
തിരുനബിﷺയുടെ സമുദ്ധാരണങ്ങൾ പ്രസ്താവനയിലോ പ്രഖ്യാപനത്തിലോ ഒതുങ്ങിയതായിരുന്നില്ല. അതിവേഗം തന്നെ സമൂഹത്തിൽ അത് പ്രതിഫലിക്കുകയും ചെയ്തു. അബൂദറ്(റ) കുലീനനായ ഒരു വ്യക്തിയായിരുന്നു. ഇസ്‌ലാമിലേക്ക് വന്നതിൽ പിന്നെ ഇസ്‌ലാമിൻ്റെ മുഴുവൻ ചിട്ടകളെയും നിയമങ്ങളെയും പാലിച്ചു. അതിനിടയിൽ ഒരു ദിവസം ബിലാലി(റ)നോട് സംസാരിച്ചപ്പോൾ കറുമ്പിയുടെ മകനെ എന്ന് വിളിച്ചു. നിലവിലുണ്ടായിരുന്ന സാമൂഹിക ഘടനയിൽ അതൊരു അപരാധമൊന്നുമായിരുന്നില്ല. ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുകയും മാർക്കറ്റിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന അടിമകളുടെ കൂട്ടത്തിൽ കറുത്ത വർഗ്ഗക്കാരനായ ഒരു അടിമയായിരുന്നു ബിലാൽ(റ). സുമുഖനും സുന്ദരനും കുലീനനുമായ അബൂദറ്(റ) ബിലാലി(റ)ന്റെ നിറത്തെ ചൊല്ലി പ്രസ്തുത പ്രയോഗം നടത്തിയതിൽ അഭംഗിയായിട്ടൊന്നും അന്ന് തോന്നിയിരുന്നില്ല. എന്നാൽ മാനവിക മാനുഷിക സമത്വങ്ങളെ സ്ഥാപിക്കാനും പ്രചരിപ്പിക്കാനും വന്ന തിരുനബിﷺ ശിഷ്യനായ അബൂദർറി(റ)ന് ശിക്ഷണം നൽകിക്കൊണ്ട് ചോദിച്ചു. ഇപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ ജാഹിലിയ്യത്തിന്റെ അഥവാ വിവരശൂന്യമായ കാലത്തിൻ്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ട് അല്ലേ?
ഈ ചോദ്യം ഒരു തിരുത്തായിരുന്നു. ജാഹിലിയ്യ കാലത്ത് മനുഷ്യനെ ആപാദചൂഢം ഗ്രസിച്ചിരുന്ന വിചാരങ്ങളുടെയും മനോഗതികളുടെയും മുമ്പിൽ കൃത്യമായ ഒരു വാചകപ്രയോഗം കൊണ്ടുള്ള തിരുത്ത്. അതുകേട്ട ശിഷ്യൻ വിനയാന്വിതനായി. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ മുഴുവനും ആ നന്മ നിറഞ്ഞുനിന്നു. അബൂദർറി(റ)ൻ്റെ ശിഷ്യനായ മഅറൂർ(റ) തന്റെ ഗുരു മുന്നോട്ടുവച്ച ജീവിതത്തിൻ്റെ അധ്യായം ഇങ്ങനെ പറഞ്ഞു. ഞാൻ ഒരിക്കൽ ഗുരുവിനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ധരിച്ച അതേ വസ്ത്രം അദ്ദേഹത്തിൻ്റെ അടിമയും ധരിച്ചിരിക്കുന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിച്ചു. മുതലാളിയായ നിങ്ങൾ ധരിച്ച അതേ നിലവാരത്തിലുള്ള വസ്ത്രം തന്നെയാണല്ലോ നിങ്ങളുടെ പരിചാരകനായ അടിമയും ധരിച്ചിരിക്കുന്നത്.
അപ്പോൾ അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ കാലത്ത് ഞാൻ ഒരാളോട് തർക്കിക്കുകയും അദ്ദേഹത്തെ തന്റെ മാതാവിൻ്റെ നിറത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ചെയ്തു. അദ്ദേഹം നബിﷺയോട് ആവലാതി പറഞ്ഞു. നിന്നിൽ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശം ബാക്കിയുണ്ട് അല്ലേ? എന്ന തിരുനബിﷺയുടെ പ്രതികരണം എൻ്റെ വിചാരങ്ങളെ മാറ്റിയെഴുതി. നിങ്ങളുടെ അധീനത്തിലുള്ളവർ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹുവാണ് അവരെ നിങ്ങളുടെ സംരക്ഷണത്തിൽ ആക്കിയത്. അതുകൊണ്ട് നിങ്ങളുടെ ആരുടെയെങ്കിലും അധീനതയിൽ ഒരു മനുഷ്യനുണ്ടെങ്കിൽ, നിങ്ങൾ കഴിക്കുന്നത് തന്നെ അവരെയും ഭക്ഷിപ്പിക്കുക. നിങ്ങൾ ധരിക്കുന്നതിൽ നിന്ന് അവരെയും ധരിപ്പിക്കുക. അവർക്ക് വഹിക്കാനാവാത്ത ഭാരം അവരുടെ മേൽ ചുമത്തരുത്. അവരെ ഭാരമേറിയ കാര്യങ്ങൾ ഏൽപ്പിക്കുമ്പോൾ നിങ്ങൾ അവരെ സഹായിക്കണം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണിത്. എത്ര മനോഹരമായിട്ടാണ് ഒരു സമൂഹത്തിൽ പടർന്നു പിടിച്ചിരുന്ന വിവേചനവും ഉച്ചനീചത്വങ്ങളും എല്ലാം തിരുനബിﷺ മാറ്റിയെഴുതിയത്, എത്ര ഹൃദ്യമായിട്ടായിരുന്നു ശിഷ്യന്മാരോട് സഹവസിച്ചത്. ചുറ്റുമുള്ളവരോട് ആഴത്തിൽ ആത്മബന്ധം സ്ഥാപിക്കുകയും അവരെ സ്വാധീനിച്ചു അബദ്ധവിചാരങ്ങളെ നിർണയിക്കുകയും ഏറ്റവും യോഗ്യമായ സന്ദർഭങ്ങളിൽ ഏറ്റവും സ്വീകാര്യമായ ശൈലിയിൽ അത് തിരുത്തുകയും ചെയ്ത മഹാ വിപ്ലവത്തിന്റെ പേരുകൂടിയാണ് ജിഹാദ്. അങ്ങനെയെങ്കിൽ ജിഹാദിനെ കുറ്റപ്പെടുത്തിയവർ, അപകടകരമായ ഒരു വാക്കായി കൊണ്ടുപിടിച്ചു അവതരിപ്പിച്ചവർ എത്ര അഹിതകരമായ കാര്യമാണ് ചെയ്തു പോയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
