Tweet 1035

    Tweet 1035
    April 14, 2025 • Monday
    Post Header

    രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാത്വിലാകുന്ന കാര്യം മറന്ന് ചെയ്യുക. മറന്നുകൊണ്ടുള്ള കുറഞ്ഞ സംസാരം. അല്ലെങ്കില്‍, ഫിഅ്‍ലിയ്യായ അഥവാ കർമപരമായ ഒരു ഫർളിനെ മറന്ന് അധികരിപ്പിക്കുക. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാത്വിലാകും. എന്നാല്‍, മറന്ന് ചെയ്താല്‍ ബാത്വിലാകില്ല. പക്ഷെ, അവന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ സുജൂദോ നിർദ്ദേശിക്കപ്പെട്ടതിലും അപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വ്വമാണെങ്കില്‍ നിസ്കാരം ബാത്വിലാകുന്നതും മറന്ന് കൊണ്ടാണെങ്കില്‍ ബാത്വിലാകുന്നതുമല്ല. എങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താകുന്നതാണ്.

    എന്നാല്‍, നിസ്കാരത്തില്‍ തിരിഞ്ഞ് നോക്കല്‍ പോലെയുള്ള, മനപ്പൂര്‍വ്വം ചെയ്താലും മറന്നു ചെയ്താലും ബാത്വിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല. പക്ഷെ, നിസ്കാരത്തില്‍ ചൊല്ലേണ്ട നിര്‍ബന്ധമോ സുന്നത്തോ ആയ സൂറത്തുകളും ദിക്റുകളും മറ്റും അതിന്‍റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വ്വമാണെങ്കില്‍ പോലും നിസ്കാരം ബാത്വിലാകുന്നില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. തക്‍ബീറതുല്‍ ഇഹ്റാമും സലാം വീട്ടലും ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അവ മനപ്പൂര്‍വ്വം ചൊല്ലിയാല്‍ നിസ്കാരം ബാത്വിലാകുന്നതും മറന്ന് ചെയ്താല്‍ നിസ്കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുമാണ്.

    മൂന്ന്, റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ള കർമപരമായ ഫർളുകൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തോട് കൂടി ചെയ്യുക. ഇത്തരം സന്ദർഭങ്ങളിൽ സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. ഒരാള്‍ സുജൂദ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാല്‍ അതിനെ ഒന്ന് കൂടി നിർവഹിക്കുകയും സഹ്‍വിന്‍റെ സുജൂദ് ചെയ്യുകയും വേണം. ഒരാള്‍ നിസ്കാരത്തിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞ എണ്ണം പരിഗണിക്കുകയും സുജൂദ് ചെയ്യുകയും വേണം. നാല് റക്അതുകളുള്ള നിസ്കാരത്തില്‍ മൂന്നാമത്തേതാണോ നാലമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുകയും അങ്ങനെ നാല് റക്അതുകള്‍ പൂര്‍ത്തിയാക്കി സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. നാലമത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലമത്തേതാണെന്ന് പരിഗണിച്ച് നിസ്കാരം പൂര്‍ത്തിയാക്കുകയും സുജൂദ് ചെയ്യുകയും വേണം.

    ഇമാമിന്‍റെ പിന്നില്‍ നിന്ന് നിസ്കരിക്കുന്ന മഅ്മൂം അയാളുടെ സ്വന്തം മറവിക്ക് വേണ്ടി സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്‍റെ പക്കലില്‍ നിന്നും ഉണ്ടായത് ശ്രദ്ധയില്‍ പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

    ഹനഫീ മദ്ഹബ്കാരനായ ഇമാമിന്‍റെ പിന്നില്‍ നിന്ന് സുബ്ഹി നിസ്കരിക്കുന്ന ശാഫിഈ മദ്ഹബ്കാരനായ മഅ്മൂം ഖുനൂത് ഓതിയാലും ഇല്ലെങ്കിലും, ആ ഇമാം ഖുനൂത് ഓതിയില്ലെങ്കില്‍ മഅ്മൂമിന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്.

    സാധാരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്‍റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. എന്നാല്‍ سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو എന്നും ചെല്ലാവുന്നതാണ്.

    നിസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിന്‍റെ തൊട്ട് മുമ്പാണ് സഹ്‍വിന്‍റെ സുജൂദിനുള്ള സമയം. സുജൂദ് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടിയാല്‍ സുജൂദിനുള്ള അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടുകയും ഉടനെ തന്നെ അത് ഓർമ വരികയും ചെയ്താൽ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്.

    സഹ്‍വിന്‍റെ സുജൂദ് സുന്നത്താണെന്നതിനാൽ തന്നെ അത് ചെയ്യാന്‍ മറക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്താല്‍ അടിസ്ഥാനപരമായി നിസ്കാരത്തിൻ്റെ സ്വീകാര്യതയെ ബാധിക്കുകയില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...