
റമളാൻ മാസം സമാഗതമായാൽ സവിശേഷമായ പുണ്യകർമങ്ങളിൽ തിരുനബിﷺ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മഹാനവർകൾ പറഞ്ഞു. റമളാനായാൽ അവിടുന്ന് എല്ലാ ബന്ധികളെയും മോചിപ്പിക്കും, ചോദിക്കുന്നവർക്കൊക്കെ നൽകുകയും ചെയ്യും.
പുണ്യമാസത്തെയും ദിവസങ്ങളെയും മഹത്വം കൽപ്പിച്ചും ബഹുമാനിച്ചും തിരുനബിﷺ സ്വീകരിച്ചിരുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഈ ഹദീസ് നാം വായിച്ചത്.
ഇസ്‌ലാമിലെ എല്ലാ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വ്യവഹാരങ്ങളുടെയും മുഴുവൻ മുഹൂർത്തങ്ങളും അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്താനും പുകഴ്ത്താനുമാണ്. അതുപ്രകാരം തന്നെ റമളാൻ മാസം പിറന്നു എന്നറിഞ്ഞാൽ ഉടനെ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തും. ചന്ദ്രക്കല ദർശിച്ചുകൊണ്ടാണ് മാസപ്രവേശത്തിലേക്ക് വരുന്നതെങ്കിൽ ചന്ദ്രപ്പിറ ദർശിക്കുമ്പോൾ തന്നെ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകളും മന്ത്രങ്ങളുമുണ്ട്. അതിന്റെ മുഴുവനും ആശയം അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തുകയും അല്ലാഹുവിൽ നിന്ന് മനുഷ്യന് ലഭിക്കേണ്ട ശാന്തിയും സമാധാനവും അർപ്പിക്കുകയും ചെയ്യുക എന്നതാണ്.
മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളെ പരിഗണിക്കുകയും മനുഷ്യബുദ്ധിയാൽ ആരാധനാ ചിട്ടകളെ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു എന്നത് ഇസ്‌ലാമിക വ്യവസ്ഥിതിയുടെ അത്ഭുതകരമായ ഒരു സൗന്ദര്യമാണ്. അതുകൊണ്ടുതന്നെ ശഅ്ബാൻ 29ന് ചന്ദ്രോദയം ദർശിച്ചു എന്ന് സ്ഥിരപ്പെടുത്താൻ നീതിമാനായ ഒരു മനുഷ്യന്റെ സാക്ഷ്യം പരിഗണിക്കും. അതടിസ്ഥാനത്തിൽ അദ്ദേഹത്തെ സ്വീകരിക്കുന്നവരും പ്രദേശത്തുള്ളവരും പുണ്യ മാസത്തെ വരവേൽക്കും. പ്രകൃതിയുടെ ഗതികളോട് ചേർന്ന് കിടക്കുന്ന വ്യവസ്ഥിതി എന്ന നിലയിൽ ഓരോ മാസവും ചന്ദ്രപ്പിറവി ദർശിക്കുകയോ മാസം 30 പൂർത്തിയാവുകയോ ചെയ്യുമ്പോൾ മാത്രമാണ് അടുത്തമാസം പിറന്നതായി പരിഗണിക്കുക. സൂര്യ ചന്ദ്രാദികളുടെ ഉദയാസ്തമനങ്ങൾക്ക് പരിസരത്തോടും മനുഷ്യ ശരീരത്തോടും തന്നെ വിവിധങ്ങളായ രീതിയിൽ ബന്ധങ്ങളുണ്ട്. ഋതുഭേദങ്ങൾ മുഴുവനും ഉൾക്കൊണ്ടു കൊണ്ടുള്ള സമീപനങ്ങളാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്.
ഉദയാസ്തമനങ്ങളോട് ചേർന്നുനിന്നു കൊണ്ടാണല്ലോ വ്രതാനുഷ്ഠാനത്തിന്റെ ആരംഭവും അവസാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനുഷ്യൻ അവൻ്റെ ആത്മാവിലും ശരീരത്തിലും ചില മൂല്യങ്ങൾക്ക് വേണ്ടി നിയന്ത്രണം നടത്താൻ നിർബന്ധിതനാകുന്നു എന്നു വരുമ്പോൾ അവൻ അതിന് വിധേയപ്പെടുന്നു. മാറ്റങ്ങൾ സാധ്യമല്ലെന്ന് പറയുന്ന പലർക്കും ഇത്തരം അനുശീലനങ്ങൾ കൊണ്ട് ജീവിതഗതിയെ നേർവഴിക്ക് കൊണ്ടുവരാനും ലക്ഷ്യങ്ങളിലേക്ക് നയിക്കാനുമാകും. വ്രതമാസം ഒരു പരിശീലന മാസമാണ്. മനുഷ്യൻ അവനെത്തന്നെ നിയന്ത്രിക്കാൻ സ്വയം പരിശീലനം നേടിയെടുക്കുന്ന കാലം. നേടിയെടുത്ത നന്മകളെയും ഗുണങ്ങളെയും മൂല്യങ്ങളെയും വർഷത്തിലേക്ക് മുഴുവനും പ്രയോഗിക്കുക എന്നത് അവൻ്റെ പ്രതിജ്ഞയും ഉത്തരവാദിത്വവുമായിരിക്കണം. അതിനാവശ്യമായ ഉൽബോധനങ്ങളും തിരുനബിﷺ നൽകിയിട്ടുണ്ട്.
ഞാൻ നിനക്ക് വേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുന്ന മനുഷ്യൻ അവന്റെ ജീവിതത്തെ അല്ലാഹുവോട് ചേർത്തുവെക്കുന്നു. വൈകുന്നേരം നോമ്പുതുറന്ന് ആദ്യത്തെ ഈത്തപ്പഴം അല്ലെങ്കിൽ വെള്ളം കുടിക്കുമ്പോൾ അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പനുഷ്ഠിച്ചു, നീ തന്ന വിഭവം കൊണ്ട് ഞാൻ നോമ്പുതുറന്നു എന്ന് പറയുകയും മനസ്സിൽ കരുതുകയും ചെയ്യും. ഈ രണ്ടു മന്ത്രങ്ങൾക്കും വിചാരങ്ങൾക്കും മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് അവൻ തന്നെ തിരിച്ചറിയുന്നു എന്ന വലിയ അർഥതലങ്ങളുണ്ട്.
