Tweet 1244

    Tweet 1244
    November 9, 2025 • Sunday
    Post Header

    ജുഡീഷ്യറിയുടെ അധ്യായത്തിൽ ചേർത്തു വായിക്കേണ്ട തിരുനബിﷺയുടെ അധ്യാപനങ്ങളിൽ ചിലത് നമുക്കിവിടെ ഉദ്ധരിക്കാം. അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു.
    അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു. വഞ്ചകന്റെയോ വഞ്ചകയുടെയോ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. അതുപോലെ, ഒരു സഹോദരനോട് ദേഷ്യമുള്ളവന്റെ സാക്ഷ്യവും സ്വീകരിക്കപ്പെടില്ല. വീട്ടുകാർക്ക് വേണ്ടി ചെലവഴിക്കപ്പെടുന്ന ‘ഖാനിഇ’ന്റെ സാക്ഷ്യവും സ്വീകരിക്കപ്പെടുകയില്ല. ‘ഖാനിഅ്’ എന്നാൽ വീട്ടുകാർ ആരെയാണോ ചെലവ് കൊടുത്ത് പോറ്റുന്നത് അവനാണ്.”
    മറ്റൊരു പ്രയോഗത്തിൽ:വഞ്ചകന്റെയും വഞ്ചകയുടെയും സാക്ഷ്യം സ്വീകരിക്കപ്പെടില്ല”എന്നു മാത്രമാണുള്ളത്.

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അബുദാവൂദ്(റ) നിവേദനം ചെയ്യുന്നു. മരുഭൂമിയിലോ നാട്ടിൻപുറത്തോ സ്ഥിരമായി താമസിക്കാതെ കറങ്ങി നടക്കുന്ന നാടോടി അല്ലെങ്കിൽ കൃത്യമായ നിയമ വ്യവസ്ഥകൾ പാലിക്കാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവൻ,
    സാഹിബു ഖർയ നഗരത്തിലോ സ്ഥിരമായ നിയമ വ്യവസ്ഥകളുള്ള ഗ്രാമത്തിലോ താമസിക്കുന്നവൻ സാക്ഷ്യം പറഞ്ഞാൽ സ്വീകരിക്കില്ല.

    ഈ നിബന്ധനയുടെ ഉദ്ദേശ്യം, നാടോടികളെ അപേക്ഷിച്ച് നഗരവാസികൾ നിയമപരമായ കാര്യങ്ങളിലും സാക്ഷ്യത്തിലും കൂടുതൽ കൃത്യതയും വിശ്വാസ്യതയും പാലിക്കുന്നു എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നിരുന്നാലും, ഭൂരിഭാഗം പണ്ഡിതന്മാരും സാക്ഷ്യം സ്വീകരിക്കുന്നതിൽ വ്യക്തിയുടെ സത്യസന്ധതയ്ക്കും നീതിബോധത്തിനും അഥവാ ‘അദ്ലത്ത്’ ആണ് പ്രാധാന്യം നൽകുന്നത്, അല്ലാതെ താമസസ്ഥലത്തിനല്ല.

    അബൂബക്കർ ബ്‌നു അബീ ശൈബ(റ) പറഞ്ഞു: ഞങ്ങളോട് ഹുസൈൻ ബ്‌നു അലി അൽ-ജുഅ്ഫി(റ) നിവേദനം ചെയ്തു. അദ്ദേഹം ജഅ്ഫർ ബ്‌നു ബുർഖാനി(റ)ൽ നിന്നും, അദ്ദേഹം സാബിത് ബ്‌നുൽ ഹജ്ജാജി(റ)ൽ നിന്നും, അദ്ദേഹം അബൂ ബുർദ(റ)യിൽ നിന്നും, അദ്ദേഹം അബൂ മൂസ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു. അബൂ മൂസ(റ) പറഞ്ഞു:
    “നബിﷺയുടെ അടുക്കൽ രണ്ടാളുകൾ തർക്കിച്ചുകൊണ്ട് വന്നു. അവരിൽ ഒരാൾ ഹള്റമൗത്തിൽ നിന്നുള്ളവനായിരുന്നു. അപ്പോൾ, തിരുനബിﷺ ആരോപിതനോട് അഥവാ പ്രതിയോട് “നീ സത്യം ചെയ്യുക” എന്ന് പറഞ്ഞു. “വാദിയായ ആൾ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേﷺ, എനിക്ക് അവന്റെ സത്യമല്ലാതെ മറ്റൊന്നും തെളിവായില്ല. അങ്ങനെയാണെങ്കിൽ അവൻ എന്റെ ഭൂമി കൈക്കലാക്കി കൊണ്ടുപോകും. അപ്പോൾ എനിക്ക് നഷ്ടമാകും. തിരുനബിﷺ പറഞ്ഞു: ‘അതെ അവൻ സത്യം ചെയ്തേക്കാം. എന്നാൽ, അവൻ തന്റെ സത്യം കൊണ്ട് ആ ഭൂമി നേടിയെടുക്കുകയാണെങ്കിൽ, അല്ലാഹു അവനോട് സംസാരിക്കുകയോ അവനെ പരിശുദ്ധനാക്കുകയോ പാപമുക്തനാക്കുകയോ ചെയ്യുകയില്ല. അവന് വേദനയേറിയ ശിക്ഷയുണ്ട്.”
    “അബൂ മൂസ(റ) പറഞ്ഞു: ഇത് കേട്ടപ്പോൾ ആ മനുഷ്യന് അഥവാ സത്യം ചെയ്യാൻ ആവശ്യപ്പെട്ട പ്രതിക്ക് ഭയം തോന്നി. അങ്ങനെ, അവൻ ആ ഭൂമി യഥാർത്ഥ ഉടമക്ക് തിരികെ നൽകി.

    ഏതു നിയമത്തിന്റെയും ശരിയായ പ്രയോഗത്തിനും സാമൂഹികമായ നന്മയും ക്ഷേമവും ഉണ്ടാവുന്നതിനും ആത്മീയമായ ഒരു അന്തർധാരയും പരമാധികാരിയിലുള്ള ഒരു വിശ്വാസവും അനിവാര്യമാണെന്നു കൂടി ബോധ്യപ്പെടുത്തുന്ന ഒരു പ്രസ്താവനയാണിത്. കേവലം ന്യായാന്യായങ്ങൾ വിലയിരുത്തി വിധി കൽപ്പിക്കാനാകും. അത് ആത്യന്തികമായി സത്യമായി കൊള്ളണമെന്നില്ല. എന്നാൽ, ശരിയായ സത്യവും നീതിയും നടപ്പിലാക്കുന്ന ഒരു സമുന്നത കോടതിയും വിധികർത്താവും ഉണ്ടെന്നു വരുമ്പോഴാണ് പരമമായ നീതിയിലേക്കും സത്യത്തിലേക്കും ജനങ്ങൾ ചിന്തിക്കുക.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...