Tweet 1283

    Tweet 1283
    December 18, 2025 • Thursday
    Post Header

    തിരുനബിﷺ ചീത്ത കാര്യങ്ങളെ നിന്ദിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവിടുത്തെ എല്ലാ കാര്യങ്ങളും മിതവും വൈരുദ്ധ്യമില്ലാത്തതുമായിരുന്നു. ആളുകൾക്ക് തെറ്റ് പറ്റുകയോ വഴിതെറ്റിപ്പോവുകയോ ചെയ്യുമെന്ന ഭയം കാരണം അവിടുന്ന് ചില കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുമായിരുന്നു.
    ഓരോ സാഹചര്യത്തിനും അനുസൃതമായ സജ്ജീകരണങ്ങളുണ്ടായിരുന്നു. ഒന്നിനും ഒട്ടും കുറവ് വരുത്തുകയോ അതിനെ അതിലംഘിക്കുകയോ ചെയ്തില്ല. അടുത്തിടപഴകുന്നവർ അവരിൽ ഏറ്റവും നല്ലവരായിരുന്നു. ഏറ്റവും പ്രിയപ്പെട്ടവർ ഏറ്റവും കൂടുതൽ ഉപദേശം നൽകുന്നവരും, ഏറ്റവും വലിയ സ്ഥാനമുള്ളവർ ഏറ്റവും നന്നായി സഹാനുഭൂതി കാണിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുമായിരുന്നു.

    ഹുസൈൻ(റ) പറഞ്ഞു: “തിരുനബിﷺയുടെ ഇരിപ്പിടത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിൻ്റെ റസൂൽﷺ അല്ലാഹുവിൻ്റെ സ്മരണയോടെയല്ലാതെ എഴുന്നേൽക്കുകയോ ഇരിക്കുകയോ ചെയ്യുമായിരുന്നില്ല.

    ഒരു സദസ്സിലേക്കെത്തിയാൽ, അവസാനമായി ഇരിപ്പിടം എവിടെയാണോ അവിടെ ഇരിക്കുകയും അതിന് കൽപ്പിക്കുകയും ചെയ്യുമായിരുന്നു. കൂടെ ഇരിക്കുന്ന എല്ലാവർക്കും അവരവരുടെ അവകാശം വകവച്ചു നൽകുമായിരുന്നു. കൂടെ ഇരിക്കുന്നയാൾക്ക്, തന്നേക്കാൾ മറ്റാരെയെങ്കിലും തിരുനബിﷺ കൂടുതൽ ആദരിക്കുന്നുണ്ടെന്ന് തോന്നുകയില്ലായിരുന്നു.

    ആവശ്യം ചോദിച്ചു വരുന്നവരെ അവിടുന്ന് നിരാശപ്പെടുത്തി അയക്കുകയോ, അല്ലെങ്കിൽ മൃദുവായ വാക്കുകൾ കൊണ്ടെങ്കിലും മടക്കി അയക്കുകയോ ചെയ്യുമായിരുന്നില്ല. തിരുനബിﷺയുടെ സൗമ്യതയും സ്വഭാവവും എല്ലാവർക്കും ലഭിച്ചിരുന്നു. തിരുനബിﷺ അവർക്ക് പിതാവിനെപ്പോലെയായി മാറി. എല്ലാവരും അവിടുത്തെ അടുക്കൽ തുല്യരായിരുന്നു. നബിസദസ്സ് വിവേകത്തിൻ്റെയും ലജ്ജയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും സദസ്സായിരുന്നു. അതിൽ ശബ്ദങ്ങൾ ഉയർത്തുകയില്ലായിരുന്നു. അതിൽ ആരുടെയും അപരാധങ്ങൾ സംസാരിക്കുകയില്ലായിരുന്നു. അവർ ദൈവഭയത്തോടെ പരസ്പരം കാര്യങ്ങൾ കൈമാറുമായിരുന്നു. മുതിർന്നവരെ ആദരിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും ആവശ്യമുള്ളവർക്ക് മുൻഗണന നൽകുകയും അപരിചിതരെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.”

    നബി ജീവിതത്തിൻ്റെ ഒരു ദൈനംദിന ചിത്രം വളരെ ലളിത മനോഹരമായി ആഖ്യാനിക്കുകയായിരുന്നു ഇവിടെ. തിരുനബിﷺയുടെ ഓരോ ചലനങ്ങളും ഒപ്പമുള്ളവരും സദസ്യരും കൃത്യമായി ശ്രദ്ധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു എന്നതിൻ്റെ അർഥം നബി ജീവിതം അത്രമേൽ രേഖപ്പെടുത്തേണ്ടതാണ് എന്ന ബോധ്യം തിരുനബിﷺയോടൊപ്പം ജീവിച്ചിരുന്ന ഓരോരുത്തർക്കുമുണ്ടായിരുന്നു. കുടുംബാദികളും സ്വഹാബികളും നിരന്തരമായി ജീവിതത്തെക്കുറിച്ച് ചോദിക്കുകയും പറയുകയും പുതിയ തലമുറ പഴയ തലമുറയോട് അന്വേഷിക്കുകയും ചെയ്തിരുന്നു എന്നതിൻ്റെ പ്രമാണം കൂടിയാണിത്.

    നബി ജീവിതത്തിൻ്റെ മുൻകാല സ്രോതസ്സുകളെ കൃത്യമായി അറിവുള്ള ആളുകളോട് ഒരേസമയത്ത് തന്നെ പലരും പലവഴിക്കു അന്വേഷിച്ചു. ഓരോരുത്തർക്കും നബി ജീവിതത്തിൻ്റെ ആശ്ചര്യകരമായ തലങ്ങളെ വ്യത്യസ്തമായ ആഖ്യാനങ്ങളിലൂടെ ലഭിക്കുകയായിരുന്നു. ഓരോരുത്തരും അവരവരുടെ പരമ്പരകളിലേക്ക് അത് കൈമാറുകയും ചെയ്തു. നബി ജീവിതത്തിൻ്റെ വായനകൾക്ക് നിരവധി പരമ്പരകളും കൈമാറ്റ വഴികളും ഇന്നും ആധികാരികമായി രേഖപ്പെട്ടു കിടക്കുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...