
നിസ്കാരത്തിൽ നിർബന്ധമായും നിർവഹിക്കാനുള്ള സുജൂദുകൾക്ക് പുറമേ മറ്റു ചില സന്ദർഭങ്ങളിലെ സുജൂദുകളെ കുറിച്ചും കൂടി നമുക്ക് വായിക്കാറുണ്ട്. മറവി സംഭവിച്ചതിനെ തുടർന്ന് പരിഹാരമായി നിർവഹിക്കുന്ന സുജൂദിനാണ് ‘സുജൂദ് സഹ്‌വ്’ എന്ന് പറയുക. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹ്(റ) പറഞ്ഞു. നബിﷺ ഒരിക്കല്‍ ളുഹ്ര്‍ നിസ്‌കാരം അഞ്ച് റക്അത് നിസ്‌കരിച്ചു. സലാം വീട്ടിയപ്പോള്‍ നിസ്‌കാരത്തിന്റെ റക്അതുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടോ എന്ന് പ്രവാചകനോﷺട് ആരോ ചോദിച്ചു. എന്തേ അങ്ങനെ പറയാന്‍ എന്ന് നബിﷺ അന്വേഷിച്ചപ്പോള്‍, ഇപ്പോള്‍ അഞ്ച് റക്അതാണ് നിസ്‌കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബിﷺ രണ്ട് സുജൂദ് ചെയ്തു.
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) ശറഹു മുസ്ലിമിൽ പറയുന്നു: മാലിക്(റ), ശാഫിഈ(റ), അഹ്മദ്(റ) തുടങ്ങി മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്മാരില്‍ ഭൂരിഭാഗത്തിന്റെ വീക്ഷണത്തിൽ ഈ ഹദീസില്‍ പ്രമാണമുണ്ട്. അവരുടെ മദ്ഹബ് പ്രകാരം, മറന്നുകൊണ്ട് ആരെങ്കിലും തന്റെ നിസ്‌കാരത്തില്‍ ഒരു റക്അത് അധികമായി നിര്‍വഹിച്ചാല്‍ അയാളുടെ നിസ്‌കാരം ബാത്വിലാവുകയില്ല. മാത്രമല്ല, സലാം വീട്ടിയ ശേഷം ഓര്‍മ വന്നാലും അയാളുടെ നിസ്‌കാരം സാധുവായിട്ടു തന്നെ പരിഗണിക്കപ്പെടും. സലാം വീട്ടിയ ഉടനെയാണ് ഓര്‍മ വരുന്നതെങ്കിലും സഹ്‌വിന്റെ സുജൂദ് ചെയ്യാം. എന്നാല്‍ കുറേകഴിഞ്ഞ ശേഷമാണ് ഓര്‍മ വരുന്നതെങ്കില്‍ സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. ശാഫിഈ മദ്ഹബ് പ്രകാരം, മറവി കാരണം നിസ്‌കാരത്തിനിടെ അതില്‍തന്നെ പെടുന്ന കാര്യങ്ങള്‍ അധികമായി സംഭവിച്ചാല്‍ അത് നിസ്‌കാരത്തെ ബാത്വിലാക്കുകയില്ല. അധികം സംഭവിക്കുന്നത് റുകൂഓ സുജൂദോ ഇനി ഒന്നോ അതിലധികമോ റക്അത്തുകള്‍ തന്നെയോ ആയാലും, മറവി മൂലമാണെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ നിസ്‌കാരം സാധുവാകുന്നു. എന്നാല്‍ അഭികാമ്യമെന്ന നിലക്ക് സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതാണ്, നിര്‍ബന്ധം എന്ന നിലക്കല്ല.
നിഹായയിലെ ഒരു വിശദീകരണം കൂടി നമുക്ക് വായിക്കാം. ഇമാം അഞ്ചാമത്തെ റക്അത്തിലേക്ക് നീങ്ങുകയാണ് എന്ന് അറിയാവുന്ന മഅ്മൂമുകള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ഈ ഹദീസ് പ്രകാരം അവര്‍ക്കും ആ ഇളവ് ലഭിക്കില്ലേ എന്ന് ന്യായമായും ഒരാള്‍ക്ക് ചോദിക്കാം. എന്നാല്‍ നബിﷺയുടെ പിന്നില്‍ നിസ്‌കരിച്ചിരുന്ന സ്വഹാബിമാര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. കാരണം വഹ്‌യ് അവതരിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ നിസ്‌കാരം കൂടാനും കുറയാനുമൊക്കെ സാധ്യതയുമുണ്ട്. അതുകൊണ്ടാണ്, ”അല്ലാഹുവിന്റെ റസൂലേﷺ, നിസ്‌കാരത്തില്‍ വര്‍ധനവുണ്ടായോ?” എന്ന് അവര്‍ ചോദിച്ചത്.
നിസ്കാരത്തില്‍ മറവി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി സലാം വീട്ടുന്നതിന് മുമ്പായി ചെയ്യുന്ന രണ്ട് സുജുദുകള്‍ക്കാണ് സഹ്‍വിന്‍റെ സുജൂദ് എന്ന് പറയുന്നത്. എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല. ശാഫിഈ മദ്ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്നത്.
ഒന്ന്, ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണ്ണമായോ ഭാഗിമായോ ഒഴിവാക്കുക. അല്ലെങ്കില്‍, ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിﷺയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. അല്ലെങ്കില്‍, നിസ്കാരത്തിന്‍റെ ഭാഗമായി വരുന്ന ഖുനൂത് അഥവാ സുബ്ഹി നിസ്കാരത്തിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റിലുമുള്ള ഖുനൂത് പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കുക. അല്ലെങ്കില്‍, പ്രസ്തുത ഖുനൂതില്‍ നബിﷺയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നുകൊണ്ടാണെങ്കിലും മനപ്പൂര്‍വ്വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നതാണ്. നിസ്കാരത്തിന്‍റെ ഭാഗമല്ലാത്ത നാസിലത്തിന്‍റെ ഖുനൂത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല, ചെയ്താല്‍ നിസ്കാരം ബാത്വിലാകുന്നതുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
