
നീതിനിഷ്ടയെക്കുറിച്ച് സംസാരിക്കുമ്പോഴും ഉറ്റവർക്കും ബന്ധുക്കൾക്കും നൽകുന്നതിനെക്കുറിച്ചും അവകാശങ്ങൾ വകവച്ചു കൊടുക്കുന്നതിനെക്കുറിച്ചും പരിശുദ്ധ ഖുർആൻ എത്ര പ്രാധാന്യത്തോടെയാണ് പരാമർശിക്കുന്നത്. വിശുദ്ധ ഖുർആൻ പതിനാറാം അധ്യായത്തിലെ 69 ാം സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെയാണ്. “നിശ്ചയമായും അല്ലാഹു കല്‍പ്പിക്കുന്നത് നീതി പാലിക്കുവാനും നന്‍മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കുവാനുമാണ്. നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ് അവൻ വിലക്കുന്നത്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് സാരോപദേശം നല്‍കുന്നു.”
നന്മയും നീതിയും പ്രഖ്യാപിക്കുന്ന നേരത്തു തന്നെ ബന്ധുക്കളെയും ഉറ്റവരെയും പരിഗണിക്കണമെന്ന് പരാമർശിക്കുമ്പോൾ നീതിയുടെയും നന്മയുടെയും പ്രധാന കാണ്ഡം മനുഷ്യൻ്റെ ബന്ധങ്ങളോട് ചേർന്ന് കിടക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ്. കുടുംബബന്ധങ്ങളെ കൃത്യമായി പരിപാലിക്കുകയും ചേർക്കുകയും ചെയ്യുന്നവർ ബുദ്ധിമാന്മാരുടെ ഗണത്തിൽ പെട്ടവരാണെന്ന് പരാമർശിക്കുന്ന സൂക്തം പരിശുദ്ധ ഖുർആനിലെ 19 ആം അധ്യായത്തിൽ കാണാം.
അബൂഹുറൈറ(റ) പ്രസ്താവിക്കുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു സൃഷ്ടി കർമം നിർവഹിച്ചു. അതിൽനിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റ് നിന്നു. അങ്ങനെ അത് പറഞ്ഞു. “കുടുംബബന്ധം മുറിക്കുന്നതിൽനിന്നും നിന്നോട് അഭയം തേടുന്നവന്റെ സ്ഥാനമാണ് ഇത്. അല്ലാഹു പറഞ്ഞു: ”അതെ, നിന്നോട് അഥവാ കുടുംബത്തോട് ബന്ധംചേർക്കുന്നവനോട് ഞാൻ ബന്ധം ചേർക്കുന്നതാണ്. നിന്നോട് അഥവാ കുടുംബത്തോട് ബന്ധംമുറിച്ചവനോട് ഞാൻ ബന്ധംമുറിക്കുന്നതാണ്; ഇപ്പോൾ തൃപ്തിയായില്ലേ? ”അത് പറഞ്ഞു; അതെ. അല്ലാഹു പറഞ്ഞു: അത് നിനക്കുണ്ട്. പിന്നെ അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഓതുക: ഖുർആനിലെ 47ാം അധ്യായം 22 ,23 സൂക്തങ്ങൾ പാരായണം ചെയ്തു. പ്രാഥമിക ആശയം ഇങ്ങനെയാണ്. “എന്നാല്‍ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ മുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവരെ ബധിരരും അന്ധരും ആക്കിയിരിക്കുന്നു.”
വളരെ ഗൗരവതരമായ കാര്യങ്ങൾ പറയുമ്പോൾ തിരുനബിﷺ ചില പ്രത്യേക ആമുഖങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ എന്ന പ്രയോഗം. ഇത്തരം ഒരാമുഖത്തോടുകൂടി കുടുംബ ബന്ധം ചേർക്കുന്നതിനെക്കുറിച്ച് അവിടുന്ന് സംസാരിക്കുന്നുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അബൂഹുറൈറ(റ) പ്രസ്താവിക്കുന്നു. തിരുനബിﷺ പറഞ്ഞു. “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ ബന്ധങ്ങള്‍ ചേർത്തു സംരക്ഷിച്ചു കൊള്ളട്ടെ.”
അബൂദര്‍റ്(റ)വിന് തിരുനബിﷺ ഏഴ് സവിശേഷമായ ഉപദേശങ്ങൾ നൽകി. അതിൽ ഒന്ന് കുടുംബക്കാർ ബന്ധം നിഷേധിച്ചാലും അവരോട് ബന്ധം വിച്ചേദിക്കരുത് എന്നായിരുന്നു.
എത്രമേൽ പ്രാധാന്യത്തോടെയാണ് ഈ വാചകപ്രയോഗം നടത്തിയിട്ടുള്ളത്. ബന്ധം പുലർത്തണം എന്ന ഒരു പ്രസ്താവനയിൽ ഒതുക്കാതെ, മുറിയാതെ സംരക്ഷിക്കാനും മറ്റുള്ളവർ വിട്ടു പോയാലും നമ്മൾ വിട്ടുപോകരുത് എന്ന ജാഗ്രതയും നിരന്തരമായി തന്നെ തിരുനബിﷺ ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിൻ്റെ ആശയം കൂടി വായിക്കാം. അബ്ദുല്ലാഹ്(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഇങ്ങോട്ട് ചെയ്ത നന്മയ്ക്ക് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. മറിച്ച്, മുറിഞ്ഞുപോയ ബന്ധം പുനഃസ്ഥാപിക്കുന്നവനാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
