Tweet 1111

    Tweet 1111
    June 29, 2025 • Sunday
    Post Header

    ഹജ്ജ് നിർവഹണ വേളയിൽ തിരുനബിﷺയുടെ കർമങ്ങളുടെ തുടർച്ച ഇമാം ബുഖാരി(റ) ഇങ്ങനെ പഠിപ്പിക്കുന്നു. നടന്നു കൊണ്ട് നബിﷺ കഅ്ബയെ പ്രദക്ഷിണം ചെയ്തു. ആദ്യത്തെ മൂന്ന് ചുറ്റ്, കാലുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുന്ന റംല് രീതിയിലും ബാക്കിയുള്ള നാല് ചുറ്റ് സാധാരണ നടത്തത്തിലും പൂർത്തീകരിച്ചു. ഓരോ നടത്തത്തിലും ഹജറുൽ അസ്‌വദിനെയും റുക്നുൽ യമാനിയേയും സ്പർശിക്കുന്നുണ്ടായിരുന്നു. ചുമലിലുണ്ടായിരുന്ന മുണ്ടു കൊണ്ട് ഇള്ത്വിബാഅ് അഥവാ മേൽ മുണ്ടിന്റെ ഇടതു ഭാഗം ചുമലിനു മുകളിലൂടെയും വലതുഭാഗം വലതുകക്ഷത്തിന് അടിയിലൂടെയും ധരിക്കുന്ന രീതിയിൽ അണിഞ്ഞു. മുണ്ടിന്റെ രണ്ടറ്റങ്ങളും ഇടതു ചുമലിലായിരുന്നു ഉണ്ടായിരുന്നത്. ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് എത്തുമ്പോഴെല്ലാം ജനങ്ങളുടെ ആധിക്യം അവിടെ ഉണ്ടായിരുന്ന കാരണത്താൽ തന്റെ കൈയിലുള്ള വടി കൊണ്ടോ അല്ലെങ്കിൽ കൈ കൊണ്ടോ സ്പർശിക്കുകയും എന്നിട്ട് അതിൽ ചുംബിക്കുകയും ചെയ്തു. ആദ്യത്തെ മൂന്ന് ചുറ്റ് റംല് നടത്തുമ്പോഴും റുക്നുൽ യമാനിക്കും ഹജറുൽ അസ്‌വദിനും ഇടക്ക് നടക്കുവാൻ തിരുനബിﷺ കൽപ്പിച്ചു.
    ഹജറുൽ അസ്‌വദിന്റെയും റുക്നുൽ യമാനിയുടെയും ഇടയിൽ “റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍.”എന്ന സവിശേഷമായ പ്രാർഥന തിരുനബിﷺയുടെ പതിവായിരുന്നു. ത്വവാഫിൽ നിന്നും വിരമിച്ച ശേഷം മഖാമു ഇബ്റാഹീമിന്റെ പിറകിൽ ചെന്ന് സൂറത്തുൽ ബഖറയിലെ 125 ആം സൂക്തം പാരായണം ചെയ്തു. ഇബ്രാഹിം നബി(അ) നിസ്കരിച്ച സ്ഥലത്ത് നിങ്ങളും നിസ്കരിക്കൂ എന്നാശയമാണ് ആ സൂക്തം പങ്കുവെക്കുന്നത്. ശേഷം, അവിടെ വച്ച് രണ്ടു റക്അത്തു നിസ്കരിച്ചു. അപ്പോൾ നബിﷺയുടെയും കഅ്ബയുടെയും ഇടയിലായിരുന്നു മഖാമു ഇബ്റാഹീം ഉണ്ടായിരുന്നത്.
    വീണ്ടും തിരുനബിﷺ ഹജറുൽ അസ്‌വദിന്റെ അടുത്തേക്ക് തന്നെ വന്നു. സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ത്വവാഫ് നിർവഹിച്ചതിനു ശേഷം ഹജറുൽ അസ്‌വദിന്റെ നേരെയുള്ള വാതിലിലൂടെ സ്വഫ കുന്നിലേക്ക് കയറി. അടുത്തെത്തിയപ്പോൾ വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറയിലെ 158ആം സൂക്തം പാരായണം ചെയ്തു. പ്രസ്തുത സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെയാണ്. “തീര്‍ച്ചയായും സ്വഫായും മര്‍വയും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളിൽ പെട്ടതാകുന്നു. കഅ്ബയിൽ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ വലയം വെച്ചു നടക്കുന്നതില്‍ പന്തികേടൊന്നുമില്ല. ആരെങ്കിലും സ്വയം സന്നദ്ധനായി സല്‍കര്‍മം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞതയുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
    ‘ഫലാ ജുനാഹ’ പ്രയോഗത്തിനാണ് പന്തികേടില്ല എന്നർഥം കൽപ്പിച്ചിരിക്കുന്നത്. എന്നാൽ സ്വഫാ, മർവ എന്നീ കുന്നുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഏഴു പ്രാവശ്യം നടക്കുക എന്ന സഇയ്യ് കർമം ഹജ്ജിന്റെയും ഉംറയുടെയും നിർബന്ധമായ അനുഷ്ഠാനമാണ്. അല്ലാഹു ആദ്യം പറഞ്ഞ സ്ഥലത്തുനിന്ന് ഞാൻ തുടങ്ങട്ടെ എന്ന് പറഞ്ഞുകൊണ്ട് സഫയിൽ നിന്നാണ് തിരുനബിﷺ സഇയ്യ് ആരംഭിച്ചത്. എല്ലാ തീർഥാടകരും ഇന്നും അങ്ങനെയാണ് നിർവഹിക്കുന്നതും നിർവഹിക്കേണ്ടതും.
    ഇവിടെയെല്ലാം തിരുനബിﷺ സവിശേഷമായ പ്രാർഥനകൾ നിർവഹിച്ചു. എല്ലാ പ്രാർഥനകളുടെയും ഉള്ളടക്കം അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തുന്നതും അവൻ്റെ അധികാരത്തെ പുകഴ്ത്തി പറയുന്നതും അവൻ്റെ കാരുണ്യത്തെ തേടുന്നതുമായിരുന്നു. ഈ കർമങ്ങളെല്ലാം തിരുനബിﷺ നിർവഹിച്ചത് സ്വഹാബികളോടൊപ്പമായിരുന്നു. എന്റെ നടപടികളിൽ നിന്നും നിങ്ങൾ ആരാധനാക്രമങ്ങളെ സ്വീകരിക്കൂ എന്ന പൊതുവായ നിർദ്ദേശത്തിൽ സ്വഹാബികൾ തിരുനബിﷺയിൽ നിന്ന് കർമങ്ങളെ പകർത്തിയെടുത്തു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...