Tweet 1072

    Tweet 1072
    May 21, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ നിസ്കാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഗ്രഹണ നിസ്കാരത്തെ കുറിച്ച് കൂടി നമുക്ക് അറിയാനുണ്ട്. തിരുനബിﷺയുടെ ജീവിതത്തിലെ ഒരു അധ്യായത്തിൽ നിന്ന് നമുക്ക് ഈ നിസ്കാരം പരിചയപ്പെടാം.
    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുഗീറ ബിൻ ശുഅ്ബ(റ) പറഞ്ഞു. തിരുനബിﷺയുടെ പുത്രന്‍ ഇബ്രാഹീം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണമുണ്ടായി. ഇബ്രാഹീം മരണപ്പെട്ടത് കൊണ്ടാണ് സൂര്യഗ്രഹണമുണ്ടായതെന്ന് ജനങ്ങള്‍ പറയാൻ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബിﷺ പ്രഖ്യാപിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടെയെങ്കിലും ജനന മരണങ്ങൾ കൊണ്ട് അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അവയുടെ ഗ്രഹണം ദർശിച്ചാൽ അത് അവസാനിച്ചെന്ന് വ്യക്തമാകുന്നത് വരെ നിങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുകയും നിസ്കരിക്കുകയും ചെയ്യുക.
    ഇമാം ബുഖാരി(റ) തന്നെ അബൂബക്കറി(റ)ൽ നിന്നും നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇങ്ങനെയാണ്. നബിﷺ പ്രസ്താവിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണം കാരണം അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. എന്നാല്‍, അല്ലാഹു അതുകൊണ്ട് തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്.
    ഭയപ്പെടുത്തുക എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് കൃത്യമായ ജാഗ്രതയും ഉണർവും ഉണ്ടാകണമെന്നാണ് നിരന്തരമായി നബിﷺ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നത്. പ്രമുഖരായ ആരെങ്കിലും മരണപ്പെടുന്നത് കൊണ്ടാണ് സൂര്യചന്ദ്രാദികൾക്ക് ഗ്രഹണമുണ്ടാകുന്നത് എന്ന തെറ്റായ ഒരു വിശ്വാസം അവർക്കിടയിലുണ്ടായിരുന്നു. അത് ഏറ്റവും ഉചിതമായ സമയത്ത് തന്നെ തിരുനബിﷺ തിരുത്തുകയും അവിടുത്തെ പ്രിയപ്പെട്ട മകന്റെ വിയോഗം കൊണ്ടാണെന്ന പ്രചാരണം തടസ്സപ്പെടുത്തുകയും ചെയ്തു.
    ഗ്രഹണം കഴിയുന്നതുവരെ നിസ്കാരത്തിൽ കഴിഞ്ഞുകൂടണം എന്ന് പറയുന്നതിന്റെ താല്പര്യം അല്ലാഹു പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങൾ ഒരുപക്ഷേ അടിമകളെ ശിക്ഷിക്കാൻ വേണ്ടിയുമായിരിക്കാം. പ്രാപഞ്ചിക പ്രതിഭാസങ്ങളിലൂടെ ശിക്ഷിക്കപ്പെട്ട ഒരുപാട് ജനതകളുടെ കഥ ഖുർആൻ തന്നെ പരാമർശിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ഗ്രഹണത്തിന്റെ മുഴുവൻ സമയവും അല്ലാഹുവിനെ സ്മരിച്ചും അവനോട് പാപമോചനം തേടിയും കഴിഞ്ഞുകൂടണമെന്നാണ് തിരുനബിﷺ പഠിപ്പിച്ചത്. ഇമാം ബുഖാരി(റ)യിൽ നിന്ന് നേരത്തെ ഉദ്ധരിച്ച അതേ ആശയത്തിൽ തന്നെ ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്.
    അബൂ മസ്ഊദ് അല്‍ അന്‍സ്വാരി(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. “സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അവ ദര്‍ശിക്കുന്ന പക്ഷം അത് നീക്കപ്പെടുന്നത് വരെ നിങ്ങള്‍ നിസ്കരിക്കുകയും പ്രാർഥനയിൽ കഴിയുകയും ചെയ്യുക.
    ഗ്രഹണ നിസ്കാരത്തെ തുടർന്ന് തിരുനബിﷺ നിർവഹിച്ച ഖുതുബയിൽ പ്രധാനമായും പറഞ്ഞ ഒരു ആശയം ഇപ്രകാരമാണ്.
    അല്ലയോ മുഹമ്മദ് നബിﷺയുടെ സമുദായമേ, അല്ലാഹു സത്യം! തന്റെ ദാസൻ വ്യഭിചരിക്കുന്നതിനോട് അല്ലെങ്കിൽ തന്റെ ദാസി വ്യഭിചരിക്കുന്നതിനോട് അല്ലാഹുവിനേക്കാൾ കൂടുതൽ രോഷം കൊള്ളുന്ന മറ്റാരുമില്ല. മുഹമ്മദ് നബിﷺയുടെ സമുദായമേ, അല്ലാഹു സത്യം! ഞാൻ അറിയുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ വളരെ കുറച്ചു മാത്രം ചിരിക്കുകയും ഏറെ കരയുകയും ചെയ്യുമായിരുന്നു. ഇമാം ബുഖാരി(റ) തന്നെയാണ് ഇക്കാര്യവും നിവേദനം ചെയ്തത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...