ വാദം അംഗീകരിച്ചാൽ വെല്ലുവിളിയുടെ കാലഘട്ടം കഴിഞ്ഞാൽ ഖുർആനിന്റെ അദ്ഭുതസിദ്ധി അവസാനിക്കണം. എന്നാൽ ഖുർആൻ അന്ത്യനാൾ വരെ നിലനിൽക്കുന്ന മുഅ്ജിസത്താണ്.

    ഖാളി അബൂബക്കർ അൽ-ബാഖില്ലാനി(റ) പറയുന്നു: “സ്വർഫ വാദം അസാധുവാണ്. ഖുർആനിന് സമാനമായ ഒന്ന് കൊണ്ടുവരാൻ മനുഷ്യർക്ക് സാധിക്കുമായിരുന്നെങ്കിൽ ഖുർആൻ ഒരു മുഅ്ജിസത്താകുമായിരുന്നില്ല. ഖുർആനിന്റെ അദ്ഭുതസിദ്ധി അതിന്റെ അത്യന്തം മനോഹരമായ കോർവയിലും ഭാഷാഘടനയിലും അറബികളുടെ സാധാരണ സംസാരശൈലികളിൽ നിന്നുള്ള വ്യത്യാസത്തിലുമാണ് നിലകൊള്ളുന്നത്.”

    അദ്ദേഹം തുടർന്നു പറയുന്നു: കവിതകളിലും പ്രസംഗങ്ങളിലും കാണുന്ന സാധാരണ അലങ്കാര പ്രയോഗങ്ങൾ അഥവാ ബദീഅ് പഠനത്തിലൂടെയും പരിശീലനത്തിലൂടെയും ആർക്കും നേടിയെടുക്കാം. എന്നാൽ ഖുർആനിന്റെ ഭാഷാശൈലിക്ക് മുൻമാതൃകകളില്ല. അത് അനുകരിക്കാനോ യാദൃച്ഛികമായിപ്പോലും നിർമിക്കാനോ സാധ്യമല്ല.

    ഖുർആനിന്റെ ചില ഭാഗങ്ങളിൽ ഈ അദ്ഭുതസിദ്ധി വളരെ വ്യക്തമാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ അത് സൂക്ഷ്മവും അഗാധവുമാണ്.

    ഇമാം റാസി(റ) പറഞ്ഞു: ഖുർആനിന്റെ അദ്ഭുതസിദ്ധി /ഇഅ്ജാസ് നിലകൊള്ളുന്നത് അതിന്റെ വാക്ചാതുരി /ഫസാഹത്ത്, ശൈലീപരമായ സവിശേഷത /അപൂർവ്വത, എല്ലാവിധ കുറവുകളിൽ നിന്നുമുള്ള അതിന്റെ പരിശുദ്ധി എന്നിവയിലാണ്.

    ഇമാം സമൽക്കാനി(റ) പറഞ്ഞു: ഖുർആനിന്റെ അദ്ഭുതസിദ്ധി അതിന്റെ സവിശേഷമായ രചനാഘടന/തഅ്ലീഫുമായി ബന്ധപ്പെട്ടതാണ്, സാധാരണ രചനാശൈലിയല്ല അത്. അതിന്റെ പദങ്ങൾ ഘടനയിലും താളത്തിലും അതീവ കൃത്യതയുള്ളതും വാചകങ്ങൾ ആശയതലത്തിൽ അത്യുന്നതവുമാണ്. ഓരോ കലയും അതിന്റെ വാചികവും അർത്ഥപരവുമായ പരമോന്നത നിലവാരത്തിലാണ് ഖുർആനിൽ സമ്മേളിച്ചിരിക്കുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...