Tweet 1238

    Tweet 1238
    November 3, 2025 • Monday
    Post Header

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കാലത്ത് അബ്ദുല്ലാഹ്(റ) എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തെ ‘ഹിമാർ’ അഥവാ കഴുത എന്ന് വിളിച്ചിരുന്നു. അദ്ദേഹം അല്ലാഹുവിൻ്റെ റസൂലിﷺനെ ചിരിപ്പിക്കുമായിരുന്നു. തിരുനബിﷺ അദ്ദേഹത്തിന് മദ്യപിച്ചതിന് വേണ്ടി ശിക്ഷ നൽകിയിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കൊണ്ടുവന്നപ്പോൾ, നബിﷺ ഉത്തരവിടുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തു.

    അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു: ‘അല്ലാഹുവേ, ഇവനെ നീ ശപിക്കേണമേ! ഇവനെ എത്ര തവണയാണ് ശിക്ഷിക്കാനായി കൊണ്ടുവരുന്നത്!’
    അപ്പോൾ നബിﷺ പറഞ്ഞു: ‘നിങ്ങൾ അവനെ ശപിക്കരുത്. കാരണം, അല്ലാഹുവാണ് സത്യം! എനിക്കറിയാവുന്നിടത്തോളം അവൻ അല്ലാഹുവിനെയും അവൻ്റെ റസൂലിﷺനെയും സ്നേഹിക്കുന്നവനാണ്.”

    മദ്യപാനം ശിക്ഷ അർഹിക്കുന്ന പാപങ്ങളിലും കുറ്റകൃത്യങ്ങളിലും ഒന്നാണ്. കുറ്റവാളിയെ സംബന്ധിച്ചിടത്തോളം ഈ ഹദ്ദ്/നിയമപരമായ ശിക്ഷ നടപ്പാക്കൽ ശുദ്ധീകരണമാണ്. ശിക്ഷയ്ക്ക് ശേഷം, പാപിയെ തിന്മയുടെയും ദുർവൃത്തിയുടെയും വഴിയിൽ നിന്ന് അകറ്റാൻ വേണ്ടി സമൂഹം അവനെ കൈ പിടിച്ചുയർത്തണം. അല്ലാതെ അവനെ ആക്ഷേപിച്ചോ നിന്ദിച്ചോ അവഗണിക്കരുത്.

    ഈ ഹദീസിൽ, അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു: മദ്യം കഴിച്ച ഒരാളെ തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവന്നു. ഖംറ് എന്നാൽ, ലഹരിയുണ്ടാക്കുന്നതും ബുദ്ധിയെ മറയ്ക്കുന്നതുമായ എല്ലാം ഉൾപ്പെടും. അപ്പോൾ നബിﷺ സ്വഹാബികളോട് പറഞ്ഞു: “നിങ്ങളവനെ അടിക്കുക.” അവിടുന്ന് അടികളുടെ എണ്ണമോ രൂപമോ നിർണയിച്ചു പറഞ്ഞില്ല.
    അബൂ ഹുറൈറ(റ) പറയുന്നു: “അപ്പോൾ ഞങ്ങളിൽ കൈകൊണ്ട് അടിച്ചവരും, ചെരിപ്പുകൊണ്ട് അടിച്ചവരും, തങ്ങളുടെ വസ്ത്രം ചുറ്റിയെടുത്ത് വേദനയുണ്ടാകും വിധം അടിച്ചവരുമുണ്ടായിരുന്നു.”

    അടിച്ച് കഴിഞ്ഞതിന് ശേഷം അയാൾ തിരിഞ്ഞുപോയപ്പോൾ, കൂട്ടത്തിലുണ്ടായിരുന്ന ചിലർ- അത് ഉമർ ബ്നുൽ ഖത്ത്വാബ്(റ) ആയിരുന്നു എന്നും പറയപ്പെടുന്നു – പറഞ്ഞു: “അല്ലാഹു നിന്നെ അപമാനിക്കട്ടെ അഥവാ നിസ്സാരപ്പെടുത്തട്ടെ!
    അപ്പോൾ നബിﷺ അവരെ അത് ചെയ്യുന്നതിൽ നിന്ന് വിലക്കി. കാരണം, അത് അവന്റെ മേൽ പിശാചിന് ആധിപത്യം നേടാൻ കാരണമായേക്കാം.
    അതുകൊണ്ടാണ് തിരുനബിﷺ പറഞ്ഞത്: “നിങ്ങൾ അവനെതിരെ പിശാചിനെ സഹായിക്കരുത്.”
    ബുഖാരിയുടെ മറ്റൊരു നിവേദനത്തിൽ: “നിങ്ങൾ നിങ്ങളുടെ സഹോദരന് എതിരെ പിശാചിന് സഹായികളാകരുത്” എന്നും വന്നിട്ടുണ്ട്. കാരണം, പാപം അവന് അലങ്കാരമായി കാണിച്ചുകൊണ്ട് പിശാച് ആഗ്രഹിക്കുന്നത് അവന് അപമാനം ഖിസ്യ് സംഭവിക്കാനാണ്. നിങ്ങൾ അവനെ ശപിക്കുകയും അപമാനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ പിശാചിൻ്റെ ലക്ഷ്യം പൂർത്തീകരിക്കാൻ നിങ്ങൾ സഹായികളാകുന്നു. അല്ലെങ്കിൽ, നിങ്ങൾ പറയുന്നത് അവൻ കേൾക്കുമ്പോൾ അവൻ കൂടുതൽ പാപങ്ങളിൽ മുഴുകുകയും വാശിയും കോപവും കാരണം തെറ്റിൽ ഉറച്ചുനിൽക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ, നിങ്ങളുടെ ശാപം അവനെ വഴിതെറ്റിക്കുന്നതിനും പിശാചിൻ്റെ ദുർബോധനത്തിനും സഹായകമാകും.

    തെറ്റുകളോടാണ് നമുക്ക് വിരോധമുണ്ടാകേണ്ടത്. തെറ്റ് ചെയ്തവരോട് വിരോധമല്ല ഗുണകാംക്ഷയും സഹതാപവും അവരെ തെറ്റുകളിൽ നിന്ന് മുക്തരാക്കി നിർത്താനുള്ള പരിശ്രമങ്ങളുമാണ് ഉണ്ടാവേണ്ടത്. നമ്മളിൽ എന്തൊക്കെ നന്മകൾ നാം ആഗ്രഹിക്കുന്നുവോ അവയൊക്കെയും നമ്മുടെ സഹോദരനും ഉണ്ടാകണമെന്ന് ആഗ്രഹിക്കണം. അപ്പോഴാണ് നാം സമ്പൂർണ്ണ നന്മയുടെ വക്താക്കളാകുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...