Tweet 1257

    Tweet 1257
    November 22, 2025 • Saturday
    Post Header

    കർമശാസ്ത്രപരമായ ഒരു വിവരാന്വേഷണമാണ് തുടർന്നു വായിക്കുന്ന ഹദീസിൽ തിരുനബിﷺയോട് ചോദിക്കുന്നത്.

    സഹ്ൽ ഇബ്നു ഹുനൈഫ്(റ) നിവേദനം ചെയ്യുന്നു. “മദ്യ്യ് അഥവാ രതിദ്രവം കാരണം ഞാൻ കഠിനമായ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചിരുന്നു. ഞാൻ അതിനുവേണ്ടി ധാരാളമായി കുളിക്കുമായിരുന്നു. അതിനാൽ ഞാൻ അത് തിരുനബിﷺയോട് പറയുകയും അവിടുത്തോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: മദ്യ്യ് കാരണം നിനക്ക് വുളൂഅ് അഥവാ അംഗശുദ്ധി മാത്രം മതിയാകും.

    ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേﷺ, എൻ്റെ വസ്ത്രത്തിൽ പറ്റുന്നതിനെക്കുറിച്ച് ഞാൻ എന്തുചെയ്യണം? ‘അവിടുന്ന് പറഞ്ഞു: നിനക്കത് മതിയാകും, ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് മദ്യ്യ് പറ്റിയെന്ന് നീ കാണുന്ന ഭാഗത്ത് വസ്ത്രത്തിൽ തളിക്കുക.

    ഇസ്‌ലാം മനുഷ്യരോട് കരുണയും ദയയുമുള്ള മതമാണ്. മനിയ്യ്/ശുക്ലം കാരണമുള്ള കുളി നിർബന്ധമാണെങ്കിലും, ഇസ്‌ലാമിൻ്റെ ലഘൂകരണത്തിൻ്റെയും മനുഷ്യൻ്റെ അവസ്ഥകൾ പരിഗണിക്കുന്നതിൻ്റെയും ഭാഗമായി, കട്ടിയുള്ള മനിയ്യും, നേർത്ത മദ്യ്യും തമ്മിൽ വ്യത്യാസം കൽപ്പിച്ചു. മദ്യ്യ് എന്നത് പുരുഷൻ്റെ ശരീരത്തിൽ ലൈംഗിക വികാരം ഉണ്ടാകുമ്പോഴോ, മനിയ്യ് പുറത്തുവന്നതിന് ശേഷമോ, അല്ലെങ്കിൽ അതിൽ നിന്നുള്ള കുളിക്ക് ശേഷമോ ധാരാളമായി പുറത്തുവരാൻ സാധ്യതയുള്ള ദ്രവമാണ്.

    ഈ ഹദീസിൽ, സഹ്ൽ ഇബ്നു ഹുനൈഫ്(റ) പറയുന്നു: “മദ്യ്യ് കാരണം ഞാൻ കഠിനമായ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.” അതായത്, അത് ധാരാളമായി പുറത്തുവരുന്നതിലുള്ള പ്രയാസം.
    മദ്യ്യ് എന്നത് നേർത്തതും വെള്ളനിറത്തിലുള്ളതുമായ ദ്രവമാണ്. അത് മനിയ്യ് പുറപ്പെടുന്നതിന് മുൻപോ പിൻപോ, അല്ലെങ്കിൽ ചിലപ്പോൾ മൂത്രമൊഴിച്ചതിന് ശേഷമോ, ലൈംഗിക വികാരം ഉണ്ടാകുമ്പോഴോ പുറത്തുവരും. സഹ്ൽ(റ) തുടർന്നു: “ഞാൻ അതിനുവേണ്ടി ധാരാളമായി കുളിക്കുമായിരുന്നു.” അതായത്, മദ്യ്യ് വന്നതുകൊണ്ട് കുളി നിർബന്ധമാണ് എന്ന് ധരിച്ചിരുന്നു. സഹ്ൽ(റ) പറയുന്നു: “അപ്പോൾ ഞാൻ അതിനെക്കുറിച്ച് അല്ലാഹുവിന്റെ ദൂതർﷺയോട് ചോദിച്ചു.” അപ്പോൾ അവിടുന്ന് പറഞ്ഞു: “അതിന് നിനക്ക് വുളൂഅ്/അംഗശുദ്ധി)മാത്രം മതിയാകും.” അതായത്, കുളി ആവശ്യമില്ല, വുളൂഅ് മാത്രം മതി.

    സഹ്ൽ (റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എൻ്റെ വസ്ത്രത്തിൽ പറ്റുന്നതിനെക്കുറിച്ച് ഞാൻ എന്തുചെയ്യണം?” അതായത്, ഈ മദ്യ്യ് വസ്ത്രത്തിലായാൽ എന്ത് ചെയ്യണം?അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിനക്കത് മതിയാകും, ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് അത് പറ്റിയെന്ന് നീ കാണുന്ന ഭാഗത്ത് വസ്ത്രത്തിൽ തളിക്കുക.” അതായത്, മദ്യ്യ് വസ്ത്രത്തിൽ എവിടെയാണോ ആയതെന്ന് നീ കാണുന്നത്, ആ ഭാഗത്ത് വെള്ളം തളിക്കുക. നീ അതിനെ നീക്കം ചെയ്തു എന്ന് വിശ്വസിക്കുന്നതുവരെ അത് തളിക്കണം.

    ഇസ്‌ലാമിൻ്റെ കർമശാസ്ത്രം മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നുണ്ട്. ശാരീരികവും മാനസികവും സ്വകാര്യവും സാമൂഹികവുമായ ഓരോ സന്ദർഭങ്ങളിലും എങ്ങനെയൊക്കെ ആകണമെന്ന് ഇസ്‌ലാമിന് കാഴ്ചപ്പാടുകളുണ്ട്. ശുദ്ധീകരണത്തിനും മാലിന്യനിർമാർജനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ദർശനം എന്ന നിലയിൽ ഇസ്‌ലാമിലെ അധ്യാപനങ്ങൾ മനുഷ്യൻ്റെ ശാരീരികാവസ്ഥകളെ മുഴുവനും പഠനവിധേയമാക്കുകയും ഓരോ സന്ദർഭങ്ങളിലും സമീപനങ്ങളെ നിശ്ചയിച്ചു തരികയും ചെയ്തിരിക്കുന്നു. ശുദ്ധീകരണത്തെ കുറിച്ചുള്ള മതപാഠങ്ങൾ ഒരു ഹൈജീനിക് സൊസൈറ്റിയെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...