Tweet 1277

    Tweet 1277
    December 12, 2025 • Friday
    Post Header

    തിരുനബിﷺയുടെ സാമൂഹിക സഹകരണങ്ങളുടെയും സഹവാസങ്ങളുടെയും അധ്യായം വായിക്കുമ്പോൾ സഹ്ൽ ഇബ്നു ഹുനൈഫി(റ)ൽ നിന്നുള്ള ഒരു നിവേദനം ഇങ്ങനെ നമുക്ക് പരിചയപ്പെടാം. അദ്ദേഹം പറയുന്നു, തിരുനബിﷺ മുസ്‌ലിംകളിലെ ദുർബലരായവരുടെ അടുക്കൽ പോവുകയും അവരെ സന്ദർശിക്കുകയും അവരിലെ രോഗികളെ സന്ദർശിക്കുകയും പരിചരിക്കുകയും അവരുടെ മയ്യിത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.

    തിരുനബിﷺയുടെ പരിചാരകൻ അബൂ റാഫിഈ(റ) നിവേദനം ചെയ്യുന്നു. അസർ നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ ബനൂ അബ്ദുൽ അശ്ഹൽ ഗോത്രത്തിലേക്ക് പോവുകയും മഗ്‌രിബ് നിസ്കാരത്തിനായി മടങ്ങുന്നതുവരെ അവരോടൊപ്പം സംസാരിക്കുകയും ചെയ്യുമായിരുന്നു. അബൂ റാഫിഈ(റ) പറഞ്ഞു: തിരുനബിﷺ മഗ്‌രിബിനായി ധൃതിപ്പെട്ടു നടക്കുമ്പോൾ ഞങ്ങൾ ബഖീഇലൂടെ കടന്നുപോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: “ഛെ! നിനക്കുവേണ്ടി മാത്രം” ഇത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി, ഞാൻ പിന്നോട്ട് മാറി. തിരുനബിﷺ എന്നെയാണ് ഉദ്ദേശിച്ചതെന്ന് ഞാൻ വിചാരിച്ചു. അവിടുന്ന് ചോദിച്ചു: “നിനക്കെന്തുപറ്റി? നടക്കുക.” ഞാൻ പറഞ്ഞു: “ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?” അവിടുന്ന് ചോദിച്ചു: “നിനക്കെന്തുപറ്റി?” ഞാൻ പറഞ്ഞു: “അങ്ങ് എന്നെക്കുറിച്ച് ‘ഛെ’ എന്ന് പറഞ്ഞല്ലോ.” അവിടുന്ന് പറഞ്ഞു: “അല്ല, ഇത് ഇന്ന വ്യക്തിയാണ്. ഇന്ന ഗോത്രക്കാർക്ക് സകാത്ത് പിരിക്കാനായി ഞാൻ അവനെ അയച്ചതായിരുന്നു. അപ്പോൾ അവൻ ഒരു പുതപ്പ് മോഷ്ടിച്ചു അഥവാ വിശ്വാസവഞ്ചന കാണിച്ചു. അതിനാൽ അതിന് തുല്യമായ തീ കൊണ്ട് അവന് കവചം ധരിപ്പിക്കപ്പെട്ടിരിക്കുന്നു.

    ഉമ്മു വറഖ ബിൻത് അബ്ദുല്ലാഹി ബ്നു നൗഫൽ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ബദ്ർ യുദ്ധത്തിന് പുറപ്പെട്ടപ്പോൾ, ഉമ്മു വറഖ(റ) അവിടുത്തോട് പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതരേﷺ, അങ്ങയുടെ കൂടെ യുദ്ധത്തിൽ പങ്കെടുക്കാൻ എന്നെ അനുവദിക്കണം. ഞാൻ രോഗികളെ ശുശ്രൂഷിക്കാം, അപ്പോൾ അല്ലാഹു എനിക്ക് രക്തസാക്ഷിത്വം അഥവാ ശഹാദത്ത് നൽകിയേക്കാം.” അവിടുന്ന് പറഞ്ഞു: “നീ നിൻ്റെ വീട്ടിൽ കഴിഞ്ഞുകൂടുക. നിശ്ചയമായും, അല്ലാഹു നിനക്ക് രക്തസാക്ഷിത്വം നൽകും.” നിവേദനം തുടർന്ന് പറഞ്ഞു: അതിനാൽ അവർ ‘അശ്ശഹീദ/രക്തസാക്ഷി’ എന്ന് വിളിക്കപ്പെട്ടു. അവർ ഖുർആൻ പാരായണം ചെയ്യുമായിരുന്നു. അവർക്ക് അവരുടെ വീട്ടിൽ ഒരു മുഅദ്ദിനെ അഥവാ ബാങ്ക് വിളിക്കുന്ന ആളെ വെക്കാൻ തിരുനബിﷺയോട് അനുവാദം ചോദിച്ചു. അവിടുന്ന് അവർക്ക് അനുവാദം നൽകി. അവർ ഒരു അടിമയെയും അടിമപ്പെൺകുട്ടിയെയും ‘മുദബ്ബർ’ അഥവാ യജമാനൻ മരിച്ചാൽ മോചിതരാകുന്നവർ ആക്കിയിരുന്നു. അവർ രാത്രിയിൽ അവരുടെ അടുത്ത് വന്ന്, അവരുടെ ഒരു പുതപ്പുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയും അവരുടെ ആഭരണങ്ങളും മറ്റും എടുത്ത് പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉമർ(റ) ആളുകൾക്കിടയിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞു: “ഈ രണ്ടുപേരെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുകയോ അല്ലെങ്കിൽ അവരെ കാണുകയോ ചെയ്തെങ്കിൽ അവരെ കൊണ്ടുവരണം.” അങ്ങനെ, അദ്ദേഹം അവരെ പിടിക്കാൻ കൽപ്പിക്കുകയും അവരെ കുരിശിലേറ്റുകയും ചെയ്തു. അങ്ങനെ മദീനയിൽ ആദ്യം കുരിശിലേറ്റപ്പെട്ടവർ അവരായിരുന്നു.

    അഥവാ അവരുടെ മേൽ മാതൃകാപരമായി ശിക്ഷ നടപ്പിലാക്കപ്പെട്ടു. ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. തിരുനബിﷺയുടെ സാമൂഹിക വ്യവഹാരങ്ങളും തുടർന്ന് മദീനയിൽ രൂപപ്പെട്ട സാമൂഹിക ഘടനയും നീതിന്യായ രീതികളും എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ഹദീസ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...