Tweet 1164

    Tweet 1164
    August 21, 2025 • Thursday
    Post Header

    കുടുംബം എന്ന സാമൂഹിക യൂണിറ്റിനെ ഏറ്റവും പവിത്രമായും ഭദ്രമായും പരിപാലിക്കാൻ തിരുനബിﷺ പഠിപ്പിച്ചു. വൈവാഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നത് പരിശുദ്ധിയും സംതൃപ്തിയും നിറഞ്ഞ കുടുംബങ്ങളെ ആയിരിക്കണം. വധുവിന്റെയും വരന്റെയും കേവല ആനന്ദം എന്നതിനപ്പുറം സമഗ്രവും പവിത്രവുമായ ഒരു സംവിധാനത്തിന്റെ ഭാഗമാകുന്നു എന്നതാണ് വിവാഹബന്ധങ്ങളുടെ അടിത്തറ. കുടുംബബന്ധത്തെ പൊന്നുപോലെ പരിപാലിക്കണമെന്നും ഭംഗം വരാതെ കാത്തുരക്ഷിക്കണമെന്നും പ്രവാചകൻﷺ നിഷ്കർഷിക്കുന്നുണ്ട്.
    പരിശുദ്ധ ഖുർആൻ നാലാം അധ്യായം സൂറത്തുന്നിസാഇലെ ഒന്നാം സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെ പകർത്താം. “അല്ലയോ മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നത്, അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും പവിത്രമായി സംരക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
    അല്ലാഹുവിൻ്റെ നിയമങ്ങൾ പാലിച്ചും അവൻ്റെ കൽപ്പനകളെ ശ്രദ്ധിച്ചും സൂക്ഷ്മത പാലിക്കണം എന്ന് പറയുന്ന ഉടനെ തന്നെ കുടുംബ ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നു എന്നതിനർത്ഥം എത്രമേൽ പവിത്രമായി കുടുംബങ്ങളെയും ബന്ധങ്ങളെയും പരിപാലിക്കണം എന്നാണ്. ഇസ്‌ലാമിലെ എല്ലാ സമീപനങ്ങളും അനുഷ്ഠാനങ്ങളും ആത്മീയസാരങ്ങളും പാരത്രിക ഫലങ്ങളും കൂടി ചേർത്തു വച്ചിരിക്കുന്നതുകൊണ്ട് കുടുംബ രൂപീകരണത്തിലും ബന്ധത്തിലും അനിവാര്യമായും ആത്മീയമായ അന്തർധാരകൾ ഇഴ ചേർന്നിരിക്കുന്നു. താൽക്കാലികമായ ഈ ലോകത്തെ ആനന്ദങ്ങൾക്ക് പുറമേ പാരിസ്പര്യങ്ങളെയും ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കുന്നതിന് പരലോകത്ത് സ്വർഗ്ഗലബ്ദി ഉണ്ട് എന്ന് വരുമ്പോൾ മറക്കാനും പൊറുക്കാനും ഉൾക്കൊള്ളാനും ആത്മീയമായ ചില പിന്തുണ കൂടി ലഭിക്കും.
    ബന്ധങ്ങൾ മുറിക്കുന്നത് വഴി പാരത്രിക നഷ്ടമുണ്ടെന്നുവന്നാൽ മുറിയാതെ ശ്രദ്ധിക്കാനുള്ള ജാഗ്രത ഒരു വിശ്വാസിയിൽ നിലനിൽക്കും. കേവലം ഭൗതികമായ ലാഭനഷ്ടങ്ങളുടെ മേൽ മാത്രമാണ് വൈവാഹിക കുടുംബ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതെങ്കിൽ ഭൗതികമായ മാനങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം ചേരുകയും പിരിയുകയും ചെയ്യും. കേവല ഭൗതികമായ സംവിധാനങ്ങൾക്കും മേൽ പടുത്തുയർത്തിയ ബന്ധങ്ങൾ അതിവേഗം പിരിയുന്നതും മുറിയുന്നതും പുതിയകാലത്ത് സാധാരണയായി നാം കണ്ടുവരുന്നു.
    കുടുംബം എന്നത് മാതാപിതാക്കളിലും മക്കളിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉൾക്കൊള്ളുന്നതാണ്. അതില്‍ മാതാപിതാക്കളുടെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും പരിസരങ്ങളും എല്ലാം ചേർന്നുനിൽക്കും. അവരെയും പരിഗണിക്കണമെന്നും അവരോടും കടമകളും കടപ്പാടുകളും ഉണ്ടെന്നും അവർക്കും അവകാശങ്ങൾ ഉണ്ടെന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. കുടുംബബന്ധങ്ങളെ കൂടുതൽ വിളക്കി ചേർക്കാനും മുറിഞ്ഞു പോകാനുള്ള ബന്ധങ്ങളെ സംരക്ഷിച്ച് പുനർയോജിപ്പിക്കാനും ഏറെ താൽപര്യപൂർണ്ണമുള്ള നിർദ്ദേശങ്ങളാണ് തിരുനബിﷺ നിരന്തരമായി നൽകിക്കൊണ്ടിരുന്നത്.
    പരിശുദ്ധ ഖുർആൻ പതിനേഴാം അധ്യായത്തിലെ 26 സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെ വായിക്കാം. “കുടുംബബന്ധമുള്ളവന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴി യാത്രക്കാരനും അവരുടെ അവകാശവും നീ വകവച്ച് നല്‍കുക . നീ സമ്പത്ത് ദുര്‍വ്യയം ചെയ്ത് നഷ്ടപ്പെടുത്തരുത്.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...