
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളും ക്രയവിക്രയങ്ങളും സംബന്ധിച്ച അധ്യായത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. സ്വഹാബികളിൽ ഒരാൾ അദ്ദേഹത്തിൻ്റെ ആകെയുള്ള സമ്പാദ്യമായ അടിമയെ സ്വതന്ത്രനാക്കാൻ ഉദ്ദേശിക്കുന്നു എന്ന് തിരുനബിﷺ അറിഞ്ഞു. 800 ദിർഹമിന് തിരുനബിﷺ അതിനെ വാങ്ങുകയും സംഖ്യ അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.
അടിമകൾ ആസ്തിയായി കണ്ടിരുന്ന ഒരു സമൂഹ ഘടനയിലായിരുന്നു തിരുനബിﷺ ഉണ്ടായിരുന്നത്. ഒരു സ്വഹാബിയുടെ ആകെ ആസ്തിയും ഒരു അടിമയുടെ വിമോചനത്തിലൂടെ ഇല്ലായ്മ ചെയ്യപ്പെടുന്നതിൽ നിന്ന് നിർമാണപരമായി അതിനെ അറ്റൻഡ് ചെയ്യുകയായിരുന്നു അവിടുന്ന്.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ഒരു അടിമ തിരുനബിﷺയുടെ അടുക്കൽ വന്ന് ഹിജ്റയുടെ മേൽ ബയ്അത് അഥവാ അനുസരണ പ്രതിജ്ഞ ചെയ്തു. എന്നാൽ അദ്ദേഹം അടിമയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ശേഷം അദ്ദേഹത്തെ തേടി ഉടമസ്ഥൻ വന്നു. തിരുനബിﷺ രണ്ട് നീഗ്രോകളെ കൊടുത്തു ഈ അടിമയെ വാങ്ങി. പിന്നീട് ഉടമ്പടി ചെയ്യാൻ വരുന്ന ഓരോരുത്തരോടും അടിമയാണോ അല്ലേ എന്ന് പ്രത്യേകം അന്വേഷിച്ചിരുന്നു.
സർവ്വസാധാരണയായി അടിമകളെ വിൽക്കപ്പെടുന്ന ഒരു സാമൂഹിക ഘടനയിൽ തിരുനബിﷺയുടെ ചില വ്യവഹാര നിമിഷങ്ങളെ ഹദീസ് നിവേദനങ്ങളിൽ നിന്ന് ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.
പ്രമുഖ ഹദീസ് പണ്ഡിതന്മാരെല്ലാം നിവേദനം ചെയ്യുന്നു. സുവൈദുബിന് ഖൈസ്(റ) പറഞ്ഞു. ഞാനും മഖ്റൂമത്തുൽ അബ്ദി(റ)യും യമനിലെ ഹജറിൽ നിന്നുള്ള വസ്ത്രവുമായി മദീനയിലേക്ക് വന്നു. തിരുനബിﷺ നടന്നു പോവുകയായിരുന്നു. ഞങ്ങളെ കണ്ടുമുട്ടുകയും വിൽക്കാനുള്ള വസ്ത്രത്തിന്റെ വില പറയുകയും ചെയ്തു. തിരുനബിﷺ ഒരു സൽവാർ വാങ്ങുകയും അതിനു വില നൽകുകയും ചെയ്തു. വില തൂക്കിയെടുത്തപ്പോൾ അല്പം മിച്ചം തൂക്കിയെടുത്തോളാൻ തിരുനബിﷺ പറഞ്ഞു.
അന്ന് വില തൂക്കിയെടുക്കുന്ന സമ്പ്രദായമായിരുന്നു ഉണ്ടായിരുന്നത്. തിരുനബിﷺ സ്വഹാബികളോട് വ്യാപാര വ്യവഹാരങ്ങളിൽ ഇടപെട്ടു എന്നും കച്ചവടക്കാരോട് ക്ഷേമകരമായി പെരുമാറി എന്നുമാണ് ഈ അധ്യായം നമുക്ക് നൽകുന്ന പാഠം.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മദീനയിലേക്ക് വന്ന ഒട്ടകങ്ങളെ വാങ്ങി. അതിൽ ലാഭം ലഭിച്ചു. അതുകൊണ്ട് അബ്ദുൽ മുത്തലിബ് കുടുംബത്തിലെ വിധവകൾക്ക് ധർമം ചെയ്തു.
ലാഭകരമായി കച്ചവടം ചെയ്യുന്നതും ലഭിച്ച സമ്പത്തിൽ നിന്ന് ദാനം ചെയ്യുന്നതും തിരുനബിﷺ പ്രായോഗിക ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരികയായിരുന്നു. അവിടുത്തെ വ്യാപാരവും വ്യവഹാരവും ഭൗതികമായ താല്പര്യങ്ങൾ കൊണ്ടോ സമ്പത്തിനോടുള്ള പ്രതിപത്തി കൊണ്ടോ ആയിരുന്നില്ല. എന്നാൽ അനുവദിക്കപ്പെട്ട വ്യാപാരവും അതിന്മേൽ ലാഭം നേടുന്നതും മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തിരുനബിﷺ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഞാൻ എൻ്റെ പിതാവിൻ്റെ ഒരു ചെറിയ ഒട്ടകപ്പുറത്തായിരുന്നു. യാത്രക്കിടയിൽ അതനുസരിക്കുന്നുണ്ടായില്ല. പലപ്പോഴും ഉമർ(റ) അതിനെ വിരട്ടി നോക്കി. അല്പം കഴിയുമ്പോൾ വീണ്ടും ഒട്ടകം പഴയ പടിയാവും. ഇതു കണ്ട തിരുനബിﷺ പറഞ്ഞു. ആ ഒട്ടകത്തെ ഇങ്ങ് വിറ്റ്കൊള്ളൂ. അതെ, അവിടുത്തേക്ക് തന്നിരിക്കുന്നു പ്രവാചക പ്രഭോﷺ. ഉമർ(റ) ഉടനടി പറഞ്ഞു. തിരുനബിﷺ അതിനെ വാങ്ങിയിട്ട് അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് പറഞ്ഞു. ഇതാ ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു. ഇഷ്ടമുള്ള പ്രകാരം ഇതിനെ കൊണ്ടുനടന്നോളൂ.
തിരുനബിﷺയുടെ ഒരിടപാടിന്റെ രംഗമാണ് ഈ ഹദീസ് നമുക്ക് പരിചയപ്പെടുത്തിയത്.
