Tweet 1065

    Tweet 1065
    May 14, 2025 • Wednesday
    Post Header

    സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞത് മുതൽ ളുഹർ വാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ളുഹാ നിസ്കാരം നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്.
    സൂര്യൻ ഉദിച്ചു അല്പം ഉയർന്നാൽത്തന്നെ ളുഹാ നിസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും, ഒന്നുകൂടി വെയിൽ തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നിസ്കാരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്ന് ഇമാം നവവി(റ) തന്റെ ശറഹ് മുസ്‌ലിമിൽ വിശദീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ളുഹാ നിസ്കരിക്കുന്നതിനെയാണ് അവ്വാബീങ്ങളുടെ അഥവാ പാപങ്ങളിൽ നിന്ന് സദാ പശ്ചാത്തപിക്കുന്നവരുടെ നിസ്‌കാരം എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. സൂര്യോദയത്തിന് ശേഷം നബിﷺ ഖുബാ പള്ളിയിലേക്ക് വരികയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവിടെയുള്ളവർ നിസ്കരിക്കുകയായിരുന്നു. അവരോട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അവ്വാബീൻ നിസ്കാരം അഥവാ പശ്ചാത്തപിക്കുന്നവരുടെ നിസ്കാരം അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്.
    തിരുനബിﷺ യാത്രയിലും അല്ലാത്തപ്പോഴും വളരെ പ്രാധാന്യത്തോടുകൂടി ളുഹാ നിസ്കരിച്ച ഹദീസുകൾ ഏറെയുണ്ട്. എന്നാൽ, ചില സന്ദർഭങ്ങളിൽ ഒഴിവാക്കിയതും പ്രാധാന്യത്തോട് കൂടി തന്നെ ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. ളുഹാ നിസ്കാരം ഐച്ഛികമാണെന്ന് പഠിപ്പിക്കാനും നിർബന്ധ നിസ്കാരത്തിൽ നിന്ന് വേർതിരിച്ചു നിർത്താനുമായിരിക്കണം അങ്ങനെ ഒരു സമീപനം വളരെ പ്രാധാന്യത്തോടെ തന്നെ ഹദീസ് പണ്ഡിതന്മാർ എടുത്തുദ്ധരിച്ചത്.
    സ്വർഗ്ഗീയ കവാടങ്ങളിൽ ഒന്നിന്റെ പേര് ളുഹാ എന്നാണെന്നും പതിവായി നിസ്കാരം നിർവഹിക്കുന്നവരെ പ്രസ്തുത കവാടത്തിലൂടെ ക്ഷണിക്കപ്പെടുമെന്നും മഹാനായ സ്വഹാബി അബൂ ഹുറൈറ(റ)യിൽ നിന്ന് ഒരു ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരുടെ നിരീക്ഷണത്തിൽ സ്വീകാര്യമായ ഹദീസല്ലെങ്കിലും മഹത്വം വിശദീകരിക്കുന്ന അധ്യായത്തിൽ പല ഇമാമുകളും അത് എടുത്തുദ്ധരിച്ചിട്ടുണ്ട്. അനുഷ്ഠാനങ്ങളുടെ മഹത്വങ്ങൾ പറയാൻ കർമങ്ങളോ വിധിവിലക്കുകളോ സ്ഥിരപ്പെടുത്തുന്ന അത്രയും പ്രബലമായ ഹദീസുകൾ വേണ്ടതില്ലല്ലോ എന്ന അടിസ്ഥാനത്തിൽ നിന്ന് കൊണ്ടായിരിക്കണം അങ്ങനെ ഉദ്ധരിച്ചിട്ടുള്ളത്.
    പ്രാഥമികമായി രണ്ട് റക്അത്ത് ആണെന്നും പരമാവധി 8 റക്അത്താണെന്നും അതല്ല 12 റക്അത്ത് ആണെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, ഹാഫിള് സൈനുദ്ദീൻ അൽ ഇറാഖി(റ) അദ്ദേഹം തുർമുദിക്ക് എഴുതിയ വ്യാഖ്യാനത്തിൽ ഇങ്ങനെ പറയുന്നുണ്ട്. സ്വഹാബികളിൽ ഒരാളിൽ നിന്നെങ്കിലുമോ ഇമാം ശാഫിഈ(റ), ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) തുടങ്ങിയ മദ്ഹബിന്റെ ഇമാമുകളിൽ നിന്നോ ളുഹാ നിസ്കാരം പരമാവധി പന്ത്രണ്ട് റക്അത്താണെന്ന് ക്ലിപ്തപ്പെടുത്തിയതായി കണ്ടിട്ടില്ല. അങ്ങനെ ഒരു നിർണയം ഇമാം റുഇയാനി(റ)യിൽ നിന്നാണ് ഉദ്ധരിച്ചു വന്നിട്ടുള്ളത്. പ്രസ്തുത അഭിപ്രായത്തോട് ഇമാം റാഫിഈ(റ), ഇമാം നവവി(റ) എന്നിവർ തുടരുകയായിരുന്നു.
    ശാഫിഈ കർമശാസ്ത്രത്തെ അനുകരിക്കുന്നവർ മദ്ഹബിലെ അഭിപ്രായങ്ങളെയാണ് പ്രബലമായി കാണേണ്ടതും അനുകരിക്കേണ്ടതും. വിശാലമായ വൈജ്ഞാനിക ചർച്ചകളിൽ എല്ലാ ഇമാമുകളെയും ഹദീസുകളിൽ നിന്ന് കണ്ടെത്തിയ വീക്ഷണങ്ങളെയും വിശദമായി തന്നെ ചർച്ചയ്ക്ക് എടുത്തെന്നുവരും. പ്രസ്തുത ചർച്ചകളുടെ എല്ലാം തുടർച്ചക്ക് ശേഷമാണ് ഇമാം നവവി(റ)യെ പോലെയുള്ളവർ മതവിധികൾ നിർണയിച്ചിട്ടുള്ളത്. അവർ മദ്ഹബിലെ ഗവേഷകരാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...