
ദുൽഹജ്ജ് പത്തിന് സുബ്ഹി ആകുന്നതുവരെ ഞങ്ങൾ മുസ്ദലിഫയിൽ കഴിഞ്ഞുകൂടി. ബാങ്കും ഇഖാമത്തും കൊടുത്തു സ്വഹാബികളെയും കൂട്ടി നബിﷺ സുബ്ഹി നിസ്കരിച്ചു. ശേഷം തിരുനബിﷺ ഒട്ടകപ്പുറത്ത് കയറി മശ്അറുൽ ഹറാമിലേക്ക് വന്നു. അവിടെ നിന്നു കൊണ്ട് ഖിബ്‌ലക്കഭിമുഖമായി ദീർഘനേരം പ്രാർഥിച്ചു. അല്ലാഹുവിനെ വാഴ്ത്തുകയും തക്ബീർ അഥവാ അല്ലാഹു അക്ബർ ചൊല്ലിക്കൊണ്ടിരുന്നു. സൂര്യനുദിക്കുന്നതിനു മുൻപ് വെളിച്ചം നന്നായി പരക്കുന്നതുവരെ പ്രാർഥനയിൽ തന്നെ കഴിഞ്ഞു. മശ്അറുൽ ഹറാമിൽ നിൽക്കുമ്പോൾ നബിﷺ സ്വഹാബിമാരോട് പറഞ്ഞു. “ഞാൻ ഇവിടെ നിന്നു. നിങ്ങൾക്ക് മുസ്ദലിഫയിൽ എവിടെയും നിൽക്കാവുന്നതാണ്.” ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.
മുസ്ദലിഫയിൽ നിന്നും മിനായിലേക്കുള്ള യാത്രയിലാണ് തിരുനബിﷺ എറിയാനാവശ്യമായ കല്ലുകൾ പെറുക്കി എടുത്തത്. ഇമാം അഹ്മദ്(റ), ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ബലിപെരുന്നാൾ ദിവസം രാവിലെ മുസ്ദലിഫയിൽ വച്ച് തിരുനബിﷺ എന്നോട് പറഞ്ഞു. വരൂ എനിക്ക് കല്ല് പെറുക്കിത്തരൂ. ഞാൻ നബിﷺക്കാവശ്യമായ കല്ലുകൾ എടുത്തു കൊടുത്തു. നബിﷺ അവകൾ കയ്യിൽ വാങ്ങി വെച്ചു കൊണ്ട് പറഞ്ഞു. ശരി. ഇത്തരം കല്ലുകൾ കൊണ്ടാണ് എറിയേണ്ടത്. മതകാര്യങ്ങളിൽ അതിരു കവിയുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. മതത്തിൽ അതിരു കവിഞ്ഞതാണ് ഗതകാല സമൂഹങ്ങൾ നശിച്ചു പോകാൻ കാരണമായത്.
സൂര്യൻ ഉദിക്കുന്നതിനു മുമ്പു തന്നെ തിരുനബിﷺ മുസ്ദലിഫയിൽ നിന്ന് പുറപ്പെട്ടു. മക്കയിലെ ബഹുദൈവ വിശ്വാസികളിൽ നിന്ന് വിപരീതമായ രീതിയായിരുന്നു അത്. അവർ ഹജ്ജ് നിർവഹിക്കുമ്പോൾ സൂര്യനുദിച്ചതിനു ശേഷമല്ലാതെ മുസ്ദലിഫയിൽ നിന്നും പുറപ്പെടാറുണ്ടായിരുന്നില്ല. തിരുനബിﷺയുടെ പിറകിൽ ഇബ്നു അബ്ബാസും(റ) ഉണ്ടായിരുന്നു. ബഹുമാനപ്പെട്ടവർ പറഞ്ഞതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഒരു സ്ത്രീ വന്നു തിരുനബിﷺയോട് ചോദിച്ചു. എന്റെ ഉമ്മ ഹജ്ജ് ചെയ്യാൻ നേർച്ച നേർന്നിരുന്നു. പക്ഷെ ഉമ്മ മരണപ്പെട്ടുപോയി. എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ ഹജ്ജ് ചെയ്യാൻ പറ്റുമോ? ഉമ്മാക്ക് വേണ്ടി നിങ്ങൾ ഹജ്ജ് ചെയ്തു കൊള്ളുക. തിരുനബിﷺ പ്രതികരിച്ചു. നിങ്ങളുടെ ഉമ്മാക്ക് കടം ഉണ്ടെങ്കിൽ ആ കടം നിങ്ങൾ വീട്ടുന്നതല്ലേ? അവർ പറഞ്ഞു, അതെ. എങ്കിൽ അല്ലാഹുവിനുള്ളതും അഥവാ നേർച്ച നേർന്നതും നിങ്ങൽ വീട്ടിക്കൊള്ളുക. വീടാൻ ഏറ്റവും അർഹതപ്പെട്ടത് അല്ലാഹുവിനോടുള്ള ബാധ്യതയാണ്.
തുടർന്നുള്ള ഭാഗം ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. വളരെ അവധാനതയോടെയും ശാന്തതയോടെയുമായിരുന്നു തിരുനബിﷺ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ വാദിയ മുഹസ്സർ എത്തിയപ്പോൾ നടത്തത്തിന് അല്പം വേഗത കൂട്ടി. മഹസ്സർ താഴ്‌വര കഴിഞ്ഞപ്പോൾ മിനായിൽ എറിയുവാനുള്ള കല്ലുകൾ എടുത്തുകൊള്ളാൻ സ്വഹാബികളോട് തിരുനബിﷺ നിർദേശിച്ചു.
ഇമാം ബുഖാരി(റ)യുടെ നിവേദന തുടർച്ച ഇങ്ങനെയാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു. മിനായിൽ എത്തുന്നതുവരെ തിരുനബിﷺ തൽബിയത്ത് ചൊല്ലിക്കൊണ്ടേയിരുന്നു. ആ സമയത്ത് ഇബ്നു അബ്ബാസി(റ)നെ നബിﷺ പിറകിൽ നിർത്തിയിരുന്നു. മിനായിൽ നിന്ന് വരുമ്പോൾ മൂന്നാമത്തെ ജംറ അഥവാ ജംറതുൽ അഖബയിലെത്തിയപ്പോൾ നബിﷺ താഴ്‌വരയുടെ താഴ്ഭാഗത്തു നിന്നു. കഅ്ബയെ ഇടതുവശത്തും മിനാ വലതു ഭാഗത്തുമാക്കി ജംറക്ക് അഭിമുഖമായി നബിﷺ നിന്നു. ഒട്ടകപ്പുറത്ത് തന്നെയിരുന്നു ചെറിയ ഏഴ് കല്ലുകൾ കൊണ്ട് തക്ബീർ ചൊല്ലി ജംറകളിലേക്ക് എറിഞ്ഞു. ദുൽഹജ്ജ് 10 പെരുന്നാൾ ദിവസത്തിലെ ഹജ്ജുമായി ബന്ധപ്പെട്ട ആദ്യത്തെ കർമമായിരുന്നു ഇത്.
